റെയില്‍വേയിലും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം, വിവാദമായതോടെ സര്‍ക്കുലര്‍ പിന്‍വലിച്ചു
ചെന്നൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇതുസംബന്ധിച്ച ആരോപണം ശരിവയ്ക്കുന്ന വിധത്തില്‍ ദക്ഷിണ റെയില്‍വേയുടെ സര്‍കുലര്‍. സ്റ്റേഷന്‍ ജീവനക്കാരും ട്രെയിന്‍ ഓപ്പറേറ്റര്‍മാരും ഔദ്യോഗിക ആശയവിനിമയത്തിന് ഹിന്ദിയും ഇംഗ്ലീഷും മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നായിരുന്നു സര്‍കുലര്‍. ആശയവിനിമയത്തിന് ഔദ്യോഗികമായ ഭാഷകളായ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കരുതെന്നും നോട്ടീസ് നിര്‍ദേശിക്കുന്നു. എന്നാല്‍, റെയില്‍വേയിലും ഹിന്ദി അടിച്ചേല്‍പ്പിക്കുകയും മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളെ അവഗണിക്കുകയും ചെയ്യുന്ന വിധത്തിലുള്ള സര്‍കുലര്‍ വിവാദമായതോടെ ഇതു പിന്‍വലിച്ചു.
ഈ മാസം 12ന് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചീഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് മാനേജര്‍ ആര്‍. ശിവയുടെ പേരിലാണ് ഇറങ്ങിയിരുന്നത്. സെക്ഷന്‍ കണ്‍ട്രോളര്‍മാര്‍, സ്റ്റേഷന്‍ ജീവനക്കാര്‍, ട്രാഫിക് ഇന്‍സ്‌പെക്ടര്‍മാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നിവരെയാണ് കത്തില്‍ അഭിസംബോധന ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയത്തിന് പുതിയ നിര്‍ദേശം സഹായകമാകുമെന്നും കത്തില്‍ പറയുന്നു. കണ്‍ട്രോള്‍ റൂമുകളിലും സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളിലും ആശയക്കുഴപ്പം വരാതിരിക്കാനുള്ള ഉപായം എന്ന നിലയില്‍ മാത്രമാണ് രണ്ട് ഭാഷകള്‍ മാത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു വിവാദമായതോടെ ദക്ഷിണ റെയില്‍വേയുടെ പ്രതികരണം. സിഗ്‌നലുകള്‍ തെറ്റാതിരിക്കാനുള്ള മാര്‍ഗമാണിതെന്നും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഗജാനന്‍ മല്യ പറഞ്ഞു.
വിവിധ കോണുകളില്‍ നിന്നും സാമൂഹികമാധ്യമങ്ങളിലും ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനിടെ തുടര്‍ന്നാണ് സര്‍കുലര്‍ പിന്‍വലിക്കാന്‍ തീരുമാനമായത്. പ്രതിഷേധ സൂചകമായി ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനം ഡി.എം.കെ പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. സര്‍കുലര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രാദേശിക ഭാഷകളെ തകര്‍ക്കുകയാണെന്നും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ഡി.എം.കെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്‍ റെയില്‍വേക്ക് നിവേദനവും നല്‍കി. സര്‍കുലര്‍ പിന്‍വലിച്ചതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും റെയില്‍വെ അറിയിച്ചു.
നേരത്തെ, ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ ഹിന്ദി പഠിക്കണമെന്നു നിര്‍ദേശിക്കുന്ന കരട് ദേശീയ വിദ്യഭ്യാസ നയത്തിലെ ശുപാര്‍ശക്കെതിരെ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രക്ഷോഭപരിപാടികള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധം കനത്തതോടെ വിവാദ നിര്‍ദേശം കരടില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഈ വിവാദം കെട്ടടങ്ങിയതിനു തൊട്ടു പിന്നാലെയാണ് കേരളവും തമിഴ്‌നാടും പുതുച്ചേരിയും ആന്ധ്രാപ്രദേശിന്റെ ചിലഭാഗങ്ങളും ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വേയുടെ പുതിയ സര്‍ക്കുലര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."