28ാം ഓണമഹോത്സവം ഹരിതചട്ടങ്ങള്‍ പാലിച്ച് നടത്തും: സബ് കലക്ടര്‍
ഓച്ചിറ: പൂര്‍ണമായും ഹരിതചട്ടങ്ങള്‍ പാലിച്ച് ഈവര്‍ഷത്തെ 28ാം ഓണ മഹോത്സവം ആഘോഷിക്കാന്‍ സബ് കലക്ടര്‍ എസ്. ചിത്ര വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം. റവന്യൂ, പഞ്ചായത്ത്, ഇലക്ട്രിക്സിറ്റി, പൊലിസ് വകുപ്പ് അധികാരികളും ക്ഷേത്രഭരണസമിതിയുടെയും കാളകെട്ട് സമിതികളുടെയും ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.
വൈകിട്ട് അഞ്ചിന് മുന്‍പ് കെട്ടുകാളകളെ ക്ഷേത്രത്തിലെത്തിച്ച് നാഷണല്‍ ഹൈവേയില്‍ ഗതാഗതം സുഗമമാക്കാനും വൈദ്യുതി ബന്ധം പുനസ്ഥാപിപ്പിച്ച് പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും എല്ലാവരും സഹകരിക്കണമെന്നും സബ്കലക്ടര്‍ നിര്‍ദ്ദേശിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യും.
ഉത്സവദിവസം ഓച്ചിറ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രസിഡന്റ് അയ്യാണിക്കല്‍ മജീദും സെക്രട്ടറി രാധാകൃഷ്ണന് പായിക്കാട്ടുശേരിയും അറിയിച്ചു. വന്‍ വലിപ്പമുള്ള കെട്ടുകാളകള്‍ റോഡ് നശിപ്പിക്കുന്നതിനെതിരേ പി.ഡബ്ല്യൂ.ഡി എന്‍ജിനീയര്‍ സബിത മുന്നറിയിപ്പ് നല്കി. ഇടറോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതെയും ട്രാഫിക് നിയമങ്ങള്‍ പാലിച്ചും സഹകരിക്കണമെന്ന് കരുനാഗപ്പള്ളി എ.സി.പി വിനോദ് പറഞ്ഞു. ക്ഷേത്രഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥന്, പ്രസിഡന്റ് പ്രസിഡന്റ് പ്രൊഫ. എ. ശ്രീധരന്‍പിള്ള. വൈസ് പ്രസിഡന്റ് ആര്.ഡി പത്മകുമാര്‍, ട്രഷറര്‍ ബിമല്‍ഡാനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."