ജില്ലാ സ്‌റ്റേഡിയം: ഒന്നാംഘട്ട നിര്‍മാണം പുനരാരംഭിച്ചു
കല്‍പ്പറ്റ: മുന്‍സിപ്പല്‍ പരിധിയിലെ മരവയലില്‍ നിര്‍മാണ സാമഗ്രികളുടെ ക്ഷാമത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ജില്ലാ സ്റ്റേഡിയം പ്രവൃത്തി പുനരാരംഭിച്ചു.
കല്ലും മണലും അടക്കം നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് ഇടപെടുമെന്ന ജില്ലാ അധികാരികളുടെ ഉറപ്പിലാണ് കരാറുകാരന്‍ പ്രവൃത്തി വീണ്ടും തുടങ്ങിയത്.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അടിത്തറ നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാര്‍ എജന്‍സിയായ കിറ്റ്‌കോ(കേരള ഇന്‍ഡ്‌സ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍)ഏറ്റെടുത്ത പ്രവൃത്തി പെരുമ്പാവൂര്‍ സ്വദേശിയായ കരാറുകാരനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
ജൂലൈയിയില്‍ പ്രവൃത്തി ഉദ്ഘാടനം നടത്തിയതിന് പിന്നാലെ ആരംഭിച്ച നിര്‍മാണം കര്‍ണാടകയില്‍നിന്നും ഇതര ജില്ലകളില്‍നിന്നും സാമഗ്രികള്‍ കൊണ്ടുവന്നു നടത്തുന്നതു മുതലാകില്ലെന്നു പറഞ്ഞാണ് കരാറുകാരന്‍ നിര്‍ത്തിവച്ചത്.
പ്ലാന്ററും സാമൂഹികപ്രവര്‍ത്തകനും കായികപ്രേമിയുമായ എം.ജെ വിജയപ്ദമന്‍ 29 വര്‍ഷം മുന്‍പ് മരവയലില്‍ 20 പേരില്‍നിന്നു വിലയ്ക്കുവാങ്ങി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറിയ 7.88 ഏക്കറിലാണ് ജില്ലാ സ്റ്റേഡിയം പണിയുന്നത്.
കേരള ഇന്‍ഫ്രാസ്ട്രച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) മുഖേനയാണ് സ്റ്റേഡിയം നിര്‍മാണത്തിനു തുക വകയിരുത്തിയത്. 13 കോടി രൂപയാണ് ആദ്യഘട്ടം പ്രവൃത്തികളുടെ അടങ്കല്‍.
വിഐപി ലോഞ്ച്, 9,400 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, വൈദ്യുതീകരണം, മഴവെള്ളസംഭരണ സംവിധാനം, 9,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ചുറ്റുമതില്‍, ഡ്രൈനേജ്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവയാണ് പ്രഥമഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍.
രണ്ടാം ഘട്ടത്തില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കും. ആദ്യഘട്ടം നിര്‍മാണം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് പ്രവൃത്തി ഉദ്ഘാടനവേളയില്‍ അധികൃതര്‍ വ്യക്തമാക്കിയത്. കല്‍പ്പറ്റയില്‍നിന്നു മൂന്ന് കിലോമീറ്റര്‍ അകലെയാണ് മരവയല്‍.
ഇവിടെ സ്ഥലം സംഭാവന ചെയ്ത വിജയപദ്മന്റെ പിതാവും മുന്‍ എം.പിയുമായ പരേതനായ എം.കെ ജിനചന്ദ്രന്റെ പേരിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 1998ല്‍ ഭൂമി ലഭിച്ചുവെങ്കിലും 2009-10ലെ സംസ്ഥാന ബജറ്റിലാണ് സ്റ്റേഡിയം നിര്‍മാണത്തിന് ആദ്യമായി തുക വകയിരുത്തിയത്. ഇതിനു പിന്നാലെ പൊതുമരാമത്ത് വകുപ്പ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി. 2010 ഏപ്രില്‍ 28ന് അന്നത്തെ സ്‌പോര്‍ട്‌സ് മന്ത്രി എം. വിജയകുമാര്‍ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
കേരള പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല. പ്രവൃത്തി തുടങ്ങിയെങ്കിലും ഫണ്ടിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് കോര്‍പറേഷന്‍ കരാര്‍ ഉപേക്ഷിച്ചു. പിന്നീട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് സ്റ്റേഡിയം നിര്‍മാണത്തിന് ജീവന്‍വച്ചത്.
അതിനിടെ, കല്‍പ്പറ്റയ്ക്കടുത്ത് അമ്പിലേരിയില്‍ സര്‍ക്കാര്‍ അനുവദിച്ച മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം അനിശ്ചിതത്വത്തിലാണ്. ടെണ്ടര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
നേരത്തേ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ എറണാകുളം സ്വദേശിയായ ഒരു കരാറുകാരന്‍ മാത്രമാണ് പ്രവൃത്തി ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത്.
അമ്പിലേരിയില്‍ നഗരസഭ ഉപാധികളോടെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനു വിട്ടുകൊടുത്ത നാലര ഏക്കര്‍ സ്ഥലമാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ഉപയോഗപ്പെടുത്തുന്നത്. 1998ല്‍ നഗരസഭ ഏക്കറിന് എട്ട് ലക്ഷം രൂപ നിരക്കില്‍ വിലയ്ക്കുവാങ്ങിയതാണ് അമ്പിലേരിയിലെ സ്ഥലം. സ്വന്തമായി സ്റ്റേഡിയം നിര്‍മിക്കാനുള്ള സാമ്പത്തിക ഭദ്രത ഇല്ലാത്ത സാഹച്യത്തിലാണ് ഭൂമി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നഗരസഭ വിട്ടുകൊടുത്തത്.
ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സായി മാറ്റാന്‍ കഴിയുന്ന വിധത്തിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന. 43 കോടി രൂപയാണ് നിര്‍മാണത്തിന് കണക്കാക്കുന്ന ചെലവ്.
ഒന്നുവീതം ബാസ്‌കറ്റ്, വോളിബോള്‍ കോര്‍ട്ടുകള്‍, മൂന്ന് വീതം ഷട്ടില്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ് കോര്‍ട്ടുകള്‍, ജൂഡോ, തായ്ക്വാന്‍ഡോ, റെസ്‌ലിങ് പരിശീലനത്തിനുള്ള ഇടം, ഷൂട്ടിങ് റെയ്ഞ്ച്, ഒരേസമയം 5,000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, 50 മീറ്റര്‍ നീളത്തിലും അന്താരാഷ്ട്ര നിലവാരത്തിലുമുള്ള നീന്തല്‍ക്കുളം, സ്‌പോട്‌സ് പരിശീലന കേന്ദ്രം, വാമിങ് അപ്പ് ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍, ഡോര്‍മിറ്ററി, പാര്‍ക്കിങ് ഏരിയ എന്നിവയാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."