വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തതു ന്യായീകരിച്ച് നെഹ്‌റു കോളജ് അധികൃതര്‍
ജിഷ്ണു പ്രണോയിയുടെ ചിത്രമുള്ള കാര്‍ഡ് വിതരണം ചെയ്ത സംഭവം
തിരുവില്വാമല (തൃശൂര്‍) : നവാഗത വിദ്യാര്‍ഥികള്‍ക്ക് ജിഷ്ണു പ്രണോയുടെ ചിത്രം അടങ്ങിയ കാര്‍ഡ് വിതരണം ചെയ്തതിന് എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്ത നടപടിയെ ന്യായീകരിച്ച് നെഹ്‌റു കോളജ് മാനേജ്‌മെന്റ്.
ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ഓറിയന്റേഷന്‍ ക്ലാസിനിടയില്‍ അനുവാദം ഇല്ലാതെ എത്തിയതിനാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് കോളജ് പ്രിന്‍സിപ്പല്‍ അംബികാ ദേവി പത്രക്കുറിപ്പില്‍ അറിയിച്ചു. അച്ചടക്കം ലംഘിച്ച് എത്തിയ സീനിയര്‍ വിദ്യാര്‍ഥികളെ റാഗിങ് നിരോധന നടപടിയുടെ ഭാഗമായുള്ള അച്ചടക്ക നടപടി മാത്രമാണ് കോളജ് എടുത്തത്. കക്ഷി രാഷ്ട്രീയത്തിന് അനുവാദം ഇല്ലാത്ത കോളജില്‍ സസ്‌പെന്‍ഷന്‍ നടപടി രാഷ്ട്രീയ താല്‍പര്യത്തിന് അനുസൃതമായി വളച്ചൊടിക്കാനാണ് എസ്.എഫ്.ഐ. ശ്രമിക്കുന്നത് എന്നാണ് മാനേജ്‌മെന്റിന്റെ വാദം.
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അടക്കമുള്ള ഏഴ് വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തത്.എന്നാല്‍ അധ്യാപകരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് പരാതി എഴുതി വാങ്ങിയതെന്ന് ആരോപിച്ച് എസ്.എഫ്.ഐ രംഗത്തെത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പുതിയ ബാച്ചിലെ വിദ്യാര്‍ഥികള്‍ കോളജിലെത്തിയത്. ഇവര്‍ക്ക് ജിഷ്ണുവിന്റെ ചിത്രമുള്ള ആശംസാകാര്‍ഡും മിഠായിയും ജിഷ്ണുവിന്റെ ബാച്ചിലുള്ള വിദ്യാര്‍ഥികള്‍ വിതരണം ചെയ്യുകയായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ക്ലാസുകള്‍ കയറിയിറങ്ങി കാര്‍ഡ് വിതരണം നടന്നത്.
അതേസമയം വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ കേരള സംസ്ഥാന യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സാങ്കേതിക സര്‍വകലാശാല രജിസ്ട്രാറോടും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും നെഹ്‌റു കോളജ് പ്രിന്‍സിപ്പാളിനോടും വിഷയത്തില്‍ അടിയന്തിരമായി ഇടപെടുന്നതിനും വിഷയം പുനഃപരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."