ഇദ്ലിബിനെ ബഫര്‍ സോണാക്കാന്‍ തുര്‍ക്കി-റഷ്യ ധാരണ
മോസ്കോ: സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള അവസാന കേന്ദ്രമായ ഇദ്ലിബിനെ ബഫര്‍ സോണായി (നിഷ്പക്ഷ) മേഖലയാക്കാന്‍ തുര്‍ക്കി-റഷ്യ ധാരണ. ഇതോടെ റഷ്യയുടെ സഹായത്തോടെയുള്ള സിറിയന്‍ സൈന്യത്തിന്റെയും വിമതരുടെയും സാന്നിധ്യമില്ലാത്ത പ്രദേശമായി ഇദ്ലിബ് മാറും. റഷ്യയിലെ സോച്ചിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണയായത്.
ഇദ്ലിബ് അതിര്‍ത്തിയില്‍ നിന്ന് 15-20 കി. മീ ചുറ്റുമുള്ള പ്രദേശത്തെയാണു സൈനിക രഹിതമായി പരിഗണിക്കുക. ബഫര്‍ സോണ്‍ ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍വരും. ടാങ്കറുകള്‍, മോര്‍ട്ടറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഒക്ടബോര്‍ പത്തു മുതല്‍ പ്രദേശത്തു നിന്നു നീക്കം ചെയ്യും.
തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഇദ്ലിബില് 30 ലക്ഷത്തോളം ജനങ്ങളാണു ഇപ്പോഴുള്ളത്. ഇവിടെ 10,000 വിമതരുണ്ടെന്നാണു വിലയിരുത്തുന്നത്. ഇദ്ലിബിനെ ബഫര്‍ സോണാക്കാനുള്ള ധാരണയെ അഭിനന്ദിച്ച് ഇറാന് രംഗത്തെത്തി. ഉത്തരവാദിത്തമുള്ള നയതന്ത്രത്തിന്റെ ഉദാഹരണമാണു തീരുമാനമെന്നു ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരിഫ് പറഞ്ഞു. തെഹ്റാന് ഉച്ചകോടിയുടെയും തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലേക്കുള്ള തന്റെ സന്ദര്‍ശനത്തിന്റെയും തുടര്‍ച്ചയാണ് ഇദ്ലിബിലെ ആക്രമണങ്ങളില്‍ നിന്നു പിന്‍വാങ്ങിയതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ഇദ്ലിബിനെ നിഷ്പക്ഷ പ്രദേശമാക്കുന്നതിലൂടെ സിവിലിയന്മാരെ പ്രദേശത്തു നിന്നു മാറ്റില്ലെന്നു തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."