കേസന്വേഷണത്തിന് എക്‌സൈസില്‍ ഇനി പ്രത്യേക ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: എക്‌സൈസില്‍ ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കാന്‍ തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അന്തിമ അനുമതി നല്‍കും. മയക്കുമരുന്ന് വേട്ട ശക്തിപ്പെടുത്തുന്നതിനും അബ്കാരി, ലഹരി കേസുകളിലെ തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും, കേസെടുത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന സുപ്രിംകോടതി വിധിയുമാണ് ക്രൈംബ്രാഞ്ച് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. സുപ്രിംകോടതി വിധിയിലൂടെ സംസ്ഥാനത്തെ 3,470 അബ്കാരി കേസുകളും 4,812 ലഹരി മരുന്നു കടത്തു കേസുകളും അനിശ്ചിതത്വത്തിലായതോടെയാണ് എക്‌സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിങ് ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കണമെന്ന ആവശ്യം സര്‍ക്കാരിനു മുന്നില്‍വച്ചത്.
കേസ് കണ്ടുപിടിച്ച ഉദ്യോഗസ്ഥനാണ് ഇത്രയും കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് വരുന്നതോടെ അന്വേഷണമെല്ലാം ഈ വിഭാഗത്തിലേക്കു മാറ്റും. ഒരു ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണവിഭാഗം പ്രവര്‍ത്തിക്കുക.
117 തസ്തികകളാണ് ക്രൈംബ്രാഞ്ചിനുവേണ്ടി എക്‌സൈസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ ജില്ലകളിലും ശാഖകളുള്ള വിപുലമായ സംവിധാനത്തിനാണ് ഇത്രയും തസ്തികയെന്നാണ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31നു സര്‍ക്കാരിനു കൈമാറിയ ഫയലില്‍ എക്‌സൈസ് കമ്മിഷണര്‍ കുറിച്ചത്.
ജില്ലകളില്‍ പ്രത്യേക ഓഫിസ് ആവശ്യമില്ലെന്നും നിലവിലുള്ള ജില്ലാ സോണല്‍ ഓഫിസുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാമെന്നും ഫയലിലെഴുതിയിരുന്നു. എന്നാല്‍ അന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിനായി പതിമൂന്നു തസ്തികകള്‍ മാത്രമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. ക്രൈംബ്രാഞ്ച് രൂപീകരിക്കുമ്പോള്‍ നൂറിലധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കണം. എത്ര തസ്തിക സൃഷ്ടിക്കാമെന്ന് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിയ്ക്കും.
പൊലിസിലെ ക്രൈംബ്രാഞ്ചിന്റെ പ്രവര്‍ത്തന മാതൃകയായിരിക്കും എക്‌സൈസും സ്വീകരിക്കുക.
മുടങ്ങിക്കിടക്കുന്ന കേസുകള്‍ അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ തീര്‍പ്പാക്കാനും, പുതിയ കേസുകള്‍ അന്വേഷണം നടത്താനും ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതോടെ നിലവിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."