വെല്‍ഫെയര്‍ പാര്‍ട്ടി: പലയിടത്തും പരസ്യസഖ്യം പുറത്തുപറയാന്‍ മടിച്ച് യു.ഡി.എഫ്
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യവുമായി മുന്നോട്ടുപോകുമ്പോഴും ഇക്കാര്യം പരസ്യമായി പറയാന്‍ തയാറാവാതെ യു.ഡി.എഫ്.
പ്രാദേശിക തലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും സംസ്ഥാന, ജില്ലാതലങ്ങളില്‍ ബന്ധം അംഗീകരിക്കാന്‍ യു.ഡി.എഫ് നേതൃത്വം തയാറാകുന്നില്ല. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. ഇവിടെയെല്ലാം യു.ഡി.എഫിനൊപ്പം ചേര്‍ന്നാണ് മത്സരം. പ്രാദേശിക നീക്കുപോക്ക് മാത്രമേ ഉള്ളൂവെന്ന യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ വാദങ്ങളെ തള്ളിയാണ് പലേടത്തും പരസ്യസഖ്യത്തിലേര്‍പ്പെടുന്നത്.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്വന്തം ചിഹ്നമായ ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നത്. എന്നാല്‍ ജില്ലാപഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്നുപറയാതെ യു.ഡി.എഫ് സ്വതന്ത്രര്‍ എന്ന നിലയ്ക്കാണ് മത്സരം.
സഖ്യത്തിനെതിരേ മുന്നണി നേതൃത്വത്തില്‍ തന്നെ എതിര്‍പ്പു രൂക്ഷമായതോടെയാണ് ജില്ലാതലത്തില്‍ വെല്‍ഫെയര്‍ സ്ഥാനാര്‍ഥികളെ സ്വതന്ത്രരായി രംഗത്തിറക്കാന്‍ യു.ഡി.എഫ് നേതൃത്വം തയാറായത്. പരസ്യപ്രചാരണത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഒഴിവാക്കാന്‍ യു.ഡി.എഫ് നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇവരുമായി വേദി പങ്കിടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ പ്രാദേശികതലത്തില്‍ ഇതൊന്നും വകവയ്ക്കാതെ പരസ്യമായ ബാന്ധവം പ്രകടമാണ്.
'യു.ഡി.എഫ് പിന്തുണക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി' എന്നാണ് പ്രചാരണ ബോര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ ജില്ലാതലത്തിലെ യു.ഡി.എഫ് പ്രചാരണങ്ങളിലും വാര്‍ത്താക്കുറിപ്പുകളിലും പാര്‍ട്ടിയുടെ പേര് പരാമര്‍ശിക്കുന്നില്ല.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം വേണ്ടെന്ന നിലപാട് കണിശമായി പറഞ്ഞത് കോണ്‍ഗ്രസ് ആണ്. അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയെ പരസ്യമായി തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നുമില്ല.
മുന്‍കാലങ്ങളില്‍ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കൂടെയായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി. എന്നാല്‍, ഇത്തവണ യു.ഡി.എഫിനെ സഹായിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ വെല്‍ഫെയര്‍ പാര്‍ട്ടി നയംവ്യക്തമാക്കി മുന്നോട്ടുവന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയെ അംഗീകരിക്കുന്ന നിലപാടായിരുന്നു മുസ്‌ലിംലീഗ് തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസാകട്ടെ തുടക്കത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് അനുകൂലമായി നീങ്ങിയിരുന്നു. യു.ഡി.എഫ് കണ്‍വിനര്‍ എം.എം ഹസന്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, പിന്നീട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ബന്ധത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രത്യക്ഷ ബന്ധമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. അതേസമയം, നീക്കുപോക്കുകള്‍ ഉണ്ടാവമെന്ന് അറിയിക്കുകയും ചെയ്തു.
പിന്നീട് ലീഗും ഇതേ നയം സ്വീകരിച്ചു. യു.ഡി.എഫ് വര്‍ഗീയ കക്ഷികളുമായി കൂട്ടുചേരുന്നു എന്ന പ്രചാരണം സി.പി.എമ്മും ഇടതുമുന്നണിയും പ്രചരിപ്പിക്കുമെന്ന ആശങ്കയാണ് കോണ്‍ഗ്രസിനെ പിന്നോട്ട് വലിച്ചത്.
കോണ്‍ഗ്രസിന്റെ അഭിപ്രായം മുഖവിലക്കെടുക്കാതെ നീങ്ങാന്‍ ലീഗിന് സാധിച്ചിട്ടില്ല. അതേസമയം, യു.ഡി.എഫുമായി ഉണ്ടാക്കിയ ധാരണ പരസ്യപ്പെടുത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സങ്കോചമൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."