'ജയ്ശ്രീറാം' ബാനര്‍: വരാനിരിക്കുന്ന അപകട സൂചന
ത്രിതല തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ കേവല ഭൂരിപക്ഷം നേടിയതിന്റെ അഹങ്കാരമായി ഭരണഘടനാസ്ഥാപനമായ നഗരസഭയുടെ മുകളില്‍ ആര്‍.എസ്.എസ് ജയ്ശ്രീറാം എന്നെഴുതിയ കൂറ്റന്‍ ഫ്‌ളക്‌സ് ഒരു വശത്തും മറുവശത്ത് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വലിയ ഫ്‌ളക്‌സുകളും തൂക്കിയിടുകയും അതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതീവ ഗുരുതരമായ ഈ കുറ്റത്തിനെതിരേ പൊലിസ് ജാമ്യം കിട്ടാവുന്ന ഐ.പി.സി 153 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കലഹത്തിന് ശ്രമം നടത്തിയെന്ന ലഘുവായ ആരോപണമാണ് ചുമത്തിയിരിക്കുന്നത്. മതസ്പര്‍ദ്ധയുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നെന്ന ഗുരുതരമായ തെറ്റ് കാണാന്‍ പൊലിസിന് കഴിഞ്ഞില്ല. കോണ്‍ഗ്രസും സി.പി.എമ്മും നഗരസഭാ സെക്രട്ടറിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തെങ്കിലും ഇതെഴുതുമ്പോഴും ആരും അറസ്റ്റിലായിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1991 ഡിസംബറില്‍ ബി.ജെ.പി നടത്തിയ ഏകതാ യാത്രയോടനുബന്ധിച്ചുണ്ടായ വര്‍ഗീയ അസ്വാസ്ഥ്യത്തുടര്‍ന്ന് അന്നത്തെ പാലക്കാട് എസ്.പി രമണ്‍ ശ്രീവാസ്തവ 'എനിക്ക് മുസ്‌ലിംകളുടെ മൃതദേഹം വേണമെന്ന് ' പൊലിസ് വയര്‍ലെസിലൂടെ അലറിയത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്നുണ്ടായ പൊലിസ് വെടിവയ്പില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുബാലിക സിറാജുന്നിസയുടെ നെഞ്ച് തുളച്ച് പൊലിസ് ബുള്ളറ്റ് പാഞ്ഞു. പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 'ഒരു സംഘം ആളുകളുമായി സിറാജുന്നിസ കലാപത്തിന് ശ്രമിച്ചു' എന്നാണ് ഉണ്ടായിരുന്നതെന്ന് അന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അതേ രമണ്‍ ശ്രീവാസ്തവ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലിസ് ഉപദേഷ്ടാവ് എന്നത് മറക്കരുത്.
മതേതര ജനതയുടെ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അഭിമാനാര്‍ഹമായ വിജയം നല്‍കിയതെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, തന്റെ വാചകത്തിന്റെ അന്തഃസത്ത ഉള്‍കൊള്ളുന്നുവെങ്കില്‍, പരസ്യമായി മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തിയ ഒരു സംഭവത്തെ നിസാരമായി കാണരുത്. സമൂഹത്തില്‍ മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ബോധപൂര്‍വം നടത്തിയ പ്രവൃത്തിയാണത്. ഭരണഘടനാസ്ഥാപനത്തില്‍ ഒരു മതത്തിന്റെ കൊടി ആക്രമണോത്സുകമായി പ്രദര്‍ശിപ്പിച്ചതിനെതിരേ ജാമ്യം കിട്ടാവുന്ന കേസെടുത്ത് വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിക്കരുത്.
ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനങ്ങളെ നിസാരമായി കാണുകയും ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. മുസ്‌ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുണ്ടാകുന്ന ചെറിയ പിഴവുകള്‍ക്കുപോലും മാധ്യമങ്ങളും പൊലിസും വന്‍ പ്രാധാന്യം നല്‍കുകയും ഭരണകൂടം അതിനനുസരിച്ച് നീങ്ങുകയും ചെയ്യുന്ന ദുരന്ത കാഴ്ചക്കാണ് കുറച്ചുകാലമായി കേരളം സാക്ഷ്യംവഹിക്കുന്നത്.
ജയ്ശ്രീറാം എന്നത് ഹിന്ദു സഹോദരന്മാരുടെ മത വിശ്വാസവുമായി ബന്ധപ്പെട്ട ഒരു വാക്യം പോലുമല്ല. മര്യാദാപുരുഷോത്തമനും നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്ന ഭരണാധികാരിയുമായിരുന്ന ശ്രീരാമനെ ഹിന്ദുത്വ ഫാസിസത്തിന്റെ പ്രചാരകര്‍ അക്രമണോത്സുകതയുടെ ചിഹ്നമായി ഉപയോഗിക്കുന്നതിനെതിരേ ഹിന്ദു സഹോദരന്മാരില്‍ നിന്നാണ് പ്രതിഷേധം ഉയരേണ്ടത്. ഹിന്ദുമത അടയാളങ്ങളും ശ്രീരാമ സ്തുതികളും അപരവിദ്വേഷത്തിനായി ഉപയോഗിക്കപ്പെടുന്നതിനെതിരേ ഹൈന്ദവ സഹോദരന്മാരില്‍ നിന്ന് എതിര്‍പ്പ് ഉയരേണ്ടിയിരിക്കുന്നു.
മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നതും അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരേ സമരം ചെയ്യുന്നതും മഹാ അപരാധമായി കാണുകയും സംഘ്പരിവാറില്‍ നിന്നുണ്ടാകുന്ന ഫാസിസ്റ്റ് അക്രമങ്ങളെ ലഘുവായി കാണുകയും ചെയ്യുന്ന പൊതുബോധം സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നതില്‍ സംഘ്പരിവാര്‍ വിജയിച്ചു കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് പാലക്കാട്ടെ പൊലിസിന്റെ ഉദാസീന സമീപനം. മുസ്‌ലിംകളുടെ അവകാശ നിഷേധങ്ങള്‍ക്കെതിരേ സംസാരിച്ചാല്‍ അത് മുസ്‌ലിം പ്രീണനമായി മുദ്രകുത്തപ്പെടുമോ എന്ന ആശങ്കയില്‍ രാഷ്ട്രീയ നേതാക്കളും മൗനം പാലിക്കുകയാണ്. മുസ്‌ലിംകളടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങളുടെ സംവരണം അട്ടിമറിച്ച് മുന്നോക്കക്കാര്‍ക്ക് നല്‍കിയ ഭരണഘടനാവിരുദ്ധമായ സര്‍ക്കാര്‍ നടപടിക്കെതിരേ രാഷ്ട്രീയ നേതാക്കളില്‍ നിന്നുപോലും എതിര്‍പ്പുയരാതെ പോകുന്നതും അതിനാലാണ്. സംവരണം അട്ടിമറിക്കുന്നതില്‍ ആര്‍ക്കും വേവലാതിയില്ല. മറിച്ച്, മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിനെ ന്യൂനപക്ഷങ്ങള്‍ എതിര്‍ക്കുന്നെന്ന ദുഷ്പ്രചാരണത്തിന് വന്‍ പ്രചാരണം കിട്ടുകയും ചെയ്യുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്‍ നിന്ന് വന്ന 'ഹസനും കുഞ്ഞാലിക്കുട്ടിയും അമീറും' ചേര്‍ന്നാണ് കേരളം ഭരിക്കാന്‍ പോകുന്നതെന്ന വിഷലിപ്ത പ്രയോഗം തെക്കന്‍ തിരുവിതാംകൂറിലെ ക്രിസ്തീയ സമൂഹത്തെ ഉന്നംവച്ചുള്ളതായിരുന്നു. തെക്കന്‍ ജില്ലകളില്‍ അതിന്റെ ഗുണഭോക്താക്കളാകാന്‍ ഇടതുമുന്നണിക്ക് കഴിയുകയും ചെയ്തു. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് തെരഞ്ഞെടുപ്പ് വിജയം മതനിരപേക്ഷ കക്ഷികളുടെ വിജയമാണെന്നാണ്. അങ്ങനെയായിരുന്നെങ്കില്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പ്രകോപന ബാനര്‍ ഉയര്‍ത്തിയവര്‍ക്കെതിരേ, മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വ ശ്രമം നടത്തിയതിന്റ പേരില്‍ എന്തുകൊണ്ട് തല്‍ക്ഷണം നടപടിയെടുത്തില്ല? കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചുമത്തിയായിരുന്നോ കേസെടുക്കേണ്ടിയിരുന്നത്?
കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ നാല് സീറ്റ് അധികം ലഭിച്ചതിനെത്തുടര്‍ന്ന് കേവല ഭൂരിപക്ഷം നേടിയതിന്റെ അഹന്തയില്‍ നിന്ന് മാത്രമായിരിക്കില്ല ഇത്രയും പ്രകോപനപരമായ നീക്കം സംഘ്പരിവാര്‍ നടത്തിയിട്ടുണ്ടാവുക. ഭരണതലത്തില്‍ നിന്ന് കിട്ടുന്ന അനുകൂല നിലപാടും അതിനുപിന്നില്‍ ഉണ്ടാകാം. ഒരു മുനിസിപ്പാലിറ്റിയില്‍ കേവല ഭൂരിപക്ഷം കിട്ടിയതിന്റെ പേരില്‍ ഇത്രമേല്‍ പ്രകോപനം സൃഷ്ടിക്കാന്‍ സംഘ്പരിവാറിന് കഴിയുന്നുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ ഭരണം ലഭിച്ചാല്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ ? രാഷ്ട്രീയപ്പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിക്കേണ്ട അതീവ ഗുരുതരമായ ഒരവസ്ഥയിലേക്കാണ് സംഘ്പരിവാര്‍ പാലക്കാട്ടെ മുനിസിപ്പാലിറ്റിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. മതനിരപേക്ഷ ഭരണഘടനയ്ക്കും ജനാധിപത്യ സ്ഥാപനത്തിനും മേല്‍ സംഘ്പരിവാര്‍ കാവി പുതപ്പിക്കുമ്പോള്‍ അതിനെതിരേ ലഘുവായ കേസെടുക്കുന്നത് വരാനിരിക്കുന്ന വലിയൊരു വിപത്തിന്റെ സൂചനയായി മാത്രമേ കാണാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."