അണക്കെട്ടില്‍ ജലം ക്രമാതീതമായി കുറഞ്ഞു; നെയ്യാറിലെ ബോട്ട് സര്‍വിസുകള്‍ നിര്‍ത്തിവച്ചു
കാട്ടാക്കട: നെയ്യാര്‍ ജലാശയത്തിലെ ബോട്ട് സര്‍വിസ് നിര്‍ത്തി. അണക്കെട്ടില്‍ ക്രമാതീതമായി ജലം കുറയുന്നതിനാലാണ് വനം വകുപ്പിന്റെയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ബോട്ട് സവാരി നിര്‍ത്തി വച്ചത്. ബോട്ട് ജെട്ടിയില്‍ എത്താനും തിരികെ കരയില്‍ കയറാനും സഞ്ചാരികള്‍ക്കു ബുദ്ധിമുട്ടായിരുന്നു. ജലം താണു കിടക്കുന്നതിനാല്‍ ബോട്ട് സവാരിക്കെത്തുന്നവര്‍ ബോട്ടിലേക്ക് കയറാനും തിരികെ കരയിലേക്ക് കയറാനും കുത്തനെയും ഉരുളന്‍ കല്ലുകളും നിറഞ്ഞതുമായ പാതയിലൂടെ സാഹസികമായി എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ചെറുവടത്തിനെ ആശ്രയിച്ചു കയറേണ്ട സാഹചര്യം ആയിരുന്നു.
ഇതിന്റെ ബുദ്ധിമുട്ടു പരിഹരിക്കണമെന്നും സുഗമായി സഞ്ചരിക്കാന്‍ താത്കാലിക പാത ഒരുക്കണമെന്നും സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രായോഗികമായി നടപ്പാക്കാന്‍ വനം വകുപ്പിന് കടമ്പകള്‍ ഏറെയുണ്ട്. കൂടാതെ ജലാശയത്തില്‍ അങ്ങിങ്ങായി മരക്കുറ്റികളും പാറകളും ഉള്ളതു ജലാശയത്തിലൂടെ ഇപ്പോഴുള്ള യാത്രയ്ക്ക് തടസമാകും. ഇത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്താനുള്ള സാധ്യതയും ഉണ്ട്. ഇതൊക്കെയാണ് ഇപ്പോള്‍ ബോട്ട് സര്‍വിസ് നിര്‍ത്തി വയ്ക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. സര്‍വിസ് നിര്‍ത്തലാക്കിയത് നെയ്യാര്‍ഡാമില്‍ എത്തുന്ന സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്. ഒപ്പം താത്കാലിക ജീവനക്കാര്‍ക്ക് ജോലി ഇല്ലാത്ത അവസ്ഥയും സൃഷ്ടിക്കുന്നു. അതേസമയം യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിനാലാണ് താല്‍ക്കാലികമായി സര്‍വിസ് നിര്‍ത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."