പാചകവാതക കമ്പനികള്‍ കാട്ടുന്നതു അനീതി: കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ : പ്രളയത്തെ തുടര്‍ന്ന് എല്‍.പി.ജി സിലിണ്ടറുകള്‍ നഷ്ടപെട്ടവരോട് പാചകവാതക കമ്പനികള്‍ കാട്ടുന്ന വിവേചനപരമായ സമീപനം അവസാനിപ്പിക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക സൗജന്യ നിരക്കില്‍ പുതിയ സിലിണ്ടറുകള്‍ അനുവദിക്കുമെന്ന് നല്‍കിയ ഉറപ്പില്‍ നിന്നും ഇപ്പോള്‍ കമ്പനികള്‍ പിന്മാറുന്നത് ശരിയല്ല.
ബി.പി.എല്‍ വിഭാഗത്തിലുള്ള എല്ലാവര്‍ക്കും നേരത്തെ പ്രഖ്യാപിച്ച പ്രകാരം 200 രൂപയ്ക്കു സിലിണ്ടറുകള്‍ നല്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല. പകരം ഉജ്വല്‍ യോജന സ്‌കീം വഴി കണക്ഷന്‍ അനുവദിച്ചവര്‍ക്ക് മാത്രമാണ് 200 രൂപക്ക് പകരം സിലണ്ടര്‍ നല്‍കുന്നത്. പാചകവാതക വിതരണ കമ്പനികളുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ ഗൗരവകരമായ വീഴ്ചയാണുണ്ടായിരിക്കുന്നത്. ചില കമ്പനികള്‍ പകരം സിലിണ്ടറുകള്‍ നല്‍കാന്‍ പോലും തയ്യാറാകുന്നില്ലെന്നും പരാതിയുണ്ടെന്നും എം.പി പറഞ്ഞു.
പ്രളയ സാഹചര്യം മുന്‍നിര്‍ത്തി പ്രഖ്യാപിച്ച ആശ്വാസ നടപടികളില്‍ കമ്പനികള്‍ വെള്ളം ചേര്‍ക്കുന്ന സാഹചര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രിക്കു എം.പി കത്ത് നല്‍കി. ജില്ലാതലത്തില്‍ ഈകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം 29ന് ആലപ്പുഴയില്‍ പൊതുമേഖലാ പാചക വാതക വിതരണ കമ്പനികളുടെ യോഗം വിളിക്കാനും എം പി ജില്ലാ കളക്റ്റര്‍ക്കു നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."