രാജ്യം വിട്ടേക്കുമെന്ന് സൂചന: ബിനോയ് കോടിയേരിക്കെതിരേ മുംബൈ പൊലിസിന്റെ ലുക്കൗട്ട് നോട്ടിസ്
മുംബൈ: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലാകാതിരിക്കാന്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ കോടതി ഉത്തരവ് വരാനിരിക്കെ പ്രതിക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതിയായ ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന ലഭിച്ചതോടെയാണ് ഇതിനെ തടയിടാന്‍ മുംബൈ പൊലിസ് ഒരുമുഴം മുമ്പേ നീങ്ങുന്നത്.
ബിനോയ് എവിടെയെന്ന കാര്യത്തില്‍ ഒരു സൂചനയും ഇല്ലാത്തതിനാല്‍ പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജാമ്യം ലഭിച്ചാല്‍ ബിനോയ് അന്വേഷണത്തോട് സഹകരിക്കുമെന്നാണ് സൂചന. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ ബിനോയിയെ അറസ്റ്റ് ചെയ്‌തേ മതിയാകൂ. കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട സംശയത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ബിനോയ് ഇക്കാര്യം തള്ളിക്കളഞ്ഞതിനാല്‍ ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂ. അതിനും ബിനോയിയെ കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇതിനെല്ലാം വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
ഇനി വിമാനത്താവളങ്ങളില്‍ ബിനോയിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍ നല്‍കും. നിലവില്‍ അറസ്റ്റിന് കോടതിയുടെ വിലക്കില്ലെങ്കിലും തീരുമാനം വരും വരെ അറസ്റ്റ് നടപടി വേണ്ടെന്നായിരുന്നു പൊലിസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."