നെടുമ്പാശേരി ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും
കാത്തിരിപ്പ് പട്ടികയില്‍ നിന്ന് 25 പേര്‍ക്ക് കൂടി അവസരം
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി ഹജ്ജ് ക്യാംപില്‍ നിന്നും ഇതുവരെ 2044 പേര് മദീനയിലെത്തി. രണ്ട് വിമാനങ്ങളിലായി 684 തീര്‍ഥാടകരാണ് ഇന്നലെ യാത്രയായത്. ഓരോ വിമാനത്തിലും 342 പേര് വീതമാണ് ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കും രാത്രി 7.30 നുമാണ് ഹജ്ജ് തീര്‍ഥാടകരുമായി എയര്‍ ഇന്ത്യ വിമാനം യാത്രയായത്. രണ്ട് വിമാനങ്ങളിലായി 680 തീര്‍ഥാടകര്‍ കൂടി ഇന്ന് യാത്രയാകുന്നതോടെ നെടുമ്പാശേരി ഹജ്ജ് ക്യാംപിന് പരിസമാപ്തിയാകും. ഇതിനിടെ കാത്തിരിപ്പ് പട്ടികയില്‍ നിന്നും 25 ഓളം പേര്‍ക്ക് കൂടി നെടുമ്പാശേരിയില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇവര്‍ വ്യാഴാഴ്ച വൈകിട്ട് 5.30 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മദീനയിലേക്ക് യാത്രയാകും. ഈ വിമാനത്തില്‍ പോകുന്ന തീര്‍ഥാടകരോട് നാളെ രാവിലെ 10ന് സിയാല്‍ ആക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്നലെ രണ്ടിന് പുറപ്പെട്ട വിമാനത്തിലെ തീര്‍ഥാടകര്‍ക്കുള്ള പ്രാര്‍ഥനയ്ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിയും രാത്രി പുറപ്പെട്ട വിമാനത്തിലെ തീര്‍ഥാടകര്‍ക്കുള്ള പ്രാര്‍ഥനയ്ക്ക് മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയും നേതൃത്വം നല്കി.
ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷം തീര്‍ഥാടകര്‍ മടങ്ങിയെത്തുമ്പോള്‍ വിതരണം ചെയ്യാനുള്ള സംസം വെള്ളം ഇതിനകം തന്നെ നെടുമ്പാശേരിയില്‍ എത്തിച്ചിട്ടുണ്ട്. അഞ്ച് ലിറ്റര്‍ വീതമുള്ള 2760 കാനുകളാണ് എത്തിച്ചിരിക്കുന്നത്. ഇവ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലായ ടി 3 യില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."