ആധാര്‍: സര്‍ക്കാരിന് തിരിച്ചടിയാവുന്ന വിധിയാവുന്നത് എങ്ങനെ?
ന്യൂഡല്‍ഹി: സാമ്പത്തിക, മറ്റു സബ്‌സിഡികള്‍, ഗുണങ്ങളും സേവനങ്ങളും നല്‍കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ 'ആധാര്‍ ആക്ട് 2016' പാസാക്കിയത്. ചില വകുപ്പുകളില്‍ എതിര്‍പ്പുണ്ടായതിനാല്‍ ഭേദഗതി കൂടാതെ പാസാക്കാന്‍ അനുവദിക്കില്ലെന്നായി പ്രതിപക്ഷം. എന്നാല്‍, ധനബില്ലായി പാര്‍ലമെന്റില്‍ പാസാക്കിയെടുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
തത്വത്തില്‍ ആധാറിന് സുപ്രിംകോടതി അംഗീകാരം നല്‍കിയെങ്കിലും അഞ്ചംഗ ബെഞ്ചില്‍ രണ്ടു പേര്‍ ആധാറിനെ ശക്തമായി എതിര്‍ത്തു. ആധാര്‍ മൊത്തത്തില്‍ ഭരണഘടനാ വിരുദ്ധമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഢ് വിധിപ്രസ്താവത്തില്‍ പറഞ്ഞത്. ധനബില്ലായി ആധാറിനെ അവതരിപ്പിച്ചതു തന്നെ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അതേസമയം, ജസ്റ്റിസ് എ.കെ സിക്രി വായിച്ച ഭൂരിപക്ഷ വിധിയില്‍, ധനബില്ലായി അവതരിപ്പിച്ചതില്‍ കുഴപ്പമില്ല എന്നാണ് പറയുന്നത്.
''ധനബില്ലായി ആധാര്‍ ആക്ട് പാസാക്കിയത് ഭരണഘടനയോടുള്ള തട്ടിപ്പ്''- ജസ്റ്റിസ് ചന്ദ്രചൂഢ്
മൊബൈല്‍ കണക്ഷന്‍, ബാങ്ക് അക്കൗണ്ട് എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന പ്രധാന വിധിയും കേന്ദ്ര സര്‍ക്കാരിന് എതിരാണ്. മൊബൈലുമായി ആധാര്‍ കാര്‍ഡിനെ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഡിസംബര്‍ 31 വരെ സമയം നിര്‍ണയിച്ച ഘട്ടത്തില്‍ കൂടിയാണ് അതിനെ അസ്ഥാനത്താക്കി കൊണ്ട് വിധി വന്നിരിക്കുന്നത്.
മൊബൈല്‍ അടക്കം സ്വകാര്യ കമ്പനികള്‍ക്ക് ഒരു മാനദണ്ഡവുമില്ലാതെ ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിപ്പിച്ചതും കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ ആധാര്‍ ആക്ടിലെ 57-ാം വകുപ്പ് റദ്ദാക്കിയതോടെ ഇതിനും കോടതി തടയിട്ടു. വ്യക്തിയുടെ വിവരങ്ങള്‍ ഉറപ്പിക്കുന്നതിനായി സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറണമെന്നായിരുന്നു ഈ വകുപ്പില്‍ പറഞ്ഞിരുന്നത്.
വിവര ചോര്‍ച്ചയുണ്ടെങ്കില്‍ വ്യക്തികള്‍ക്ക് പരാതി നല്‍കാനാവില്ലെന്നും ആധാര്‍ അഥോറിറ്റിക്കു മാത്രമേ അതിന് അവകാശമുള്ളൂ എന്നും പറയുന്ന 47-ാം വകുപ്പും റദ്ദാക്കി. ഇതും കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാണ്. പ്രത്യേകിച്ച്, ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ഇടയ്ക്കിടെ ആരോപണം വരുന്ന സ്ഥിതിക്ക്.
33 (2) -ാം വകുപ്പും റദ്ദാക്കിയവയില്‍പ്പെടും. ദേശീയ സുരക്ഷാ താല്‍പര്യത്തിനു വേണ്ടി ജോയിന്റ് സെക്രട്ടറി റാങ്കില്‍ താഴെയല്ലാത്തവര്‍ക്ക് ഏതൊരാളുടെയും ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അനുമതി നല്‍കുന്നതായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."