മണ്ണിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, മനസിനേയും
ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ അവസാനത്തെ വര്‍ഷകാല സമ്മേളനം പാസാക്കിയ ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍) ആക്ട് 2020, ഫാര്‍മേര്‍സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രീമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസസ് ആക്ട് 2020, എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ആക്ട് 2020 എന്നിവയ്‌ക്കെതിരെയാണ് സമരം. ഈ നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് തൊട്ടുപിന്നാലെ പഞ്ചാബിലും ഹരിയാനയും സമരം തുടങ്ങിയിരുന്നു.
ി എന്താണ് പ്രശ്‌നം
2003 ലെ കാര്‍ഷികോല്‍പന്ന കമ്പോള സമിതി (ഏ.പി.എം.സി ആക്ട്) നിയമത്തിന്റെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഉത്തരേന്ത്യയിലെ കാര്‍ഷിക മേഖലയില്‍ സാധാരണമായതും സാധാരണക്കാരുടെ ആശ്രയവുമായ പരമ്പരാഗത ഗ്രാമചന്ത സംവിധാനത്തെ തകര്‍ത്ത് വന്‍കിട കോര്‍പ്പറേറ്റുകളുടെ റീട്ടെയില്‍ ശൃംഖലകള്‍ക്ക് വഴിയൊരുക്കാനാണ് നിയമങ്ങള്‍ കൊണ്ടുവന്നതെന്നാണ് ആരോപണം. താങ്ങുവില സംവിധാനം റദ്ദാക്കപ്പെട്ടു. കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പന സ്ഥലം (കമ്പോളം), വ്യാപാരി, തര്‍ക്കപരിഹാരം എന്നിയെക്കുറിച്ചുള്ള നിയമത്തിലെ നിര്‍വചനങ്ങളും വ്യവസ്ഥകളുമാണ് കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.
ഏ.പി.എം.സി ചട്ടം പ്രകാരം കാര്‍ഷികോല്‍പന്ന കമ്പോള സമിതിയുടെ നേതൃത്വത്തിലുള്ള പ്രധാന കമ്പോളത്തിന്റെയോ ഉപകമ്പോളത്തിന്റെയോ പരിധിക്കുള്ളിലുള്ള പരിസരങ്ങള്‍, അങ്കണങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയാണ് വില്‍പന സ്ഥലം. ലളിതമായി ഇതിനെ ചന്തകള്‍ എന്നുവിളിക്കാം. ഓരോ മേഖലയിലെയും കാര്‍ഷിക ഉല്‍പന്നങ്ങള്‍ അതതു പ്രാദേശിക ചന്തകളില്‍നിന്ന് പ്രദേശത്തെ വില നിലവാരം അനുസരിച്ച് വില്‍ക്കുകയാണ് നിലവിലുള്ള രീതി.
വില നിശ്ചയിക്കുന്നത് കാര്‍ഷികോല്‍പന്ന കമ്പോള സമിതി അഥവാ ഏ.പി.എം.സിയാണ്. വില ഉറപ്പിനൊപ്പം താങ്ങുവിലയും ഉറപ്പിക്കാം. പുതിയ നിയമ പ്രകാരം എവിടെയാണോ കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നത് അവിടമെല്ലാം കമ്പോളത്തിന്റെ നിര്‍വചനത്തില്‍പ്പെടും. കമ്പോളപരിധിക്കു പുറത്ത് വില്‍പനസ്ഥലം അനുവദിക്കുന്നത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് റീട്ടെയില്‍ ശൃംഖല തുടങ്ങാന്‍ സഹായിക്കും. അതോടെ പരമ്പരാഗത ചന്തകള്‍ തകരും.
ി മായുന്നു,
ഗ്രാമച്ചന്തകള്‍
നിലവില്‍ ഏ.പി.എം.സി നേതൃത്വത്തില്‍ നിലവിലുള്ള ചന്തകള്‍ 200 മുതല്‍ 300 വരെ ഗ്രാമങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം കമ്പോളത്തിന്റെ പരിധി പരിമിതമാണ്. അതോടെ നിരവധി ഗ്രാമങ്ങള്‍ വിപണനസംവിധാനത്തില്‍ നിന്ന് പുറത്താകും. ഏ.പി.എം.സിയില്‍ നിന്ന് ലൈസന്‍സ് വാങ്ങുന്നവരായിരുന്നു വ്യാപാരികളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നത്. പുതിയ നിയമ പ്രകാരം ഉല്‍പാദകര്‍, കയറ്റുമതിക്കാര്‍, മൊത്തവ്യാപാരികള്‍, മില്‍ ഉടമകള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെല്ലാം വ്യാപാരി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടും. കമ്മിഷന്‍ ഏജന്റുമാര്‍ ഇല്ലാതാവും.
ഗ്രാമചന്തകളിലെ കച്ചവടക്കാര്‍ക്ക് ബാങ്ക് വായ്പകള്‍ കിട്ടാന്‍ പ്രയാസമാണ്. കമ്മിഷന്‍ ഏജന്റുമാര്‍ കൊടുക്കുന്ന കൈവായ്പകളാണ് ഇവരുടെ ആശ്രയം. വിളവിറക്കുന്നതിന് മുമ്പ് കമ്മിഷന്‍ ഏജന്റുമാര്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുകയും വിളവെടുത്ത് കഴിഞ്ഞാല്‍ ആ പണം മടക്കി നല്‍കുകയാണ് കാലങ്ങളായി ഉത്തരേന്ത്യന്‍ രീതി. കമ്മിഷന്‍ ഏജന്റുമാര്‍ ഇല്ലാതാകുന്നതോടെ ചെറുകിട വായ്പകള്‍ നിലയ്ക്കും. കമ്മിഷന്‍ ഏജന്റുമാര്‍ തൊഴില്‍ രഹിതരാകുകയും ചെയ്യും. ഇവിടെ വന്‍കിടക്കാര്‍ കൈയടക്കും.
വിളവിറക്കും മുമ്പുതന്നെ വിളകളുടെ വില നിശ്ചയിക്കുന്ന കരാര്‍ കൃഷിക്കായിരിക്കും നിയമങ്ങള്‍ വഴി തുറക്കുക. കൃഷി ചെയ്യേണ്ട വിള ഏതാണെന്ന് കര്‍ഷകരല്ല, വന്‍കിട കമ്പനികള്‍ നിശ്ചയിക്കുന്ന രീതിയാണ് കരാര്‍ കൃഷി സംവിധാനത്തിലുള്ളത്. ഇത് കര്‍ഷകരെ സ്വന്തം ഭൂമിയില്‍ അടിമത്തൊഴിലാളികളാക്കും.
ി തര്‍ക്കപരിഹാരവും
പ്രശ്‌നം
വ്യാപാരിയും കര്‍ഷകരും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ഇരുകൂട്ടരും ചേര്‍ന്ന് പരിഹാരത്തിനായി സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിനു പരാതി നല്‍കുകയും ഈ പരാതി തര്‍ക്ക പരിഹാര ബോര്‍ഡിന് സമര്‍പ്പിക്കപ്പെടുകയും ചെയ്യുകയാണ് പുതിയ നിയമത്തിലെ രീതി. ഈ വകുപ്പ് തങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കര്‍ഷകരുടെ ആശങ്ക. കമ്പോളത്തില്‍ വ്യാപാരികള്‍ മാര്‍ക്കറ്റ് ഫീസ് കൊടുക്കുന്ന രീതി ഏ.പി.എം.സി നിയമ പ്രകാരമുണ്ട്.
ഈ മാര്‍ക്കറ്റ് ഫീസ് കൂടി ചേര്‍ത്താണ് നിലവിലുള്ള സംവിധാനത്തില്‍ വില നിശ്ചയിക്കുന്നത്. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് മാര്‍ക്കറ്റ് ഫീസ് ഒഴിവാക്കി. ഇത് വന്‍കിട കമ്പനികള്‍ക്ക് ഗുണകരമായ നീക്കമാണ്. വന്‍കിട കമ്പനികള്‍ ഈ ഫീസ് ഒഴിവാക്കി തുടക്കത്തില്‍ വില കുറച്ച് ഉല്‍പന്നങ്ങള്‍ വിപണനം നടത്തും. അതോടെ ചെറുകിട വില്‍പ്പനക്കാര്‍ തകരും. പിന്നാലെ കമ്പോളത്തിലെ ആധിപത്യം വന്‍കിടക്കാര്‍ക്കാവും.
ിപൂഴ്ത്തിവയ്ക്കാന്‍
സഹായം
അവശ്യവസ്തു നിയമ ഭേദഗതിയോടെ ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണ, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവായി. ഈ കാര്‍ഷികോല്‍പന്നങ്ങള്‍ പരിധികളില്ലാതെ സംഭരിച്ചു സൂക്ഷിച്ചുവയ്ക്കുന്നതിനാണ് നിയമത്തില്‍ മാറ്റം വരുത്തിയത്. ഇതു കോര്‍പ്പറേറ്റുകള്‍ക്ക് പൂഴ്ത്തിവയ്പ്പിന് സഹായമാകും.
അവര്‍ക്ക് വിലക്കയറ്റമുണ്ടാക്കാനും കഴിയും. കോര്‍പറേറ്റുകള്‍ വിതരണശൃംഖലയും വിപണിയും നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകും.
സമരച്ചൂടില്‍ ഡല്‍ഹിക്ക്
മറ്റൊരു ശൈത്യകാലം
കഴിഞ്ഞ വര്‍ഷം ശൈത്യകാലത്ത് ഡല്‍ഹിയില്‍ ഉയര്‍ന്നുകേട്ടത് പൗരത്വനിയമ ഭേദഗതിക്കെതിരായ മുദ്രാവാക്യങ്ങളായിരുന്നെങ്കില്‍ ഒരു വര്‍ഷത്തിനുശേഷം രാജ്യതലസ്ഥാനം കര്‍ഷക സമരച്ചൂടില്‍. 2019 ഡിസംബര്‍ ആദ്യമാണ് പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ ഡല്‍ഹിയില്‍ ആരംഭിച്ചത്. ഡിസംബര്‍ 15ന് നടന്ന ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പൊലിസ് അതിക്രമത്തോടെ സമരം ശക്തിയാവുകയായിരുന്നു. അതോടൊപ്പം തന്നെ രാജ്യമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച ഷഹീന്‍ബാഗ് സമരവും ആരംഭിച്ചു. ഡല്‍ഹി ശൈത്യം കനത്ത നവംബര്‍ അവസാനത്തിലാണ് കര്‍ഷക സമരവും ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഡല്‍ഹി അതിര്‍ത്തി വളഞ്ഞ് തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ ഇതുവരെ പൂര്‍ണമായും ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ തയാറായിട്ടില്ല. സമരം നീണ്ടേക്കുമെന്ന് മുന്‍കൂട്ടി കണ്ട് നാലുമാസത്തെ റേഷനും കരുതിയെത്തിയ കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന കടുത്ത നിലപാടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."