സി.ബി.ഐക്കു കുരുക്കിട്ട് കേരളം: കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐ നല്‍കിയ പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ വിവിധ അന്വേഷണങ്ങളുടെ പേരില്‍ കേരളത്തില്‍ വട്ടമിട്ടുപറക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായാണ് കേസുകളെ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളിലും മറ്റും ഇടപെടുന്ന അവസ്ഥക്കെതിരേ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിതന്നെ കടുത്തഭാഷയില്‍ പ്രതികരിച്ചിരുന്നു.
ഇതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച വാഗ്വോദങ്ങള്‍ ഇപ്പോഴും കനക്കുകയാണ്.
അതേ സമയം സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കുന്നതിനു സി.ബി.ഐ നല്‍കിയിട്ടുള്ള പൊതു സമ്മതപത്രം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സി.ബി.ഐ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആയുധമാക്കി മാറ്റുന്നുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്.
ഡല്‍ഹി പൊലിസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് നിലവില്‍വന്ന സി.ബി.ഐക്കു സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കുന്നതിനു പരിമിതിയുണ്ട്. ഇതു മറികടക്കാനാണ് സംസ്ഥാനങ്ങള്‍ പൊതുവായി സമ്മതപത്രം നല്‍കിയിട്ടുള്ളത്. രാഷ്ട്രീയപ്രേരിതമായി സി.ബി.ഐ കേസുകള്‍ ഏറ്റെടുക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പല പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളും ഈ അനുമതി പിന്‍വലിച്ചിരുന്നു.
പൊതു സമ്മതപത്രം ഇല്ലാതാവുന്നതോടെ ഹൈക്കോടതിയുടെ ഉത്തരവോ സംസ്ഥാനത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന്റെ ഉത്തരവോ അനുസരിച്ചു മാത്രമേ സംസ്ഥാനത്തെ കേസുകള്‍ സി.ബി.ഐയ്ക്ക് ഏറ്റെടുക്കാനാവൂ.
ലൈഫ് മിഷന്‍ ഇടപാടില്‍ ക്രമക്കേടു ചൂണ്ടിക്കാട്ടി സി.ബി.ഐ കേസെടുത്തപ്പോള്‍ സംസ്ഥാനം അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ സര്‍ക്കാര്‍ ഏജന്‍സിയായ ലൈഫ് മിഷന് എതിരായ അന്വേഷണം സി.ബി.ഐ സ്റ്റേ ചെയ്തിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."