മുഹമ്മദ് ഇനി കണ്ണീരോര്‍മ്മ
കാസര്‍കോട്: വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച കല്ലങ്കൈയിലെ മുഹമ്മദിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. കല്ലങ്കൈ പ്രദേശത്തെ ഏതു ചടങ്ങിലും സജീവമായിരുന്ന മുഹമ്മദ് വാഹനാപകടത്തില്‍ മരിച്ച സംഭവം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.
മംഗളൂരു പി.എ കോളജിലെ രണ്ടാംവര്‍ഷ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയും കല്ലങ്കൈയിലെ അബ്ദുല്‍ റഹ്മാന്‍-സുഹ്‌റ ദമ്പതികളുടെ മകനുമായ മുഹമ്മദ് (20)വെള്ളിയാഴ്ച രാത്രി പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ജെ.കെ റസിഡന്‍സിക്കു മുമ്പിലുണ്ടായ വാഹനാപകടത്തിലാണു മരിച്ചത്. മുഹമ്മദിന് അവസാന വിട നല്‍കാന്‍ നൂറുക്കണക്കിനാള്‍ക്കാരാണു വീട്ടിലും ചൗക്കി കാവുഗോളി മസ്ജിദ് അങ്കണത്തിലുമെത്തിയത്. മുഹമ്മദ് സഞ്ചരിച്ച ബൈക്ക് കാറില്‍ ഉരസിയ ശേഷം റോഡിലേക്കു മറിയുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ മുഹമ്മദ് ലോറി കയറി ദാരുണമായി മരിക്കുകയായിരുന്നു. കല്ലങ്കൈയിലെ വീട്ടില്‍ നിന്നു കാസര്‍കോട് ടൗണിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്.
റമദാന്‍ വ്രതം ആരംഭിക്കുന്നതിന്റെ തലേദിവസമായതിനാല്‍ വെള്ളിയാഴ്ച രാത്രി നഗരത്തിലും റോഡിലും നല്ല തിരക്കുണ്ടായിരുന്നു. റിയാസ് സഞ്ചരിച്ച ബൈക്കിനു മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടയിലാണു മുഹമ്മദ് അപകടത്തില്‍പെട്ടതെന്നു കരുതുന്നു. അപകടത്തെ തുടര്‍ന്നു നിര്‍ത്താതെ പോയ ലോറി കുമ്പള ഭാഗത്തു നിന്നു കാസര്‍കോട് എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു.
അബുദാബിയിലുണ്ടായിരുന്ന ഉപ്പ അബ്ദുല്‍ റഹ്മാന്‍ മകന്റെ മരണ വിവരമറിഞ്ഞ് ഇന്നലെ രാവിലെ നാട്ടിലെത്തി. മുഹമ്മദിന്റെ മയ്യത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കല്ലങ്കൈയിലെ വീട്ടിലെത്തിച്ചു.
നൂറുക്കണക്കിനാള്‍ക്കാരുടെ അന്ത്യദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് ചൗക്കി കാവുഗോളി മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."