ഫാത്തിമ, രോഹിത്....നക്ഷത്രങ്ങള്‍ ഇനിയുമെത്ര അസ്തമിക്കണം നമ്മുടെ കാമ്പസുകളില്‍ ബ്രാഹ്‌മണ്യ മേധാവിത്തം പടിയിറങ്ങാന്‍
ബ്രാഹ്‌മണ്യ മേധാവിത്തത്തിന്റെ ആക്രോശങ്ങള്‍ ഫാത്തിമ ലത്തീഫ് എന്ന മിടുക്കിക്കുട്ടിയെ കൊന്നു കളഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. 2019 നവംബര്‍ ഒമ്പതിനായിരുന്നു അത്. നമ്മുടെ ഓര്‍മകളില്‍ പോലും അവളില്ല എന്നൊരു യാഥാര്‍ത്ഥ്യവും അതോടൊപ്പം നാം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഓര്‍മകള്‍ അങ്ങിനെയാണ്. തണുപ്പ് വീണ് നനഞ്ഞ ഇലകള്‍ പോലെ. അവ കത്തിജ്വലിച്ചു കൊണ്ടേയിരിക്കില്ല. തീകൊളുത്തി പോകുന്നതിന് പിന്നാലെ കെട്ടടങ്ങിപ്പോവും. നാമതിനെ ഊതിയൂതിക്കത്തിക്കും വരെ അത് അണഞ്ഞു കിടക്കും. അങ്ങിനെ നാം ഊതിക്കത്തിച്ചുകൊണ്ടേയിരിക്കേണ്ട നിരവധിയോര്‍മകളില്‍ ഒന്നാണ് അവള്‍. ചിരിക്കുന്ന മുഖമുള്ള ആകൊച്ചുപെണ്ണ്. കണ്ണുകളില്‍ നിറയെ ആകാശത്തോളമുയര്‍ന്ന കിനാവുകള്‍ മിന്നിയിരുന്നവള്‍...അങ്ങിനെ നാം മറന്നു കളയാതിരിക്കേണ്ടവരാണ് രോഹിത് വെമുലയും നജീബുമെല്ലാം. സംഘ് സവര്‍ണ മേധാവിത്വത്തിന്റെ ആക്രോശങ്ങള്‍ കൊന്നു കളഞ്ഞ ഇവര്‍ക്കായി..വരും തലമുറക്കായി ആ തീ കെടാതെ കത്തിക്കൊണ്ടേയിരിക്കണം.
ഐ.ഐ.ടി പോലുള്ള ബ്രാഹ്‌മണ്യത്തിന്റെ കൂത്തരങ്ങുകളിലേക്ക് കയറിച്ചെല്ലുക എന്നത് ഏതൊരു മുസ്‌ലിം ദലിത് വിദ്യാര്‍ത്ഥിയും ചെയ്യുന്ന അപരാധമാണ് രാജ്യത്ത്. അതവര്‍ക്ക് പറഞ്ഞിട്ടുള്ളവയല്ല. അവരെപ്പോഴും അഴുക്കുചാലുകളിലെ പുഴുക്കളാവേണ്ടവരാണ്. അവിടെ ബ്രഹ്‌മണിസം നമ്മുടെ ജീവനെടുക്കുകയോ നമ്മെ ഏതെങ്കിലും വിധത്തില്‍ തകര്‍ത്തു കളയുകയോ ചെയ്യു. അത് ചോദിക്കപ്പെടേണ്ടതല്ല. കാരണം അര്‍ഹതയില്ലാത്തിടത്തേക്ക് നുഴഞ്ഞു കയറിയ മുസ്‌ലിമും ദലിതനുമാണ് അതിന്റെ ഉത്തരവാദി. അവരുടെ മരണങ്ങള്‍ എപ്പോഴും ആന്തരിക സംഘര്‍ഷം സൃഷ്ടിക്കുന്ന ആത്മഹത്യകളായി മാറുന്നു. സംഘര്‍ഷങ്ങള്‍ താങ്ങാനാവാതെ അടിപ്പെട്ടുപ്പോകുന്ന മരണങ്ങള്‍.
ഒരു മുസ്‌ലിം പെണ്‍കുട്ടിയായതിന്റെ പേരില്‍ മാത്രം അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളും പേരുള്‍പെടെ വളുടെ സ്വത്വം നേരിട്ട വിവേചനവും വ്യക്തമായി പരാമര്‍ശിക്കുന്ന ഒരു കുറിപ്പ് ലോകത്തിന് ബാക്കി വച്ചുകൊണ്ടാണ് ഫാത്തിമ പോയത്. അതില്‍ ഒരു പ്രൊഫസറുടെ പേര് അവള്‍ വളരെ കൃത്യമായി എഴുതി വെച്ചിരുന്നു. എന്നാല്‍ ആ കുറിപ്പിന് ഒരു ആത്മഹത്യാക്കുറിപ്പിന്റെ നടപടിക്രമങ്ങള്‍ക്കപ്പുറം ഒരു മൂല്യവും നല്‍പ്പെട്ടില്ല. നേരത്തെ സൂചിപ്പിച്ച പോലെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള, നേരിടാനുള്ള അവളുടെ അക്കാദമിക് കഴിവില്ലായ്മ എന്നാക്കി അവളുടെ മരണത്തെ. അവളുടെ തിക്താനുഭവങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങളെ ഈ കണ്ടെത്തലിനുള്ളില്‍ മൂടിക്കളഞ്ഞു മീഡിയകള്‍ ഉള്‍പെടെ സമൂഹം. രോഹിത് വെമുലയ്ക്കുശേഷം പൊതുമേഖലയില്‍ നടന്ന രണ്ടാമത്തെ ക്രൂരമായ കൊലപാതകമാണിത്. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാനാവാത്ത 'ആത്മഹത്യ'. അല്ലെങ്കിലും ബ്രാഹ്‌മണരാജ്യത്തില്‍ നിന്ന് നമുക്ക് മറ്റെന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക?
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്നത സ്ഥാപനങ്ങളില്‍ എങ്ങനെ പരിഗണിക്കുന്നുവെന്നതിന്റെ നേര്‍കാഴ്ച്ചയാണ് ഈ രണ്ടു പേരും. അതുകൊണ്ടുതന്നെയാണ് ഇവര്‍ക്കായുള്ള പോരാട്ടങ്ങള്‍ നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ള പോരാട്ടമാകുന്നത്. ഇവരുടെ ഓര്‍മകളെ മായ്ക്കാന്‍ അധികാരികളും ബ്രാഹ്‌മണ്യ മാധ്യമങ്ങളും നിരന്തരമായി ശ്രമിക്കുന്നതും അതുകണ്ടു തന്നെയാണ്.
എന്നാല്‍ മറവിയുടെ ആഴങ്ങളിലേക്ക് ഇവരെ വിട്ടുകളഞ്ഞു കൂടാ. അവര്‍ ബാക്കിവെച്ച കിനാവുകളിലേക്ക് പിറകെ വരുന്നവര്‍ പറന്നുയരുക തന്നെ വേണം. അത് സംഭവിക്കുക തന്നെ ചെയ്യും. മീഡിയകളും മുഖ്യധാരകളും എങ്ങിനെയൊക്കെ കിണഞ്ഞു ശ്രമിച്ചാലും ബ്രാഹ്‌മണ്യത്തിന്റെ കോട്ടകളിലേക്ക് ഒരു കൊടുങ്കാറ്റായി ഫാത്തിമയും അവളുടെ അവസാന വാക്കുകളും വീശിയടിക്കുക തന്നെ ചെയ്യും. അവളെ പോലുള്ള ആയിരങ്ങള്‍ക്കു മേല്‍ മൂടി നിന്ന കാര്‍മേഘങ്ങളെ വകഞ്ഞു മാറ്റി ആ കൊത്തളങ്ങളുടെ തറയിളക്കാന്‍ മാത്രം കരുത്തുറ്റ കൊടുങ്കാറ്റ്. തകര്‍ന്നടിഞ്ഞു കിടക്കുന്ന ആ ബ്രാഹ്‌മണ്യക്കോട്ടകള്‍ക്കു മേല്‍ പിന്നീടുയരുക അരികുവല്‍ക്കരിക്കപ്പെട്ട അഴുക്കുചാലുകളിലേക്ക് വലിച്ചെറിയപ്പെട്ട കോടിക്കണക്കായവരുടെ വിജയഭേരിയായിരിക്കും. തീര്‍ച്ച.
സ്വന്തം ലേഖിക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."