HOME
DETAILS

പരിദേവനങ്ങളിലെ ഇഴയടുപ്പം

  
Web Desk
June 22 2019 | 17:06 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b5%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%b4%e0%b4%af%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa

 

നാസ് ഖിയാല്‍വി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന പാകിസ്ഥാനി കവി മുഹമ്മദ് സിദ്ദിഖ് എഴുതിയ ശ്രദ്ധേയമായ കലാമാണ് 'തും ഏക് ഗോരഖ് ദണ്ഡാ ഹോ'. പടച്ചവനെ പഴിപറയാന്‍ മാത്രം അടുപ്പമുളള ഒരാത്മമിത്രത്തെ നാമിവിടെ കാണുന്നു. പരാതിയും പരിദേവനവും ചോദ്യം ചെയ്യലുമെല്ലാം കലര്‍ന്ന ഈ കവിത സത്യത്തില്‍ വേഷംമാറിയ സ്തുതിപാടലല്ലാതൊന്നുമല്ല. ദൈവാസ്ഥിത്വവും അവന്റെ നിശ്ചയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന, ആഴത്തില്‍ ദാര്‍ശനികവും നിഗൂഢവുമായ സമസ്യകള്‍ക്കു പൊരുള്‍ തേടാനുളള ദുര്‍ബലമായ പാഴ്ശ്രമമാണ് സ്‌നേഹത്തിന്റെ ഈ കരച്ചില്‍. ചരിത്രത്തിലേക്കും ഇതിഹാസങ്ങളിലേക്കുമളള നിരവധി സൂചനകളാല്‍ സമ്പന്നമാണീ കവിത. യേശു, മൂസ, ഇബ്രാഹിം, യൂസുഫ്, യാഖൂബ് എന്നീ പ്രവാചകരും മന്‍സൂര്‍ ഹല്ലാജും ഇവിടെയുണ്ട്. ഖൈസും ലൈലയും പഞ്ചാബി നാടോടിക്കഥകളിലെ ദുരന്തപ്രണയ നായികമാരും ഒപ്പം കടന്നുവരുന്നു. അല്ലാമാ ഇഖ്ബാല്‍ 'ശിക്വ വ ജവാബെ ശിക്വ'യില്‍ ചെയ്യുന്നതുപോലെ പരാതികള്‍ക്കുളള മറുപുറവും മറുവാദവും കവി നേരിട്ടും വ്യംഗമായും ഇതിലുള്‍ക്കൊളളിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ദൈര്‍ഘ്യം കാരണം
രണ്ടു ഭാഗങ്ങളിലായാണ് ഇത് മൊഴിമാറ്റുന്നത്.

തും ഏക് ഗോരഖ് ദണ്ഡാ ഹോ
നാസ് ഖിയാല്‍വി (മുഹമ്മദ് സിദ്ദിഖ്)

ചിലപ്പോള്‍ നിന്നെതെരഞ്ഞതിവിടെ,
എന്നിട്ടെത്തിച്ചേര്‍ന്നതവിടെ.
നിന്നെക്കാണാനുള്ള പാച്ചിലില്‍
ചെന്നുചേര്‍ന്നതെവിടെയെല്ലാമാണ്.
നിന്നെത്തേടിപ്പോയ ദുര്‍ബലര്‍
തളര്‍ന്നും തകര്‍ന്നും പോയി.
നിന്റെയടയാളമാവട്ടെ ആരിലുമെത്തിയുമില്ല.
നീയെവിടെയുമില്ല, എല്ലായിടവുമുണ്ട് താനും.
നീയെന്തൊരു നിഗൂഢസമസ്യ...
നീയെന്തൊരു നിഗൂഢസമസ്യ

ഓരോ അണുവിലും
നീ തിളങ്ങുന്നതെന്തൊരു വെണ്മയില്‍,
നിന്നെച്ചൊല്ലിയുള്ള അതിശയങ്ങള്‍
മായുന്നില്ല മനസില്‍,
നീയെന്തൊരു നിഗൂഢസമസ്യ...

പള്ളിയിലും അമ്പലത്തിലും
നിന്നെ തെരഞ്ഞിട്ടു കണ്ടില്ലല്ലോ,
എന്റെയുള്ളിലെപ്പോഴും കാണുകയുമല്ലോ നിന്നെ!
നീയെന്തൊരു നിഗൂഢസമസ്യ...

തേടിപ്പോയിടത്തോന്നും കണ്ടില്ല നിന്നെ,
തെരയാനുമാവുന്നില്ല.
നാമുള്ളിടത്തെല്ലാം നീയുണ്ടെന്നതാണ് തമാശ!
നീയെന്തൊരു നിഗൂഢസമസ്യ...

നിന്നോടുകൂടെയില്ല മറ്റൊരുവനും
എന്നിട്ടും നീ
മറഞ്ഞിരിക്കുന്നതെന്തെന്നു മനസിലാകുന്നില്ല.
നീയെന്തൊരു നിഗൂഢസമസ്യ...

നിന്നോടുള്ള പ്രണയത്താല്‍
സ്വയം നഷ്ടപ്പെട്ടുപോകുന്നവര്‍ക്ക് മാത്രമാണ്
ജീവിതം കിട്ടുന്നത്.

കോവിലിലും കഅ്ബയിലും കണ്ടില്ല നിന്നെ
തകര്‍ന്ന ഹൃദയങ്ങള്‍ക്കകത്തു
നിറയെ കണ്ടുനിന്നെ.

അഭാവമായി നീയെങ്ങോ മറഞ്ഞിരിക്കുന്നു
ഉണ്മയായ് വേറെങ്ങോ നീ തിളങ്ങുന്നു.

നീയില്ലെങ്കില്‍ പിന്നെ നിന്നെയെന്തിനു
നിഷേധിക്കുന്നു,
നിഷേധവും നിന്റെ ഉണ്മയുടെ പ്രഖ്യാപനം.

എന്റെ അസ്ഥിത്വമെന്നു ഞാന്‍ പറയുന്നത്
നീയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

നീയെന്റെ ചിന്തകളിലേക്ക് വരുന്നില്ലെങ്കില്‍ പിന്നെ
നീയാണ് ഈശനെന്നു ഞാനെങ്ങനെ അറിയും?
നീയെന്തൊരു നിഗൂഢസമസ്യ...

നീയെന്താണ്, ഏതാണ്
എന്നെനിക്കെപ്പോഴുമതിശയമാണ്.
അറിഞ്ഞാല്‍ നീയൊരു ബിംബം,
അറിയാവുന്നതിലുമധികമാകുമ്പോള്‍ നീ ദൈവം.
നീയെന്തൊരു നിഗൂഢസമസ്യ...

ബുദ്ധിക്കകത്തു കയറുന്നതെങ്ങനെ നിസീമമാവും,
മനസിനുള്‍ക്കൊള്ളാനാവുന്നതെങ്ങനെ
ദൈവമാകും?
നീയെന്തൊരു നിഗൂഢസമസ്യ...

ദാര്‍ശനികര്‍ക്ക് വാദിച്ചെത്താനാവില്ല നിന്നില്‍,
കുരുക്കുകളഴിച്ചുനോക്കുന്നെങ്കിലും
അവരറ്റം കാണുന്നില്ല.
നീയെന്തൊരു നിഗൂഢസമസ്യ...

നിനക്കു മേല്‍വിലാസമില്ലെന്നു നീ സ്വയംപറയുന്നു,
എന്നിട്ടുടഞ്ഞഹൃദയങ്ങളില്‍
ചെന്നുപാര്‍ക്കുന്നതദ്ഭുതം തന്നെ.
നീയെന്തൊരു നിഗൂഢസമസ്യ...

നീയല്ലാതെ മറ്റൊന്നുമില്ലെന്നിരിക്കെ
പിന്നെന്തിനു നാഥാ ഈ കലഹങ്ങളത്രയും?
നീയെന്തൊരു നിഗൂഢസമസ്യ...

നീയൊളിച്ചിരിക്കുന്നില്ല
മുന്നില്‍ വന്നുതെളിയുന്നുമില്ല,
ഒളിവീശുമ്പോഴും മുഴുശോഭ നിറക്കുന്നില്ല,
പള്ളിക്കുമമ്പലത്തിനുമിടയിലെ
പന്തയം പരിഹരിക്കുന്നില്ല,
ഉള്ളിനുള്ളിലെ നേര് നീ തുറന്നുപറയുന്നില്ല,
ഇരുലോകങ്ങളിലും കൊള്ളാത്ത നീയെങ്ങനെ
എന്റെയുള്ളില്‍ കയറിക്കൂടിയെന്നതിശയം തന്നെ,
ഇത്രയേറെ പള്ളിയും അമ്പലവും
കുരിശുപള്ളിയുമെന്തിന്?
വഴിതെറ്റിയതാര്‍ക്കെന്നു നീ വെളിവാക്കുന്നില്ലല്ലോ.
നീയെന്തൊരു നിഗൂഢസമസ്യ...

വിസ്മയങ്ങളുള്ളിലൊരുക്കുന്നു
വിചിത്രനിറക്കൂട്ടുകള്‍
കുഴമറിഞ്ഞൊരു ചിത്രം നീ വരച്ചുവെക്കുന്നു.
ഈ കടങ്കഥക്കുത്തരമെന്തെന്നറിവില്ല,
അനാദിതൊട്ടേ നിന്റെ തമാശകളനവധി,
ദേഹിയെ ദേഹത്തിന്റെ കൂട്ടിലടച്ചു,
പിന്നെ മരണത്തെയതിന്റെ കാവലേല്‍പിച്ചു,
പലര്‍ക്കായി പദ്ധതികളുടെ പറവകളെ
പറത്തിവിടുന്നു നീ
വിധിയുടെ വലകള്‍ വാരിവിരിക്കുകയും ചെയ്യുന്നു,
യുഗങ്ങളായി ഇരുലോകങ്ങളെയും
അലങ്കരിക്കുന്നു
വിനാശത്തിന്റെ വ്യവസ്ഥയും വരച്ചുവെക്കുന്നു,
സ്ഥലരാശികള്‍ക്കതീതനെന്നു
സ്വയം വര്‍ണിക്കുമ്പോളും
എന്റെ തൊട്ടടുത്തുണ്ടെന്നു
ദൂതയക്കുകയും ചെയ്യുന്നു,
ഈ തിന്മയും നന്മയും,
നരകവും സ്വര്‍ഗ്ഗവും
ഇതിത്ര കുഴമറിച്ചുവെച്ചതെന്തിനാണ്,
തെറ്റുചെയ്തത് ആദമല്ലേ,
പിഴയടക്കേണ്ടത് മക്കളാണോ
നിന്റെ നീതിയുടെ മാനദണ്ഡമതാണോ?
ഭൂമിയില്‍ നിന്റെ പ്രതിനിധിയാവാനേല്‍പ്പിച്ചു
കാലങ്ങളോളം കോമാളി കളിപ്പിക്കയോ നീ,
നിന്നെ ദര്‍ശിച്ചുഗ്രഹിക്കാനെല്ലാവരെയും പടച്ച നീ
എല്ലാ കണ്ണില്‍ നിന്നുമെപ്പോളും
മറഞ്ഞിരിക്കുന്നതെന്തേ,
നീയെന്തൊരു നിഗൂഢസമസ്യ...

പല രൂപങ്ങള്‍ നീവരച്ചുവെക്കുന്നു,
മായ്ച്ചുകളയുന്നു,
ഏതാശയുടെ പേരിലാണ്
നീ ശിക്ഷിക്കുകയെന്നാര്‍ക്കറിയാം?
ചിലപ്പോള്‍ ചരല്‍ക്കല്ലുകളെ മുത്തായ് മാറ്റുന്നു
പിന്നെ മുത്തുകള്‍ ചെളിയിലാഴ്ത്തിക്കളയുന്നു,
എത്രയോ മൃതദേഹങ്ങള്‍ക്കുയിരുകൊടുത്ത
മസീഹയെ
നീയെടുത്തു കുരിശിന്മേല്‍ നാട്ടിനിര്‍ത്തുന്നു,
നിന്നെക്കാണാന്‍ കൊതിമൂത്തൊരുവന്‍
കുന്നിന്‍മുകളിലെത്തുമ്പോള്‍
വെളിപ്പെടലിന്റെ പ്രഭയിലാ കുന്നിനെ
നീ ജ്വലിപ്പിക്കുന്നു,
പ്രിയമിത്രത്തെ നീ നംറൂദിന്റെ തീയിലിടുന്നു
പിന്നെ തീനാളങ്ങളെ പൂമൊട്ടുകളായ് മാറ്റുന്നു,
യൂസുഫിനെ കാനാനിലെ കിണറ്റിലേക്കുന്തുന്നു,
യാഖൂബിന്റെ കണ്ണിലെ വെട്ടം
നീ കെടുത്തിക്കളയുന്നു,
മിസ്‌റിലെ അടിമച്ചന്തയില്‍ യൂസുഫിനെ
നീ വിറ്റുകളയുന്നു
ഒടുവില്‍ മിസ്‌റിന്റെ സുല്‍ത്താനായി വാഴിക്കുന്നു,
അനുരാഗോന്മാദത്തിന്റെ
പരകോടിയിലൊരുവനെത്തുമ്പോള്‍
അവനുള്ളിലേറി നീ അനല്‍ഹഖിന്റെ
വിളിയാളമുയര്‍ത്തുന്നു,
നിന്നെ നിന്ദിച്ചെന്നു പിന്നെയവനില്‍ കുറ്റമെയ്യുന്നു
എന്നിട്ട് നീതന്നെ മന്‍സൂറിനെ
കുരിശില്‍ തറക്കുന്നു,
നിന്നെ ദര്‍ശിക്കാനുള്ള ഭാഗ്യം നീയേകുന്നവന്‍
നിന്നെക്കാണുന്നതോടെ മരണം പൂകുന്നു,
നിന്നെത്തേടിയിറങ്ങുന്ന ധീരപ്രേയസിയെ
മുള്‍ക്കാടുകളുടെ കുടിലതയില്‍
നീയകപ്പെടുത്തുന്നു,
നിന്നിലണയാനഭിലാഷമേറി
ഖൈസ് പോകുമ്പോള്‍
ഏതോ ലൈലയുടെ സ്‌നേഹവിഭ്രമത്തില്‍
നീയവനെ തകര്‍ക്കുന്നു,
നിന്നോടുള്ള സ്‌നേഹത്താല്‍
മരുഭൂമിതാണ്ടുന്നവളെ
കൊടുംചൂടില്‍ ദാഹിപ്പിച്ചുവീഴ്ത്തുന്നു,
നിന്നിലേക്ക് നീന്തിയടുക്കുന്ന പ്രേയസിയെ
ദയയറ്റ ചുഴികളില്‍ മുക്കിത്താഴ്ത്തുന്നു,
എന്നിട്ടു നിനക്ക് തോന്നുമ്പോള്‍ നിന്റെ പ്രിയനെീ ഏഴാനാകാശത്തേക്ക് വിളിപ്പിക്കുന്നു.
ഒറ്റരാവു കൊണ്ട് മിഅറാജ് നിനക്കാവുന്നു,
നീയെന്തൊരു നിഗൂഢസമസ്യ...

നീ തന്നെ നിന്റെ മറ
നീയെന്തൊരു നിഗൂഢസമസ്യ...

(അപൂര്‍ണം)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  2 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  2 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  2 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  2 days ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  2 days ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  2 days ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  2 days ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  2 days ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  2 days ago