25 വര്‍ഷം പഴക്കമുള്ള കൊലപാതകക്കേസ്: പ്രതിക്കായി തമിഴ്നാട് പൊലിസ് മഹാരാഷ്ട്രയിലേക്ക്
ഗൂഡല്ലൂര്‍: 25 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് പ്രതിയെ തിരഞ്ഞ് തമിഴ്നാട് പൊലിസ് മഹാരാഷ്ട്രയിലേക്ക്. മസിനഗുഡിയില്‍ 1993ല്‍ നടന്ന കൊലപാതക കേസ് പ്രതിയെ തിരഞ്ഞാണ് മസിനഗുഡി എസ്.ഐ ചിത്തരസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടത്. മസിനഗുഡിയിലെ സ്വര്‍ണ വ്യാപാരിയായിരുന്ന ഗോവിന്ദനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെത്തില്പാടി സ്വദേശി രമേശിനെ തേടിയാണ് സംഘം പുറപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സുബാഷ്, പ്രകാശ് എന്നിവരെ പൊലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. രമേശ് ഒളിവില്‍ കഴിയുകയാണ്. ഗോവിന്ദനെ കൊലപ്പെടുത്തി ഒരു കിലോ ഗ്രാം സ്വര്‍ണം കവര്‍ച്ച നടത്തി സംഘം രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പ്രതികളെ പിടികൂടിയിരുന്നു. രമേശിന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട കേസ് ഗൂഡല്ലൂര്‍ കോടതിയില്‍ നടന്ന് വരികയാണ്. രമേശിനെ അടുത്ത മാസം 15ന് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി പൊലിസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇതേതുടര്‍ന്നാണ് പ്രതിയെ പിടികൂടാന്‍ പൊലിസ് മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
എസ്.ഐ സമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."