കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി; കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്കായി കാത്തിരിക്കും
തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ഈ മാസം 30 ന് ഉദ്ഘാടനം നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഒഴിവിനായി അനന്തമായി കാത്തിരിക്കാനാവില്ലെന്നും നേരത്തെ മന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവന തിരുത്തിച്ച മുഖ്യമന്ത്രി വിശദീകരണം നല്‍കുകയും ചെയ്തു.
കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അതിനായി അദ്ദേഹത്തിന്റെ ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. 30 ന് ഉദ്ഘാടനം നടക്കുമെന്നു കടകംപള്ളി പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന തിയ്യതി തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് സൗകര്യമുള്ള ദിവസത്തിനായി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 29 മുതല്‍ ജൂണ്‍ മൂന്നു വരെ പ്രധാനമന്ത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മാറ്റിവച്ചിരുന്നു. ഇതു കണക്കിലെടുക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ തിയ്യതി തീരുമാനിച്ചതെന്നാണ് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചത്. പധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെയാണ് ഉദ്ഘാടനം നിശ്ചയിച്ചതെന്നും കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും ബി.ജെ.പി ആരോപിച്ചു.
ഇതോടെയാണ് മുന്‍നിലപാടില്‍ അയവുവരുത്തി കടകംപള്ളി വീണ്ടും രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് ഉദ്ഘാടന തിയ്യതി മാറ്റാമെന്നും കടകംപള്ളി പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. വാര്‍ഷികോത്സവ കമ്മിറ്റി കണ്‍വീനറെന്ന നിലയിലാണ് മന്ത്രി കടകംപള്ളി വാര്‍ത്താസമ്മേളനം നടത്തി കൊച്ചി മെട്രോ ഉദ്ഘാടനം നേരത്തെ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."