'ഹരിതം സഹകരണം' പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കം
ജില്ലയില്‍ സഹകരണ സംഘങ്ങള്‍ വഴി 15000 ഫല വൃക്ഷത്തൈകള്‍ നടും
കാസര്‍കോട്: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള സഹകരണ വകുപ്പിന്റെ 'ഹരിതം സഹകരണം' പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു തുടക്കമാകും. ജൂണ്‍ 20ന് അവസാനിക്കുന്ന പദ്ധതി പ്രകാരം സഹകരണ സംഘങ്ങള്‍ ജില്ലയില്‍ 15000 ഫലവൃക്ഷത്തൈകള്‍ നടും. സഹകരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്ഥലങ്ങളിലും സ്‌കൂളുകളിലും പൊതുജനങ്ങള്‍ക്കു ഗുണകരമാകുന്ന സ്ഥലങ്ങളിലുമാണ് ഫലവൃക്ഷത്തെകള്‍ നടുക. മാവ്, പ്ലാവ്, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളാണ് നട്ടുവളര്‍ത്തുക. പരിസ്ഥിതി സെമിനാറുകളും ചര്‍ച്ചകളും പദ്ധതിയുടെ ഭാഗമായി നടക്കും.
സഹകരണ സ്ഥാപനങ്ങള്‍ ചുരുങ്ങിയത് 100 തൈകളെങ്കിലും നടുന്നതിനാണു നിര്‍ദേശിച്ചിട്ടുള്ളത്. പദ്ധതി നടപ്പാക്കുന്നതിനുള്ള തുക സഹകരണ സ്ഥാപനങ്ങളുടെ പൊതുനിധിയില്‍ നിന്നു വിനിയോഗിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. സഹകരണ യൂനിയനുകള്‍ക്കാണു താലൂക്ക് തലത്തില്‍ പദ്ധതി നടത്തിപ്പിന്റെയും ഏകോപനത്തിന്റെയും ചുമതല നല്‍കിയിട്ടുള്ളത്. ജില്ലാ തലത്തില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കണ്‍വീനറായി മോണിറ്ററിങ് കമ്മിറ്റിയുമുണ്ടാകും.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് സഹകരണ വിപണന സംഘത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിനു രാവിലെ 10.30ന് ചെര്‍ക്കള മാര്‍ത്തോമ ബധിര വിദ്യാലയത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ.സി.എം.പി സൊസൈറ്റി പ്രസിഡന്റ് കെ.വി ഗോപാലന്‍ അധ്യക്ഷനാകും. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ മുഖ്യാതിഥിതിയാകും.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ വി.ബി കൃഷ്ണകുമാര്‍ പദ്ധതി വിശദീകരിക്കും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് സഹകരണ വകുപ്പ് മൂന്നു വര്‍ഷം മുമ്പു തുടങ്ങിയ ആലില പദ്ധതി പ്രകാരം ജില്ലയില്‍ സഹകരണ സംഘങ്ങള്‍ നിരവധി ഫലവൃക്ഷത്തൈകല്‍ നട്ടിരുന്നു. പല സഹകരണ സംഘങ്ങളും നട്ട മാവ് ഉള്‍പ്പെടെയുള്ള ഫല വൃക്ഷങ്ങള്‍ കായ്ചു തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."