ബാബരിയുടെ വീണ്ടെടുപ്പിന് ജനകീയഐക്യം അനിവാര്യം: ഫ്രറ്റേണിറ്റി ഫോറം ടേബിൾ ടോക്ക്
റിയാദ്: ബാബരി മസ്ജിദിൻ്റെ വീണ്ടെടുപ്പിന് ജനകീയമായി ഐക്യപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച ടേബിൾ ടോക്കിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. "ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ്" എന്ന ശീർഷകത്തിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദേശീയ തലത്തിൽ ഡിസംബർ 1 മുതൽ 31 വരെ നടത്തി വരുന്ന വർഗീയ വിരുദ്ധ കാംപയിൻ്റെ ഭാഗമായാണ് ടേബിൾ ടോക്ക് സംഘടിപ്പിച്ചത്.
സത്യവും നീതിയും അനുകൂലമായിരുന്നിട്ടും തകർക്കപ്പെടുകയും വിപരീത വിധിയിലൂടെ ഉടമസ്ഥത നഷ്ടപ്പെടുകയും ചെയ്ത ബാബരി മസ്ജിദിന്റെ പുനർനിർമാണത്തിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ പുനർനിർമാണവും മതേതരത്വത്തിന്റെ സംരക്ഷണവും സാധ്യമാവുകയുള്ളൂവെന്ന് ഫ്രറ്റേണിറ്റി ഫോറം, റിയാദ് റീജിയണൽ പ്രസിഡൻ്റ് ബഷീർ ഇങ്ങാപ്പുഴ പറഞ്ഞു. ആധികാരികമായ ചരിത്രവസ്തുതകളും തെളിവുകളും വിശ്വാസത്തിലെടുക്കാതെ, പള്ളിക്കകത്ത് കൊണ്ടുവെച്ച ഒരു വിഗ്രഹത്തെയും ഭൂരിപക്ഷ മതവികാരവും കെട്ടുകഥകളും ആധാരമാക്കി സുപ്രീംകോടതി നടത്തിയ വിധിയിലൂടെ ജനങ്ങളുടെ അവസാന അത്താണിയായ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസമാണ് തകർത്തെറിയപ്പെട്ടതെന്ന് ടേബിൾ ടോക്ക് വിലയിരുത്തി.
ഫോറം റിയാദ് കേരള ചാപ്റ്റർ പ്രസിഡൻ്റ് ഇൽയാസ് തിരൂർ, ബത്ഹ ബ്ലോക്ക് സെക്രട്ടറി അബ്ദുൽ റഹീം ആലപ്പുഴ, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രതിനിധി അബ്ദുൽ മജീദ്, സജ്ജാദ് (ഐ.എം.സി.സി), നജ്മുദ്ദീൻ (പീപ്പിൾസ് കൾച്ചറൽ ഫോറം), ഹുമയൂൺ (ഫ്രണ്ട്സ് സർക്കിൾ), സുലൈമാൻ വിഴിഞ്ഞം (ഗൾഫ് മാധ്യമം), എൻ.എൻ. അബ്ദുൽ ലത്തീഫ് (ഇന്ത്യൻ സോഷ്യൽ ഫോറം), തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മുഹമ്മദ് റാഷിദ് ബാഖവി മോഡറേറ്ററായിരുന്നു. സിറാജ് തൊഴുപ്പാടം, അഷ്കർ തലശ്ശേരി എന്നിവർ ടേബിൾ ടോക്കിനു നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."