വായു ചുഴലിക്കാറ്റ് വീണ്ടും ഗുജറാത്ത് തീരത്തേക്ക്
അഹമ്മദാബാദ്: വായു ചുഴലിക്കൊടുങ്കാറ്റ് വീണ്ടും ഗുജറാത്ത് തീരപ്രദേശമായ പോര്‍ബന്ധര്‍, ദ്വാരക എന്നിവിടങ്ങളിലേക്ക് ഗതിമാറിവരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗുജറാത്തിന്റെ പശ്ചിമ തീരത്തേക്ക് ലക്ഷ്യം വച്ചെത്തുന്ന വായു, അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറുന്നിന്ന് വടക്കുകിഴക്ക് ഭാഗത്തേക്ക് ദിശമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗരാഷ്ട്ര തീരത്തുകൂടി വരുന്ന ചുഴലിക്കൊടുങ്കാറ്റ് ഗിര്‍ സോമനാഥ്, ജുനഗഡ് ജില്ലകളെയും ബാധിച്ചേക്കും. കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ ഗുജറാത്തിലെ വിമാന സര്വിസുകളെയൊന്നും ദോഷമായി ബാധിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
അതേസമയം, കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ ഈ മാസം 15 വരെ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്ത് തീരത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി വിജയ് രുപാണിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."