ജില്ലയിലെ മുഴുവന്‍ സ്‌കൂളിലും 'വിശ്രാന്തി ' ശുചിമുറി
കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും 'വിശ്രാന്തി 'യെന്ന പേരില്‍ ശുചിമുറികള്‍ സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കി. 'സുപ്രഭാതം' കഴിഞ്ഞ പ്രസിദ്ധീകരിച്ച 'വടക്കന്‍ കാറ്റ് ' പംക്തിയിലെ 'പേരിനു പോലുമില്ല സ്ത്രീ സൗഹൃദ'മെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടല്‍ ജില്ലാ പഞ്ചായത്ത് തയാറായത്. പദ്ധതി നേരത്തെ തയാറാക്കിയതാണെങ്കിലും പ്രവൃത്തി തുടങ്ങിയിരുന്നില്ല. ഇതേ തുടര്‍ന്ന് ആദ്യഘട്ടമായി 34 സ്‌കൂളുകളില്‍ വിശ്രാന്തി ശുചിമുറി നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍ദേശം നല്‍കി. നാപ്കിന്‍ ലഭിക്കുന്നതും അതു ഉപയോഗ ശേഷം ഉപേക്ഷിക്കാനും സൗകര്യമുള്ള ശുചിമുറിയാണ് വിശ്രാന്തി പദ്ധതിയിലൂടെ നടപ്പാക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഇതിനായി ഓരോ സ്‌കൂളിനും 15 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 34 സ്‌കൂളുകളില്‍ അടിയന്തിരമായും മറ്റു സ്‌കൂളുകളില്‍ ഘട്ടംഘട്ടമായും പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 17 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ഉപയോഗിക്കുന്നതിനായി അത്യാധുനിക രീതിയിലുള്ള ഷീ ടോയ്‌ലറ്റ് സ്ഥാപിക്കാനുള്ള നിര്‍ദേശം നല്‍കിയതായും പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഷീ ടോയ്‌ലറ്റ് പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും എ.ജി.സി ബഷീര്‍ പറഞ്ഞു. ഇതിനായി പാലക്കാടെ ഒരു കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന് നിരവധി പദ്ധതികള്‍ നേരത്തെ നടപ്പാക്കി വരുന്നതായും ജില്ലയിലെ കുടുംബശ്രീകളെ ഉപയോഗിച്ചു ജില്ലയിലേക്ക് വേണ്ട നാപ്കിന്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ആലോചനയിലുള്ളതായും അദേഹം പറഞ്ഞു.
വനിതാ അധ്യാപകരുടെ യോഗം വിളിച്ചു
കാസര്‍കോട്: ജില്ലയിലെ സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ വിദ്യാര്‍ഥിനികള്‍ക്ക് ഉപയോഗപ്പെടുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ വനിതാ അധ്യാപകരുടെ അടിയന്തിര യോഗം വിളിച്ചു. സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള വെന്‍ഡിംഗ് മെഷീന്റെ ചുമതലയുള്ള വനിതാ അധ്യാപകരുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്കു നാപ്കിന്‍ വെന്‍ഡിങ് മെഷിന്‍ കൃത്യമായി ലഭിക്കുന്നില്ലെന്നും എളുപ്പത്തില്‍ എടുക്കാവുന്ന സ്ഥലങ്ങളിലല്ല മെഷിന്‍ സ്ഥാപിച്ചിട്ടുള്ളതെന്നുമുള്ള പരാതികളെ തുടര്‍ന്നാണ് യോഗം വിളിച്ചത്. ഉദാസീന നിലപാടു സ്വീകരിക്കുന്ന അധ്യാപികമാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് യോഗത്തില്‍ മുന്നറിയിപ്പു നല്‍കി. പൊതു ഇടങ്ങളില്‍ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനായി 'അമ്മ മുറി' ജില്ലാ പഞ്ചായത്തിന്റെ പരിഗണനയിലുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അനുയോജ്യ ഇടങ്ങളിലെല്ലാം അമ്മ മുറി സ്ഥാപിക്കാന്‍ അടുത്ത ഘട്ട പദ്ധതിയില്‍ തുക നീക്കിവെക്കുമെന്നും അദേഹം പറഞ്ഞു.
നീലേശ്വരത്ത് സുസജ്ജമായ മത്സ്യ മാര്‍ക്കറ്റ്
നീലേശ്വരം: നീലേശ്വരത്തെ മത്സ്യ മാര്‍ക്കറ്റില്‍ വനിതാ മത്സ്യ വില്‍പ്പനക്കാര്‍ക്ക് ഇനി സുസജ്ജമായ മത്സ്യ മാര്‍ക്കറ്റ്. നിലവിലെ മത്സ്യ മാര്‍ക്കറ്റ് അവിടെ നിന്നു പാലത്തിനു സമീപം വടക്കുഭാഗത്തേക്കു മാറ്റാനാണ് പദ്ധതി തയാറാവുന്നത്. 25 സെന്റ് സ്ഥലം വാടകക്കെടുത്താണ് നഗരസഭ മാര്‍ക്കറ്റു പണിയുക. ശുചിമുറിയും വിശ്രമ മുറിയുമടക്കമുള്ള ആധുനിക രീതിയിലുള്ള മത്സ്യ മാര്‍ക്കറ്റാണു പണിയാന്‍ ഉദ്ദേശിക്കുന്നതെന്ന് നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി ജയരാജന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് നിവേദനം നല്‍കാനെത്തിയ ധീവരസഭ നേതാക്കള്‍ക്ക് പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
കാസര്‍കോട് തുറസായ ഇടങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനമില്ലാത്ത ജില്ലയാകും
കാസര്‍കോട്: തുറന്ന സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കാന്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും സൗകര്യമൊരുക്കുന്നതിനുളള പദ്ധതി സെപ്റ്റംബര്‍ 15 നകം പൂര്‍ത്തീകരിക്കുമെന്ന് കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. ജില്ലയിലെ പഞ്ചായത്തുകളെ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താത്ത പഞ്ചായത്തുകളായി ഒക്‌ടോബര്‍ രണ്ടിനു പ്രഖ്യാപിക്കും. പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ നാലു താലൂക്കുകളിലും ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കു ചുമതല നല്‍കിയിട്ടുണ്ട്.
കാസര്‍കോട് താലൂക്കില്‍ എഡി.എം, കെ അംബുജാക്ഷന്‍, ഹൊസ്ദുര്‍ഗ്ഗില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എച്ച്് ദിനേശന്‍, മഞ്ചേശ്വരത്ത് ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) എന്‍ ദേവിദാസ്, വെള്ളരിക്കുണ്ട് താലൂക്കില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.കെ ജയശ്രീ എന്നിവരെയാണ് ചാര്‍ജ്ജ് ഓഫിസര്‍മാരായി നിയോഗിച്ചിട്ടുളളത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പദ്ധതിയുടെ നോഡല്‍ ഓഫിസറായിരിക്കും.
ഓരോ ഗ്രാമപഞ്ചായത്തിലും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പഞ്ചായത്തു തല നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കും. 15,400 രൂപയാണ് ഒരു ഗുണഭോക്താവിനു കക്കൂസ് നിര്‍മാണത്തിന് അനുവദിക്കുന്നത്. ഇതില്‍ 12,000 രൂപ ജില്ലാ ശുചിത്വമിഷനും 3,400 രൂപ പഞ്ചായത്ത് വിഹിതവുമായി അനുവദിക്കും.
ശുചിത്വമിഷന്റെ വിഹിതം ലഭിക്കാന്‍ കാലതാമസമുണ്ടാകുന്ന സാഹചര്യത്തില്‍ അതാതു പഞ്ചായത്തുകള്‍ ഈ തുക കൂടി പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 3500 കക്കൂസുകളുടെ നിര്‍മാണം തുടങ്ങി ഇതില്‍ എണ്ണൂറോളം പൂര്‍ത്തീകരിച്ചു. ശുചിമുറി നിര്‍മാണത്തിനു കുടുംബശ്രീ പരിശീലനം നല്‍കും. നിര്‍മിതി കേന്ദ്ര എന്‍ജിനീയര്‍മാരെ ഇതിനായി നിയോഗിക്കും.
ബ്ലോക്ക് പരിധിയില്‍ 10 പേര്‍ക്കു വീതം സംസ്ഥാനതലത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സജീവമായി രംഗത്തിറങ്ങണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങളും ഈ പദ്ധതിയുടെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും സെപ്റ്റംബര്‍ 15 നകം തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കാനുളള സംവിധാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ പറഞ്ഞു.
സ്ഥാപനങ്ങളില്‍ പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണം: കലക്ടര്‍
കാസര്‍കോട്: സ്ത്രീകളെ അവരുടെ ജോലി സ്ഥലങ്ങളില്‍ ലൈംഗികമായി പീഡിപ്പിക്കുന്നതു തടയുന്നത് ഉറപ്പുവരുത്തുന്നതിനായി പത്തും അതില്‍ കൂടുതലും ജീവനക്കാര്‍ പ്രവര്‍ത്തിയെടുക്കുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും പരാതി പരിഹാര സമിതികള്‍ക്കു രൂപം കൊടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
2013 ലെ തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയല്‍ (പ്രിവന്‍ഷന്‍, പ്രൊഹിബിഷന്‍ ആന്റ് റീഡ്രെസ്സല്‍) ആക്ട് പ്രകാരം ഇതു തൊഴില്‍ദായകരുടെയും ഉത്തരവാദിത്വപ്പെട്ടവരുടെയും ബാധ്യതയാണ്.
കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യമൊരുക്കുക, അവയുടെ നിര്‍ദേശം നടപ്പിലാക്കുക എന്നിവയും തൊഴിലുടമ പാലിക്കണം.
ഇതില്‍ വീഴ്ച വരുത്തുന്നത് 50,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
മുമ്പ് ഇതേ കുറ്റത്തിനു ശിക്ഷിക്കപ്പെട്ട തൊഴിലുടമയ്ക്ക് ഇരട്ടി ശിക്ഷ ലഭിക്കുന്നതാണ്. സ്ത്രീകളോടു വിവേചനപരവും അനഭിമതമായതുമായ ചിന്തയോടുകൂടിയ പെരുമാറ്റം ഒഴിവാക്കുന്നതിനും മതിയായ വിശ്രമത്തിനും ശുചിത്വം ഉറപ്പാക്കി ആരോഗ്യപരമായി ജോലി നിര്‍വഹിക്കുന്നതിനുമുള്ള സാഹചര്യം ഉറപ്പാക്കണം. സ്ത്രീ തൊഴിലാളികളുടെ ലിംഗപരമായ സമത്വം ഉറപ്പുവരുത്തുന്നതിനായി ഇനിയും കമ്മിറ്റി രൂപീകരിച്ചിട്ടില്ലാത്ത എല്ലാ സ്ഥാപനങ്ങളിലും സമിതി രൂപീകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."