മായ്ക്കപ്പെടുന്ന തെളിവുകളില്‍ നിഷേധിക്കപ്പെടുന്ന നീതി
മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് കെ.എം ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ കൊന്നതിന് തെളിവുകള്‍ ഇല്ലാത്തതിന്റെ പേരില്‍ മജിസ്‌ട്രേറ്റ് കോടതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനും ജാമ്യം നല്‍കിയിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡിലായതിന് ശേഷം ഒരു ദിവസം പോലും ജയിലില്‍ കിടക്കേണ്ടിവന്നില്ല ശ്രീറാമിന്. സുഖവാസങ്ങള്‍ തേടിയുള്ള യാത്രയായിരുന്നു റിമാന്‍ഡിലുടനീളം. നക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ.സി.യുവിലേക്കുള്ള യാത്രക്കിടയില്‍ ജയിലിന്റെ കവാടത്തില്‍ ആംബുലന്‍സില്‍ അല്‍പനേരം കാത്ത് കിടത്തേണ്ടിവന്നുവെന്ന് മാത്രം.
ദേവീകുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ അനധികൃത ഭൂമി കൈയേറ്റത്തിനെതിരേ ശക്തമായ നടപടികള്‍ എടുത്തതിനെ തുടര്‍ന്നായിരുന്നു പൊതുമനസ്സില്‍ ഹീറോ ആയത്. സത്യസന്ധനും നീതിനിഷ്ഠയുള്ളവനും അഴിമതി വിരുദ്ധനുമെന്ന സല്‍പേര് ഇതുവഴി പൊതുമനസ്സില്‍ അടയാളപ്പെടുത്തി വെങ്കിട്ടരാമന്‍. എന്നാല്‍ അദ്ദേഹത്തിനുള്ളില്‍ ഒരു ക്രിമിനല്‍ ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. അല്ലായിരുന്നുവെങ്കില്‍ അപകടം സംഭവിച്ച ഉടനെ മ്യൂസിയം പൊലിസിന് അറസ്റ്റിന് വഴങ്ങിക്കൊടുക്കുമായിരുന്നു. മദ്യപാന പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കുമായിരുന്നു. ഹീറോ ഒരു രാത്രികൊണ്ട് വില്ലനായി തീര്‍ന്നതായിരിക്കില്ല, നേരത്തെ അദ്ദേഹത്തിനുള്ളില്‍ വില്ലത്തരം ഒളിഞ്ഞിരിപ്പുണ്ടാകണം.
അപകടമുണ്ടായ ഉടനെ വീണുകിടന്ന ബഷീറിനെ താങ്ങിയെടുക്കാന്‍ വെങ്കിട്ടരാമന് കഴിഞ്ഞു. അതിന് ശേഷമാണ് അദ്ദേഹം ആംബുലന്‍സില്‍ കിടന്നുകൊണ്ട് യാത്ര ചെയ്യേണ്ടവിധം അവശനും ദുര്‍ബലനുമായി തീര്‍ന്നത്. അറസ്റ്റ് ചെയ്യാതെ വെങ്കിട്ടരാമനെ മ്യൂസിയം എസ്.ഐ നക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചപ്പോള്‍ നിയമത്തെ മാനിക്കുന്ന ആളായിരുന്നുവെങ്കില്‍ മ്യൂസിയം എസ്.ഐയോട് തന്നെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നില്ലേ വേണ്ടിയിരുന്നത്. ദേവീകുളത്ത് ശ്രീറാമിന്റെ പ്രവര്‍ത്തനത്തെ എതിര്‍ത്ത ഇന്നത്തെ മന്ത്രി എം.എം മണി, രാത്രിയായാല്‍ സബ് കലക്ടറുടെ വസതിയില്‍ മദ്യസേവയാണെന്ന് പറഞ്ഞത് പൊതുജനം വിശ്വസിച്ചിരുന്നില്ല. ശ്രീറാം വെങ്കിട്ടരാമന്‍ അത്രമേല്‍ പൊതുസമൂഹത്തിന് വിശ്വാസമുള്ള ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ എം.എം മണി പറഞ്ഞതായിരുന്നു യാഥാര്‍ഥ്യമെന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നു.
അപകടത്തിന്റെ തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്റെ പിന്നില്‍ പ്രബലമായൊരു ശക്തി നിലയുറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. കേസുകള്‍ അവര്‍ അട്ടിമറിച്ചുകൊണ്ടേയിരുന്നു. ബ്രത്ത് അനലൈസര്‍ ഉപയോഗിക്കാതിരുന്നതും ഒമ്പത് മണിക്കൂര്‍ കഴിഞ്ഞ് മാത്രം രക്തം സാംപിള്‍ എടുത്തതും തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടിതന്നെയായിരുന്നു. ഇതുതന്നെയാണ് ഇന്നലെ ഹൈക്കോടതിയും ചോദിച്ചത്.
ഒരു ദിവസംപോലും ജയിലില്‍ കിടക്കാതെ ക്രിമിനലായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടുമ്പോള്‍ കുറ്റമേതും ചെയ്യാത്ത എത്രയോ നിരപരാധികള്‍ ഇന്ത്യന്‍ ജയിലുകളിലെ തടവറയില്‍ ജാമ്യം നിഷേധിക്കപ്പെട്ട് അവരുടെ വര്‍ഷങ്ങള്‍ എരിയിച്ച് കളയുന്നു. ആരും അവര്‍ക്ക് തുണയില്ല. അവരുടെ പിന്നില്‍ പ്രബലശക്തികളില്ല. തലസ്ഥാന നഗരിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്നിട്ട് കൂടി കെ.എം ബഷീറിന് നഗ്നമായി നീതി നിഷേധിക്കപ്പെടുമ്പോള്‍ അതിലും താഴെയുള്ള മനുഷ്യര്‍ക്ക് എവിടെനിന്ന് കിട്ടും നീതി.
ശ്രീറാം വെങ്കിട്ടരാമന് മജിസ്‌ട്രേറ്റ് കോടതി നല്‍കിയ ജാമ്യത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയിരിക്കുകയാണിപ്പോള്‍. തെളിവുകളെല്ലാം ഇല്ലാതാക്കിയ ഒരു കേസ് ദുര്‍ബല വകുപ്പുകളിലേക്ക് മാറ്റപ്പെടുമ്പോള്‍ ജാമ്യം നിഷേധിക്കപ്പെടുമോ എന്ന സംശയം ബാക്കിനില്‍ക്കുന്നു. ശ്രീറാം തെറ്റുകാരനാണെന്ന് ഒരു തെളിവും പറയുന്നില്ല. അയാള്‍ മദ്യപിച്ചതിന് തെളിവില്ല. അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് തെളിവില്ല. ഇനി തെളിവുകള്‍ ശ്രീറാംതന്നെ കൊണ്ടുവരണോ എന്നുവരെ ഹൈക്കോടതിക്ക് ചോദിക്കേണ്ടിവന്നു. പൊലിസ് തെളിവുകള്‍ അട്ടിമറിച്ചതിനെതിരേയുള്ള കോടതിയുടെ വിമര്‍ശനമായിരുന്നു ഇത്. സഹയാത്രിക മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ തെളിവുകളെല്ലാമുണ്ട്.
സര്‍ക്കാരുകള്‍ ഏത് വന്നാലും നീതിയും നിയമവും പ്രബലര്‍ക്ക് മാത്രമുള്ളതാണെന്ന് കെ.എം ബഷീറിന്റെ കൊലപാതകത്തിലൂടെ വ്യക്തമാകുന്നു. ജനകീയ സര്‍ക്കാരുകള്‍ മാറിമാറിവരും. എന്നാല്‍ നിയമത്തെ അട്ടിമറിക്കുന്ന പ്രബല ശക്തികള്‍ക്ക് മാറ്റം വരുന്നില്ല.
സ്വാധീനവും അധികാരവുമുള്ളവര്‍ നിയമത്തിനും നീതിക്കും എങ്ങനെ അതീതരായി തീരുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതായി കെ.എം ബഷീറിന്റെ അതിദാരുണമായ അന്ത്യം. നിയമപാലകര്‍ നിയമലംഘകരായി മാറുമ്പോള്‍ നീതി എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അര്‍ഥമില്ലാത്ത വാക്കാണ്. നീതി നിഷേധിക്കപ്പെടുന്നവന് നീതി ലഭിക്കുന്നില്ലെങ്കില്‍, അതിനെതിരേ പൊതുസമൂഹം ശബ്ദിക്കുന്നില്ലെങ്കില്‍ ആ സമൂഹത്തിന് നിലനില്‍ക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്. കടമ നിര്‍വഹിക്കാത്ത നിയമപാലകന്‍ അതിലൂടെ ഇരക്ക് നീതി നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ഇവര്‍ക്ക് മുമ്പില്‍ നീതിദേവത തലകുനിക്കുകയല്ലാതെ എന്ത് ചെയ്യും. കെ.എം ബഷീര്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അടര്‍ന്ന് വീഴാത്ത ഒരു കണ്ണീര്‍തുള്ളിപോലെ ആ മന്ദഹാസം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരിലും കുടുംബത്തിലും ഇപ്പോഴും നിറഞ്ഞ് നില്‍പ്പുണ്ട്. തെളിവുകള്‍ മരിച്ചേക്കാം. ഇന്നല്ലെങ്കില്‍ നാളെ ശ്രീറാം വെങ്കിട്ടരാമന് തന്നെ തന്റെ തെറ്റുകള്‍ ഏറ്റുപറയാതിരിക്കാനാവില്ല. അതുതന്നെയായിരിക്കും കെ.എം ബഷീറിന് കിട്ടുന്ന നീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."