രണ്ടാം ജയം തേടി യുവന്റസ്
റോം: ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും. രാത്രി 10.25ന് നടക്കുന്ന മത്സരത്തില്‍ ജര്‍മന്‍ ക്ലബായ ഹോഫന്‍ഹെയിമും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ലിയോണിനോട് 2-1 എന്ന സ്കോറിന് സിറ്റി പരാജയപ്പെട്ടിരുന്നു.
ആദ്യ മത്സരത്തില്‍ ബര്‍ണാഡോ സില്‍വയായിരുന്നു സിറ്റിക്കായി ആശ്വാസ ഗോള്‍ നേടിയത്. സ്വന്തം മൈതാനത്തേറ്റ തോല്‍വി സിറ്റിക്ക് കനത്ത തിരിച്ചടിയാകും. ഗ്രൂപ്പ് എഫില്‍ ലിയോണും ഹോഫന്ഹെയിമുമാണ് ഇപ്പോള്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്. ഷാക്തറാണ് മൂന്നാം സ്ഥാനത്ത്.
മൈനസ് ഒരു ഗോള്‍ വ്യത്യാസമുള്ള സിറ്റി നാലാം സ്ഥാനത്താണുള്ളത്. ഗ്രൂപ്പില്‍ നിന്ന് ഒന്നാമതായി കയറണമെങ്കില്‍ സിറ്റിക്ക് ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചേ മതിയാകൂ. അതേ സമയം നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഹോഫന്‍ഹെയിമിന് ഒരു പോയിന്റാണുള്ളത്. ഷാക്തറുമായുള്ള മത്സരത്തില്‍ 2-2 എന്ന സ്കോറിനു സമനില പിടിച്ചതോടയാണ് ഹോഫന്‍ഹെയിമിന് ഒരു പോയിന്റ് ലഭിച്ചത്. അടുത്ത മത്സരങ്ങളില്‍ കൂടി മികച്ച പ്രകടനം നടത്തി രണ്ടാംഘട്ടം ഉറപ്പുവരുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പരിശീലകന് ജൂലിയന്‍.
ഹോഫന്‍ഹെയിമിന്റെ ഹോം മത്സരമാണ് ഇന്ന് നടക്കുന്നതെന്നതിനാല്‍ സിറ്റിക്ക് മത്സരം കടുത്തതാകും. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തന്മാരായ യുവന്റസ് സ്വിസ് ക്ലബായ യങ് ബോയ്സിനെ നേരിടും. യുവന്റസ് ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വലന്‍സിയയെ തോല്പിച്ചിരുന്നു.
മിറാലെം പ്യാനിക്കായിരുന്നു യുവന്റസിന് വേണ്ടി രണ്ട് ഗോളും സ്കോര്‍ ചെയ്തത്. മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ചുവപ്പു കാര്‍ഡ് കാണേണ്ടിയും വന്നു. ഇന്ന് നടക്കുന്ന മത്സരം ഹോം ഗ്രൗണ്ടിലായതിനാല്‍ യുവന്റസ് ജയപ്രതീക്ഷയിലാണ്. ഗ്രൂപ്പ് എച്ചില് പട്ടികയില്‍ പൂജ്യം പോയിന്റുമായി നാലാം സ്ഥാനത്താണ് യങ് ബോയ്സുള്ളത്. ഇന്നത്തെ മത്സരത്തില്‍ യങ് ബോയ്സ് പരാജയപ്പെടുകയാണെങ്കില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തു തന്നെ തുടരേണ്ടി വരും.
ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് യങ് ബോയ്സ് പരാജയപ്പെട്ടിരുന്നു.
മൂന്ന് പോയിന്റുമായി യുവന്റസ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. നാളെയാണ് റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, റോമ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകള്‍ മത്സരത്തിനിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."