എസ്.എഫ്.ഐയെ രക്തരക്ഷസ്സിനോട് ഉപമിച്ച് എ.ഐ.എസ്.എഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട്: കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് എസ്.എഫ്.ഐക്കെതിരേ രൂക്ഷ പരാമര്‍ശമുള്ളത്
കണ്ണൂര്‍: എസ്.എഫ്.ഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എസ്.എഫ് കണ്ണൂര്‍ ജില്ലാസമ്മേളനം. ജില്ലയില്‍ രക്തരക്ഷസ്സിന്റെ സ്വഭാവമാണ് എസ്.എഫ്.ഐക്കെന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ഭീഷണിയാകുന്നുണ്ടെന്നും എ.ഐ.എസ്.എഫ് കണ്ണൂര്‍ ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായ അക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ കാംപസ് ഫ്രണ്ടിന്റെ അതേ രീതി തന്നെയാണ് എസ്.എഫ്.ഐ സ്വീകരിക്കുന്നത്. എ.ഐ.എസ്.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. അഗേഷിനെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിബിന്‍ ഭീഷണിപ്പെടുത്തി. കല്യാശേരിയിലെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനെ ഡി.വൈ.എഫ്.ഐക്കാര്‍ ഭീഷണിപ്പെടുത്തി. സംഘടനാ പ്രവര്‍ത്തനവും തടസ്സപ്പെടുത്തി. കലാലയങ്ങളില്‍ എസ്.എഫ്.ഐ പറയുന്ന ജനാധിപത്യം വാക്കുകളില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സി.പി.ഐ നേതൃത്വത്തിനെതിരേയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. എസ്.എഫ്.ഐയില്‍ നിന്നും അക്രമണം നേരിടേണ്ടി വരുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നാണ് വിമര്‍ശനം. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറിയും എസ്.എഫ്.ഐക്കെതിരേ രൂക്ഷമായ വിമര്‍ശനമാണുയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."