കെ.സി.ബി.സിയുടെ വര്‍ഷകാല സമ്മേളനം ഇന്നു മുതല്‍
കര്‍ദിനാളിനെതിരായ വ്യാജരേഖ ചര്‍ച്ച ചെയ്യും
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി)യുടെ വര്‍ഷകാല സമ്മേളനം ഇന്നു മുതല്‍ ആറു വരെ കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പി.ഒ.സിയില്‍ നടക്കും. സിറോമലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ രേഖ ചമച്ച സംഭവം സമ്മേളനത്തില്‍ ചര്‍ച്ചയാകും. എറണാകുളം അങ്കമാലി അതിരൂപതയിലെ മുതിര്‍ന്ന വൈദികരായ ഫാ. പോള്‍ തേലക്കാട്ടില്‍, അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, ഫാ. ടോണി കല്ലൂക്കാരന്‍ എന്നിവര്‍ വ്യാജരേഖ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സംഭവവും ചര്‍ച്ചയാകും. കര്‍ദിനാളിനെക്കൂടാതെ ഏതാനും ബിഷപുമാരുടെ പേരുകളും വ്യാജരേഖയില്‍ പരാമര്‍ശിച്ചിച്ചുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം സമ്മേളനം ചര്‍ച ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. വ്യജരേഖ സംഭവം സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.വര്‍ഗീസ് വള്ളിക്കാട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന് ചേരുന്ന സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെ.സി.ബി.സിയുടെയും സംയുക്തയോഗം കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."