വൈരുദ്ധ്യങ്ങളുടെ മുത്വലാഖ് ബില്‍
ഒരേ കുറ്റം രണ്ടു പേര്‍ ചെയ്യുന്നുവെന്നിരിക്കട്ടെ, അതിലൊരാള്‍ ഒരു പ്രത്യേക മതക്കാരനാണെന്ന കാരണത്താല്‍ അയാളുടെ ശിക്ഷ മാത്രം കടുത്തതാകുകയും രണ്ടാമന് ലളിതമായ ശിക്ഷയുമാകുന്നത് വിവേചനവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനവുമല്ലാതെ മറ്റെന്താണ്. ഇത്തരത്തിലുള്ള നിരവധി വൈരുദ്ധ്യങ്ങളും ഭരണഘടനാപരമായ അവകാശ ലംഘനങ്ങളും നിറഞ്ഞതാണ് മുത്വലാഖ് ബില്‍.
മുസ്‌ലിം പുരുഷന്‍ മുത്വലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയാല്‍ അത് മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസാണ്. പരാതി ലഭിച്ചാല്‍ ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കാമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ മറ്റുമതസ്ഥര്‍ക്ക് ഇതൊന്നുമില്ല. നിയമത്തിനു മുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണെന്നു വ്യക്തമാക്കുന്ന ഭരണഘടനയുടെ 14, വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച 21 വകുപ്പുകള്‍ക്ക് എതിരാണ് ബില്‍. ഈ ബില്ലാണ് ഇന്നലെ ലോക്‌സഭ പാസാക്കിയിരിക്കുന്നത്.
എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കാനാണ് ബില്‍ കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ തുല്യതയില്ല. ഇന്ത്യയില്‍ വിവാഹവും വിവാഹമോചനവും സിവില്‍ വിഷയമാണ്. എന്നാല്‍ ബില്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ മാത്രം ക്രിമിനല്‍ കുറ്റമാക്കുന്നു. മുത്വലാഖ് ചൊല്ലിയെന്ന് പരാതിപ്പെട്ടാല്‍ അതിന്റെ തെളിവ് ഹാജരാക്കേണ്ട ബാധ്യത പരാതിക്കാരിയായ സ്ത്രീക്കുള്ളതാണ്.
മുസ്‌ലിം സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന വാദം. മുത്വലാഖ് ചൊല്ലിയ പുരുഷനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചാല്‍ എങ്ങനെയാണ് സ്ത്രീക്കു സുരക്ഷ ലഭിക്കുക. എന്തിന് പുരുഷനെ ജയിലിലിട്ട് സര്‍ക്കാര്‍ അവരെ വേര്‍പ്പെടുത്തണം. ഗൃഹനാഥന്‍ ജയിലിലാവുന്നതോടെ കുടുംബം കൂടുതല്‍ അരക്ഷിതരാവുകയാണ് ചെയ്യുക. തടവില്‍ക്കഴിയുന്ന ഭര്‍ത്താവിന് എങ്ങനെ കുടുംബത്തിന് ജീവനാംശം കൊടുക്കാന്‍ കഴിയും. പുരുഷന്‍ ജയില്‍ മോചിതനാവും വരെ സ്ത്രീ അതേ വിവാഹത്തില്‍ തുടരേണ്ടി വരുന്ന സാഹചര്യമാണുണ്ടാകുക.
നിലവിലുള്ള ഗാര്‍ഹിക പീഡന നിയമങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്കും ബാധകമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ തടയാന്‍ നിരവധി വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. സുപ്രിംകോടതി ഒരു കൊല്ലം മുന്‍പ് നിരോധിച്ചതാണ് മുത്വലാഖ്. അതായത് മുത്വലാഖ് ചൊല്ലിയാലും വിവാഹമോചനമുണ്ടാകില്ലെന്ന് സാരം. കുറ്റം ചെയ്യാതെ എങ്ങനെയാണ് ഒരാളെ തടവിലിടാനാവുക.
മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹമോചന നിരക്ക് ഉയര്‍ന്നതാണോയെന്ന് കൂടി പരിശോധിക്കപ്പെടണം. പാര്‍ലമെന്റില്‍ ഡി.എം.കെ അംഗം കനിമൊഴി ഉദ്ധരിച്ച കണക്ക് പ്രകാരം ഭര്‍ത്താവുപേക്ഷിച്ചു പോയ 2.37 മില്യന്‍ ഹിന്ദു സ്ത്രീകളുണ്ട് രാജ്യത്ത്. ഇത്തരത്തിലുള്ള മുസ്‌ലിംകളുടെ എണ്ണം 0.28 മില്യന്‍ മാത്രമാണ്. മുസ്‌ലിംകള്‍ക്കിടയില്‍ നടക്കുന്ന വിവാഹമോചന കേസുകളില്‍ ഒരു ശതമാനം പോലും മുത്വലാഖ് മുഖേനയുള്ളതല്ലെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്നത്.
ഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡിബേറ്റ്‌സ് ഇന്‍ ഡവലപ്‌മെന്റ് പോളിസി (സി.ആര്‍.ഡി.ഡി.പി) നടത്തിയ സര്‍വേ പ്രകാരം മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന 331 വിവാഹമോചന കേസുകളില്‍ ഒന്നു മാത്രമാണ് മുത്വലാഖ് മുഖേന നടന്നത്. ഇത് ആകെ നടക്കുന്ന വിവാഹമോചനത്തിന്റെ 0.3 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജ്യത്തുടനീളം 3,811 സ്ത്രീകളും 16,860 പുരുഷന്‍മാരുമാണ് സി.ആര്‍.ഡി.ഡി.പി നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ അഭിപ്രായം പങ്കുവച്ചത്.
സര്‍വേയില്‍ പങ്കെടുത്തവരുടെ വിവാഹമോചനങ്ങളില്‍ 13.27 ശതമാനവും നടന്നത് ഭര്‍ത്താവിന്റെ ബന്ധുക്കളുടെയോ വീട്ടുകാരുടെയോ പ്രേരണമൂലമാണ്. വിവാഹമോചനം നടന്ന 0.8 കേസുകളില്‍ ഭര്‍ത്താവ് മദ്യത്തിനടിമയാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം 8.5 ശതമാനവും ഭര്‍ത്താവിന്റെ അവിഹിത ബന്ധംമൂലം എട്ടുശതമാനവും കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട കാരണത്താല്‍ ഏഴുശതമാനവും വിവാഹമോചനങ്ങള്‍ നടന്നതായി സര്‍വേയില്‍ കണ്ടെത്തി. ഇതെല്ലാം നില നില്‍ക്കെ തികഞ്ഞ രാഷ്ട്രീയ അജണ്ടയോടെയാണ് ബില്‍ കൊണ്ടുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."