'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്': പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മമതക്കു പുറമെ കെ.സി.ആറും നായിഡുവും പങ്കെടുക്കില്ല
ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷി യോഗം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ യോഗത്തില്‍ നിന്ന് തെലങ്കാനാ മുഖ്യമന്ത്രിയും ടി.ആര്‍.എസ് നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവുവും ടി.ഡി.പി നേതാവ് ചന്ദ്രബാബുനായിഡുവും വിട്ടുനില്‍ക്കും. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ക്കാണ് ഇന്നത്തെ യോഗത്തിലേക്കു ക്ഷണം.
തന്റെ തീരുമാനം വിശദീകരിക്കാന്‍ ഇന്നലെ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അതിരൂക്ഷമായാണ് ചന്ദ്രശേഖര്‍ റാവു, മോദിയെ വിമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരുമായി തനിക്ക് ഭരണഘടനാപരമായ ബന്ധം മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പങ്കെടുത്തിട്ട് എന്താണ് ചര്‍ച്ചചെയ്യാനുള്ളത്? കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല. ഒരു രൂപയുടെ സഹായം പോലും കേന്ദ്രത്തില്‍നിന്ന് ലഭിക്കില്ല. മോദിയുടേത് ഫാസിസ്റ്റ് സര്‍ക്കാരാണ്. അതൊരു വസ്തുതയുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യോഗത്തിലേക്ക് മകന്‍ കെ.ടി രാമറാവുവിനെ അദ്ദേഹം അയക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു വിദേശത്ത് പോകുന്നതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. കുടുംബത്തോടൊപ്പം ഒരാഴ്ചത്തേയ്ക്കാണ് അദ്ദേഹം വിദേശസന്ദര്‍ശനത്തിന് പോകുന്നത്. ജൂണ്‍ 25ന് മാത്രമേ അദ്ദേഹം തിരികെയെത്തൂ എന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി.
ഇന്നു ഡല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. ഗൗരവമേറിയ വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മമത പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയക്കുകയും ചെയ്തു. വിഷയത്തില്‍ ധവളപത്രം പുറത്തിറക്കണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലപാട് വ്യക്തമാക്കാന്‍ ആവശ്യത്തിന് സമയം അനുവദിക്കണമെന്നുമാണ് മമതയുടെ ആവശ്യം.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടകളിലൊന്നായ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തോട് നേരത്തെ വിവിധ രാഷ്ട്രീയകക്ഷികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ലോക്‌സഭാ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ആശയമാണ് ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്. ആശയം ജനാധിപത്യവിരുദ്ധമാണെന്നാണ് പ്രതിപക്ഷ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."