റമദാന്‍: മുഹമ്മദീയ സൗഭാഗ്യം
വിശ്വാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന റമദാന്‍ പിറന്നു. റമദാന്‍ ചന്ദ്രക്കല മാനത്ത് മിഴിതുറന്നതോടെ സ്വര്‍ഗ കവാടങ്ങളും തുറന്നു. നഗരകവാടങ്ങള്‍ അടയ്ക്കപ്പെട്ടു. പിശാചുകള്‍ ബന്ധനസ്ഥരായി. ഇനി വ്രതശുദ്ധിയുടെ നാളുകളാണ്.
റമദാന്‍ മുഹമ്മദീയ സൗഭാഗ്യമാണ്. മുഹമ്മദ് നബി (സ) യുടെ സമുദായത്തിന് മാത്രമാണ് ഒരു മാസം വ്രതം നിശ്ചയിക്കപ്പെട്ടത്. കഴിഞ്ഞുപോയ 11 മാസത്തെ വിളവെടുപ്പ് കാലവും കണക്കെടുപ്പ് കാലവുമാണിത്. പരിശുദ്ധ ഖുര്‍ആന്റെ അവതരണം വഴി റമദാന്‍ പ്രഭാപൂരിതമായി. മനുഷ്യന്റെ പാപക്കറകള്‍ കഴുകിക്കളായാന്‍ പ്രയോജനപ്പെടുത്തേണ്ട മാസമാണിത്. റമദാന്‍ എന്ന വാക്കിന്റെ അര്‍ഥം തന്നെ പാപങ്ങള്‍ കരിച്ചുകളയുന്നതെന്നാണ്. താരതമ്യേന ആയുസ് കുറഞ്ഞ സമുദായത്തിന് കര്‍മ്മങ്ങളില്‍ വരുന്ന കുറവുകള്‍ പരിഹരിക്കാന്‍ പ്രപഞ്ച നാഥന്‍ അനുഗ്രഹിച്ച് നല്‍കിയ മാസമാണ് റമദാന്‍. റമദാനിന്റെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. സമയം നഷ്ടപ്പെടുത്താതെ സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്തുന്നവനാണ് യഥാര്‍ഥത്തില്‍ ബുദ്ധിമാന്‍. തഖ്‌വയോടെ നോമ്പെടുത്തും ഫര്‍ളുകളും സുന്നത്തുകളും കൃത്യമായി നിര്‍വഹിച്ചും പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും തറാവീഹ് നിസ്‌ക്കാരത്തില്‍ പങ്കെടുത്തും ദാനധര്‍മങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അധികരിപ്പിച്ചും പുണ്യമാസം നമുക്ക് പ്രതിഫലാര്‍ഹമാക്കാം. പ്രാര്‍ഥനകളും പശ്ചാതാപവും ദിക്‌റുകളും സ്വലാത്തുകളും വര്‍ധിപ്പിക്കണം. അടുത്ത റമദാന്‍ കാലം വരെ ധര്‍മനിഷ്ഠയുള്ള ജീവിതം നയിക്കാനുള്ള ഊര്‍ജം ഈ റമദാന്‍ കൊണ്ടു ലഭിക്കണം. ആവര്‍ത്തിച്ചു വരുന്ന ആരാധനാകര്‍മങ്ങള്‍ മനുഷ്യനെ സമൂല പരിവര്‍ത്തനത്തിനു വിധേയനാക്കും. വ്രതത്തിന്റെ ഫലമായി പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ 'നിങ്ങള്‍ സൂക്ഷ്മശാലികളായി ജീവിക്കാന്‍' എന്നത് ഈ ലോകത്തു തന്നെ നമുക്ക് അനുഭവിക്കാന്‍ സാധിക്കും.
ശരീരവും മനസും ചേര്‍ന്നതാണു മനുഷ്യന്‍. ഏതെങ്കിലും ഒന്ന് മാത്രമായി നിലനില്‍ക്കില്ല. അവ പരസ്പര പൂരകങ്ങളാണ്. മനസ് ശുദ്ധമാകുന്തോറും അതിന്റെ സ്വാധീനം പ്രവൃത്തിയിലും അവന്റെ ശരീരത്തിലും കാണാനാകും.
മനസിനെ കൂടുതലായി നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുന്നവര്‍ക്കാണു കൂടുതലായി വിശുദ്ധി കൈവരിക്കാനാവുക. തന്റെ ചുറ്റുപാടുമുള്ളവരുടെ പ്രയാസങ്ങളെ അനുഭവിച്ചു മനസിലാക്കാന്‍ കഴിയുന്നു എന്നത് നോമ്പിന്റെ ഒരു സാമൂഹിക കാഴ്ചപ്പാടാണ്. ഈ അറിവ് മുന്നോട്ടുള്ള ജീവിതത്തില്‍ വലിയ പരിവര്‍ത്തന ചിന്തയായി മാറേണ്ടതുണ്ട്. ശരീരേച്ഛയ്ക്കടിമപ്പെട്ടു ജീവിക്കുന്നതിലൂടെയാണു പാപങ്ങള്‍ ഉണ്ടായിത്തീരുന്നത്. ആ ശരീരേച്ഛയെ കടിഞ്ഞാണിടാനും നിയന്ത്രണവിധേയമാക്കാനുമുള്ള കഴിവുനേടുക എന്നതാണു വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികള്‍ക്കുണ്ടാകുന്ന പ്രധാനനേട്ടം.
(ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."