HOME
DETAILS

ആംഗ്ലോ മാപ്പിള യുദ്ധം യഥാര്‍ഥ ചരിത്രവായന സാധ്യമാക്കുമ്പോള്‍

  
backup
November 15 2020 | 02:11 AM

6486849436-2020

ചരിത്രത്തില്‍ നിന്നു പാഠമുള്‍ക്കൊള്ളാത്ത ഏതൊരു ജനതയും പരാജയപ്പെട്ടവരാണെന്നതിന് കാലം തന്നെയാണ് സാക്ഷി. പരിശുദ്ധ ഖുര്‍ആനിന്റെ ഒരു ശൈലിയുണ്ട്. ഇന്നലെകളുടെ ചരിത്രത്തിലേക്ക് ചൂണ്ടി അവയിലെ ശരിതെറ്റുകളെ മനസിലാക്കി ഇന്നിനെ രൂപപ്പെടുത്താനും അതുവഴി നല്ലൊരു നാളെയെ കെട്ടിപ്പടുക്കാന്‍ ആവശ്യപ്പെടുന്നതുമാണ് ഖുര്‍ആനിക ശൈലി. ചരിത്രമില്ലാതെ നിലനില്‍പ്പും അതിജീവനവും അസാധ്യമെന്ന് സാരം.
മനുഷ്യനെ വിവേകിയാക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രമെന്നാണ് ഇംഗ്ലീഷ് ചിന്തകന്‍ ഫ്രാന്‍സിസ് ബേക്കണ്‍ നിര്‍വചിച്ചത്. രാഷ്ട്രീയ ചരിത്രത്തെ അടുക്കിപ്പെറുക്കി അവതരിപ്പിക്കലല്ല യഥാര്‍ഥ ചരിത്രരചനയെന്നും, സാമൂഹികജീവിതത്തിന്റെ നാനാവശങ്ങളും പഠനവിധേയമാക്കുന്ന സമ്പൂര്‍ണ്ണ ചരിത്രമാവണം ചരിത്രരചനയുടെ ലക്ഷ്യമെന്നുമാണ് ഫ്രഞ്ച് ചരിത്രകാരനായ ഫെര്‍ണാണ്ട് ബ്രൗഡല്‍ സമര്‍ഥിച്ചത്. ഔദ്യോഗിക ചരിത്രമെന്നത് സമൂഹത്തിലെ മേല്‍ത്തട്ടിന്റെ അഥവാ അധികാരിവര്‍ഗ്ഗത്തിന്റെ ചരിത്രമാണ്. അധികാരകേന്ദ്രങ്ങളില്‍ നിന്നുയിര്‍ക്കൊള്ളുന്ന ചരിത്രത്തിന് അതിന്റേതായ തമസ്‌കരണസ്വഭാവവും ഒളിച്ചുവയ്ക്കലുകളും ഒഴിച്ചുകൂടാനാവാത്തതാണ്. അതേസമയം, മാര്‍ക്‌സിയന്‍ ചിന്തകളെ പോലെ പൂര്‍ണ്ണമായ ഉത്പാദനബന്ധങ്ങളുടെ മാത്രം ആഖ്യാനവുമല്ലയത്. നൂറ്റാണ്ടുകളെടുത്ത് മാത്രം മാറുന്നതും, അടിസ്ഥാനപരവുമായ 'ഘടന'യും, ഒന്നോ രണ്ടോ തലമുറകള്‍ കൊണ്ട് മാറാവുന്നതായ 'പ്രവണത'യും, വളരെ പെട്ടെന്ന് മാറുന്നതും, നേരിട്ട് കണ്ടെത്താനാവുന്നതുമായ 'സംഭവ'വും എന്ന മൂന്ന് കാലഗണനാതലങ്ങള്‍ സ്വീകരിച്ചു കൊണ്ടായിരിക്കണം സമ്പൂര്‍ണ്ണചരിത്രത്തിന്റെ രചനയെന്നും ബ്രൗഡല്‍ നിഷ്‌കര്‍ഷിക്കുന്നു. ആദ്യത്തേതിനെ കടലാഴങ്ങളിലെ അടിയൊഴുക്കിനോടും, രണ്ടാമത്തേതിനെ വേലിയേറ്റവേലിയിറക്കങ്ങളോടും, അവസാനത്തേതിനെ തിരമാലകളോടുമാണ് ബ്രൗഡല്‍ ഉപമിക്കുന്നത്. അധികാരമില്ലാത്തവരുടെ ചരിത്രത്തിന് കൂടി പ്രാധാന്യമുണ്ടെന്ന് ബ്രൗഡല്‍ കാര്യകാരണസഹിതം വിശദമാക്കുന്നു.


ഏതൊരു ജനസഞ്ചയത്തിനും ഒരു ചരിത്രമുണ്ട്. പക്ഷേ, അധികാരവര്‍ഗ്ഗം അവരുടെ ചരിത്രം സ്വയം ക്രമപ്പെടുത്തുകയും രൂപപ്പെടുത്തുകയും ചെയ്യും. അധസ്ഥിതരുടെയും ഭരിക്കപ്പെടുന്നവരുടെയും ചരിത്രവും അതേ അധികാരിവര്‍ഗ്ഗം ഔദ്യോഗിക ചരിത്രമെന്ന പേരില്‍ അടയാളപ്പെടുത്തിവയ്ക്കും. ഭരണവര്‍ഗ്ഗം രൂപപ്പെടുത്തുന്ന ചരിത്രത്തില്‍ ഭരിക്കപ്പെടുന്നവന്റെ ചരിത്രത്തിന് പ്രാധിനിത്യം വേണമെന്ന് ആഗ്രഹിക്കാനേ കഴിയൂ. അധികാരിവര്‍ഗ്ഗം തങ്ങളുടെ ആശയങ്ങള്‍ക്ക് പോറലേല്‍ക്കാത്ത വിധവും അധസ്ഥിതന്റെ ചരിത്രത്തെ തമസ്‌കരിച്ചും രൂപപ്പെടുത്തിയ ചരിത്രത്തില്‍ അടിയൊതുങ്ങി ജീവിക്കാന്‍ അടിയാള വിഭാഗം വിധിക്കപ്പെടും. ഈ പാര്‍ശ്വവല്‍കൃത സമൂഹം സ്വന്തം ചരിത്രം അടയാളപ്പെടുത്തുമ്പോള്‍ അവയെ അവഗണിക്കാനും കെട്ടുകഥകളെന്ന് തള്ളാനും, എല്ലാക്കാലവും അധികാരവര്‍ഗ്ഗത്തിന്റെ തലോടലുള്ള മുഖ്യധാരക്ക് എളുപ്പം കഴിയും. പാര്‍ശ്വവല്‍കൃതജനതയെ ചരിത്രം പാടെ അവഗണിക്കുന്നെന്ന ബോധ്യത്തില്‍ നിന്നാണ് വാഗ്മയചരിത്രമെന്ന ചരിത്രരചനാശാഖയുടെ ജനനി. മുന്‍കാലത്തെ സംഭവങ്ങളില്‍ നേരിട്ടോ പരോക്ഷമായോ ഭാഗവാക്കായവരുമായി സംസാരിച്ചും അതുവഴി ലഭിക്കുന്ന രേഖകളെ ക്രമപ്പെടുത്തിയടുക്കിയും യുക്തിഭദ്രമായും ചരിത്രത്തെ അവതരിപ്പിക്കുന്നതാണ് വാഗ്മയചരിത്രം. സമൂഹത്തിലെ നാനാമുഖത്തുള്ള വ്യക്തികളുമായി സംസാരിച്ചും അവരില്‍ നിന്ന് ലഭിക്കുന്ന നാനാവിധമുള്ള രേഖകളും സംയോജിപ്പിച്ച വിവരണവുമായത് കൊണ്ടുതന്നെ അത്തരം രചനാശൈലികള്‍ അതാത് ജനസമൂഹത്തിന്റെ സാമൂഹികചരിത്രം കൂടിയാവുന്നു.
പോയകാലചരിത്രത്തോട് എന്തിനെന്നും എന്തുകൊണ്ടെന്നുമുള്ള ചോദ്യങ്ങളുയര്‍ത്തി വിശകലനം ചെയ്ത്, സമഗ്രവും ആധികാരികവും വ്യത്യസ്തവുമായ ശാസ്ത്രീയശൈലി ആദ്യമായി അവതരിപ്പിച്ചത് ഇബ്‌നുഖല്‍ദൂന്‍ ആണ്. ക്രമാനുഗതമായി അടുക്കിവച്ച ചരിത്രനാള്‍വഴികള്‍ പഠിച്ചു കൊണ്ടല്ല, അതിനെ വിശകലനം ചെയ്ത് തെറ്റും ശരിയും വേര്‍തിരിച്ചും, അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുമല്ലാതെ ശരിയായ മുന്നോട്ടുള്ള ഗമനം ഏതൊരു സമൂഹത്തിനും സാധ്യമേയല്ലെന്ന് അദ്ദേഹം പഠിപ്പിച്ചു. അത്ഭുതപ്പെടുത്തുന്ന ഗ്രന്ഥങ്ങളിലൂടെ ഗഹനവും കാലമെത്ര കഴിഞ്ഞാലും തിരുത്തില്ലാത്ത വിധവും ഇബ്‌നുഖല്‍ദൂന്‍ അവയെ സ്ഥാപിച്ചു. അതുകൊണ്ടാണ് സാമൂഹികശാസ്ത്രത്തിന്റെ പിതാവായി അദ്ദേഹത്തെ ഗണിക്കപ്പെടുന്നതും.
ഇബ്‌നുഖല്‍ദൂന്‍ അവതരിപ്പിച്ച സാമൂഹ്യശാസ്ത്രത്തെ അടിസ്ഥാനമാക്കി ചരിത്രത്തെ പഠിക്കാനുള്ള ശ്രമമെന്ന് കരുതാവുന്ന കേരളത്തിലാദ്യത്തെ സാമൂഹിക ചരിത്രരചനയും വിശകലനവുമാണ് എ.കെ കോടൂരിന്റെ 'ആംഗ്ലോ മാപ്പിളയുദ്ധം 1921'. സമരപരമ്പരകള്‍ കഴിഞ്ഞൊരു നൂറ്റാണ്ടുപോലും പിന്നിടും മുന്‍പ് സമരത്തെയും മാപ്പിളമാരെയും വികലവും വിഷമയവുമാക്കിയവരുടെ മൂര്‍ധാവിലുള്ള പ്രഹരമാണ് എ.കെ കോടൂര്‍ നല്‍കിയ മലബാര്‍ സമരചരിത്രത്തിന് 'ആംഗ്ലോ മാപ്പിള യുദ്ധം' എന്ന തലക്കെട്ട് തന്നെ.


1921ലെ സമരമൈതാനത്ത് അണിനിരന്നത് മൂന്ന് കൂട്ടരാണ്. ബ്രിട്ടീഷുകാര്‍, കോണ്‍ഗ്രസ്, പിന്നെ മാപ്പിളമാരും. അതില്‍ തന്നെ ബ്രിട്ടീഷുകാരോട് മുഖാമുഖം പോരാടിയവരെന്ന നിലക്ക് ഏറ്റവും പ്രാധാന്യമുള്ള കൂട്ടര്‍ മാപ്പിളമാരാണ്.


മൂന്നാമത്തെ വിഭാഗം സമരരംഗത്ത് കൊളോണിയലിസത്തോട് മുഖാമുഖം പോരാടിയ മാപ്പിളമാരാണ്. ബ്രിട്ടീഷുകാരും കോണ്‍ഗ്രസും അവരവരുടെ ഭാഗം അടയാളപ്പെടുത്തി. എന്നാല്‍ സമരരംഗത്ത് അതിപ്രാധാന്യമുള്ളവരും മലബാര്‍ സമരങ്ങളിലെ പ്രബലവിഭാഗവുമാണെങ്കിലും മാപ്പിളമാരുടെ ഭാഗത്ത് നിന്ന് മലബാര്‍ സമരത്തെക്കുറിച്ച് ആധികാരികമായ വിവരണമോ വിശകലനങ്ങളോ ഇക്കാലം വരെയുമുണ്ടായില്ല. എന്നാല്‍ സമരമുഖങ്ങളില്‍ നിലകൊണ്ട മാപ്പിളമാരുടെ വിവരണങ്ങളിലൂടെയും, അതിനെ സാധൂകരിക്കുന്ന രേഖകളിലൂടെയും സമരചരിത്രത്തെ ആദിമാന്ത്യം വിശകലനം ചെയ്യുന്ന ആദ്യകൃതിയാണ് 'ആംഗ്ലോ മാപ്പിള യുദ്ധം 1921'.


സാധാരണക്കാരനായ ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണത്വരകളാണ് മേത്തരമൊരു സാമൂഹ്യചരിത്രസൃഷ്ടിയിലേക്കുള്ള വാതായനങ്ങള്‍. താനടങ്ങിയ നാടിന്റെയും ജനതയുടെയും വീറുറ്റതും സമ്പന്നവുമായ ചരിത്രത്തെ വായിച്ചു തുടങ്ങുമ്പോള്‍ കൂട്ടിയോജിപ്പിക്കാനാവാത്ത വിധം വിടവുകളും വൈകല്യങ്ങളും, ഇടര്‍ച്ചകളും അകല്‍ച്ചകളും നിറഞ്ഞതാണെന്ന തിരിച്ചറിവാണ് സത്യമന്വേഷിച്ചിറങ്ങാന്‍ അലവിക്കുട്ടിയെന്ന പത്രപ്രവര്‍ത്തകനെ പ്രേരിപ്പിച്ചത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ വെടിക്കോപ്പുകളോട് നെഞ്ചൂക്ക് കൊണ്ടുമാത്രം ഒരു സമൂഹമെതിരിട്ട് കേവലം അരനൂറ്റാണ്ട് പിന്നിടും മുന്‍പേ വികലമാക്കിയ മലബാറിന്റെ പോയകാല വസ്തുതകളെ തേടി എ.കെ കോടൂര്‍ ഇറങ്ങുന്നത് 1970ലാണ്. എന്നാല്‍ 'ആംഗ്ലോ മാപ്പിള യുദ്ധം, 1921' എന്ന കൃതിക്കും അതിന്റെ പ്രസിദ്ധീകരണത്തിനും റൂഹാവുന്നത് വിദേശപഠനം കഴിഞ്ഞു തിരിച്ചെത്തിയ കാലം മുതല്‍ മുഹമ്മദലി ശിഹാബ് തങ്ങളുമായി എ.കെ കോടൂരിനുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും നിരന്തര സമ്പര്‍ക്കവുമാണ്. ഒരു ശരാശരി പത്രപ്രവര്‍ത്തകനില്‍ നിന്ന് ഒരു ചരിത്രഗവേഷകനായും സാമൂഹ്യചരിത്രകൃതിയുടെ ഗ്രന്ഥകാരനായും എ.കെയെ വളര്‍ത്തിയത് മുഹമ്മദലി തങ്ങളുടെ പ്രോത്സാഹനവും പിന്തുണയുമാണ്. 1921ലെ ഐതിഹാസിക സമരപോരാട്ടങ്ങളെ വികലമാക്കിയവതരിപ്പിച്ച ആഖ്യാനങ്ങളില്‍ പലതും തെറ്റാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ മുഹമ്മദലി തങ്ങളുമായുള്ള സംഭാഷണങ്ങളില്‍ ഇതിവൃത്തങ്ങളായി. അത്തരമൊരു സംഭാഷണമധ്യേ മുഹമ്മദലി തങ്ങള്‍ എന്തുകൊണ്ട് എ.കെക്ക് അന്വേഷണം കുറേക്കൂടി കാര്യക്ഷമമാക്കിക്കൂടെന്നും കണ്ടെത്തുന്ന വിവരങ്ങളും വിവരണങ്ങളും പുസ്തകമാക്കിക്കൂടെന്നും ചോദ്യമുയര്‍ത്തി. ആ ചോദ്യത്തിനുള്ള ഉത്തരമായി രചന പ്രസിദ്ധീകൃതമായത് 1999ലാണ്.


വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ മലപ്പുറം റിപ്പോര്‍ട്ടറായും, അല്‍പ്പകാലം മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു എ.കെ കോടൂര്‍. മലപ്പുറം ടൈംസ്, മാപ്പിളനാട്, ലീഗ് ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിക്കുകയും അനവധി ആനുകാലികങ്ങളില്‍ ലേഖനങ്ങളെഴുതുകയും ചെയ്തിട്ടുണ്ട്. കോടൂര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ 2005- 2010 കാലയളവില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചു മെമ്പറായും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട് അലവിക്കുട്ടിയെന്ന എ.കെ കോടൂര്‍.


ചരിത്രത്തിലാദ്യമായി മലബാര്‍ സമരത്തെ ആംഗ്ലോ മാപ്പിള യുദ്ധമെന്ന് വിശേഷിപ്പിച്ചത് എ.കെയാണ്. സമരപോരാട്ടങ്ങളില്‍ പങ്കെടുത്തവര്‍, പോരാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്തവര്‍, സമരത്തോടും സമരപോരാളികളോടും എതിരായിരുന്നവര്‍, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അക്രമങ്ങള്‍ക്ക് വിധേയരായവര്‍, പട്ടാളഭീകരതയില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ സഹചാരികള്‍, അവരുടെ കുടുംബങ്ങള്‍, സമരത്തിന്റെ കെടുതിയനുഭവിച്ചവര്‍, അക്കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തില്‍ ഉദ്യോഗസ്ഥരായിരുന്നവര്‍ തുടങ്ങിയവരുമായി നടത്തിയ അനേകം അഭിമുഖങ്ങളും അവരില്‍ നിന്നെല്ലാം ലഭിച്ച രേഖകളും അനുഭവക്കുറിപ്പുകളും ഓര്‍മക്കുറിപ്പുകളുമെല്ലാം സംസാരിക്കുന്ന ആധികാരിക രചന. ബ്രിട്ടീഷുകാരും അല്ലാത്തവരുമായി സമരചരിത്രങ്ങളെ അടയാളപ്പെടുത്തിയ ചരിത്രകൃതികളും മേല്‍പറഞ്ഞവരുടെ പക്കല്‍ നിന്ന് ലഭിച്ച അനേകമനേകം രേഖകളും ഡയറികളും തുടങ്ങി പഴുതടച്ചതും ലഭ്യമായ സകലവഴികളിലൂടെയുമുള്ള അന്വേഷണങ്ങള്‍. രചന പൂര്‍ത്തിയാക്കുമ്പോള്‍ ആയിരത്തിഅഞ്ഞൂറിനടുത്ത് പേജുകളുണ്ടായിരുന്നു. അതത്രയും പ്രസിദ്ധീകരിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ക്കൊടുവില്‍ 475 പേജുകളിലായാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. അങ്ങനെ ഒരു മനുഷ്യായുസിലെ കര്‍മമണ്ഡലത്തിന്റെ സിംഹഭാഗവും ഈ ഗ്രന്ഥരചനക്കായി ചെലവഴിച്ചാണ് എ.കെ പുസ്തകം പൂര്‍ത്തിയാക്കിയത്. കിളിയമണ്ണില്‍ ഫസലിനെപ്പോലുള്ളവര്‍ നേതൃത്വം കൊടുത്ത 'മലബാര്‍ വിപ്ലവ അനുസ്മരണ സമിതി'യാണ് അന്ന് പ്രസിദ്ധീകരിച്ചത്. ആ കൃതിയുടെ പരിഷ്‌കരിച്ച പതിപ്പാണ് കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രേസ് ബുക്‌സ് ഇപ്പോള്‍ പുറത്തിറക്കിയത്.


നിജസ്ഥിതി തേടിയുള്ള ഒരന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ നിതാന്തജാഗ്രതയോടെയുള്ള മുപ്പത് വര്‍ഷത്തോളം നീണ്ട അന്വേഷണങ്ങളിലെ കണ്ടെത്തലുകളും അവയ്ക്ക് ബലമേകുന്ന രേഖകളുമടങ്ങുന്ന രചന. സമരങ്ങളില്‍ പങ്കെടുത്തവര്‍ രചയിതാവിനോട് നേരിട്ട് പങ്കുവച്ച സ്വാനുഭവങ്ങളും, ചെറുതും വലുതുമായ സമരങ്ങള്‍ നടന്ന സകല പ്രദേശങ്ങളിലും നേരിട്ട് പോയി അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങളും വസ്തുതകളും. സമൂഹത്തിന്റെ നാനാതുറകളിലുള്ള മനുഷ്യരുടെയും തീഷ്ണാനുഭവങ്ങളും സാക്ഷ്യപ്പെടുത്തലുകളും. സമൂഹത്തിന്റെ സര്‍വ്വമേഖലയിലുമുള്ള മനുഷ്യരുടെയും അനുഭവമായത് കൊണ്ടുതന്നെ ആ സാമൂഹിക വൈവിധ്യങ്ങളും രചനയിലുമുണ്ട്. അതാതുകാലത്തെ ജനവിഭാഗങ്ങളുടെ അവസ്ഥാന്തരങ്ങളിലേക്ക് നയിച്ച ചരിത്രസാമൂഹിക പശ്ചാത്തലങ്ങളും സാധാരണക്കാരന് ഉള്‍ക്കൊള്ളാനാവും വിധം ലളിതമായി പറഞ്ഞുവയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് 'ആംഗ്ലോ മാപ്പിള യുദ്ധം' ആധികാരികവും സമഗ്രവും ആവുന്നതോടൊപ്പം മലബാറിന്റെ സാമൂഹിക ചരിത്രവും കൂടിയാവുന്നത്.
എന്നാല്‍ സാമൂഹികചരിത്രമാവണമെന്ന മുന്‍ധാരണകളോടെയല്ല കൃതിയുടെ രചന. നാനാവിധ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ വിവരങ്ങളും വിവരണങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയത് കൊണ്ട് അറിയാതെ സംഭവിച്ചതാണത്. അതുകൊണ്ടുതന്ന മുന്‍ധാരണകളുടെ ആടയും ആടയാഭരങ്ങളുമില്ലാത്ത രചനാശൈലി സാധാരണക്കാരന് അനുഭവേദ്യമാവുകയും ചെയ്യുന്നു. ഭാഷാപരമായി ഒഴുക്കും താളവും കൈവരുത്താന്‍ ശ്രമിക്കാത്ത സാധാരണ പത്രപ്രവര്‍ത്തകന്റെ രചനയായത് കൊണ്ടും, കല്‍പിതകഥകളോ ആഖ്യാനങ്ങളോ അശേഷമില്ലാത്തത് കൊണ്ടും ഭാഷയുടെ ചമയമോ ചമത്കാരങ്ങളോ അതിന്റെ ആലങ്കാരികതകളോ ഇല്ലാതെ നേരെഴുത്തിന്റെ തീക്ഷ്ണത വായനക്കാരനിലേക്കുമെത്തുന്നു.
മലബാറിന്റെ സാമൂഹിക പശ്ചാത്തലങ്ങളെ വിശദീകരിക്കാന്‍ ചരിത്രത്തിന്റെ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട് പുസ്തകം. പ്രാദേശികവും ജൈവീകവുമായ അനുഭവസാക്ഷ്യങ്ങളെ സാമൂഹിക ചരിത്രത്തിന്റെ അപദാനമാക്കുന്ന രീതി നവീനമായ സാംസ്‌കാരിക അന്വേഷണങ്ങള്‍ക്കും സാമൂഹിക ചരിത്രവിശകലനത്തിനും മുതല്‍ക്കൂട്ടാണെന്ന് അവതാരികയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ചരിത്രവിഭാഗം പ്രൊഫസര്‍ കെ.എസ് മാധവന്‍ പറഞ്ഞതും അതുകൊണ്ടാണ്. സാധാരണ അവതാരികകളില്‍ നിന്നു ഭിന്നമായി വിശാലവും ചരിത്രസാധുതകളുടെ കൃത്യമായ വസ്തുതാന്വേഷണങ്ങളോടെയുമുള്ള പ്രൗഢമായ കെ.എസ് മാധവന്റെ അവതാരിക പുസ്തകത്തിന്റെ തിലകച്ചാര്‍ത്തായി മാറുന്നു.


തത്വചിന്തകനും ആര്‍ക്കിയോളജിസ്റ്റുമായ ആര്‍.ജി കോളിങ് വുഡിന്റെ ചരിത്രത്തെ കുറിച്ചുള്ള പ്രശസ്തമായ ദ ഐഡിയ ഓഫ് ഹിസ്റ്ററി എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്ന ചില വസ്തുതകളുണ്ട്. ചരിത്രമെന്തെന്ന് തീരുമാനിക്കുന്നത് വ്യക്തിയോ സമൂഹമോ പ്രവര്‍ത്തിച്ചതെന്തോ അതല്ല, പ്രവര്‍ത്തനങ്ങള്‍ക്ക് നിതാനമായതും പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ച ചിന്തകളുമാണ് ചരിത്രമെന്നാണ്. 1921ല്‍ മലബാറിലെ ജനത നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിനും പോരാടിയ മാപ്പിളമാര്‍ക്കും ആത്യന്തികമായുണ്ടായിരുന്ന വൈദേശികശക്തികളില്‍ നിന്ന് മാതൃരാജ്യത്തെ മോചിപ്പിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തെ മാപ്പിളമാര്‍ നോക്കിയതും കണ്ടതും അതിനായി പ്രവര്‍ത്തിച്ചതും എങ്ങനെയെന്ന് 'ആംഗ്ലോ മാപ്പിള യുദ്ധം' വിശിഷ്ടമായി അവതരിപ്പിക്കുന്നു. ആ ചിന്തകളെയും ലക്ഷ്യങ്ങളെയും അതിനെത്തുടര്‍ഞ്ഞുണ്ടായ സംഭവപരമ്പരകളെയും സര്‍വ്വതോന്മുഖമായി ഗഹനവിശകലനം നടത്തുന്നു. അക്കാരണങ്ങളെല്ലാം കൊണ്ടുതന്നെയാണ് മലബാര്‍ കലാപത്തിന്റെ ആധികാരികവും വസ്തുതാപരവുമായ വിശകലനമായി ആംഗ്ലോ മാപ്പിള യുദ്ധം 1921 മാറുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago