കശ്മിര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ ആശയക്കുഴപ്പത്തില്‍
ശ്രീനഗര്‍: ജമ്മു കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ടതോടെ ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളും ആശയക്കുഴപ്പത്തില്‍. കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് കശ്മിരിന് പ്രത്യേക അധികാരം നല്‍കിയ 370ാം ഭരണഘടനാ അനുച്ഛേദം എടുത്തുമാറ്റിയത്. ഇതോടൊപ്പം കശ്മിരിനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ കശ്മിരിലെ പ്രധാന പാര്‍ട്ടികളായ പി.ഡി.പിയും നാഷ്‌നല്‍ കോണ്‍ഫറന്‍സും അടക്കമുള്ളവര്‍ എന്തുചെയ്യണമെന്ന അവസ്ഥയിലാണ്.
അതേസമയം വിഘടനവാദി നേതാക്കള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഴുതുകളെല്ലാം അടച്ചതിനു ശേഷമാണ് ആര്‍ട്ടിക്കിള്‍ 370, 35-എ എന്നിവ എടുത്തുമാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം പാര്‍ലമെന്റില്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പെട്ടെന്നുള്ള നീക്കത്തില്‍ പകച്ചുപോയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുനേരെ കര്‍ശന നടപടികളും വീട്ടുതടങ്കലും ഏര്‍പ്പെടുത്തിയതോടെ പ്രതിഷേധിക്കാനും ആശയവിനിമയം നടത്താനും കഴിയാതായി. ഇതേ തുടര്‍ന്ന് ഭാവി കാര്യത്തെക്കുറിച്ചുള്ള ആലോചനയിലാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വിഘടന വാദി നേതാക്കളും.
അതേസമയം ജമ്മുകശ്മിരിനുള്ള പ്രത്യേക അധികാരം എടുത്തുകളഞ്ഞതോടെ രാജ്യത്തെ മറ്റ് ഭൂവിഭാഗങ്ങളിലുള്ളവരെപോലെ ഞങ്ങളും മാറിയെന്നാണ് ഡല്‍ഹിയില്‍ താമസിക്കുന്ന കശ്മിരികള്‍ പറയുന്നത്. പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നപ്പോള്‍ ഇന്ത്യക്കും പാകിസ്താനും ഇടയില്‍പെട്ട് അനിശ്ചിതത്വമായിരുന്നുവെന്നും ഇവര്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി ശ്രദ്ധിക്കേണ്ടത് ഭരണകാര്യങ്ങളിലെ പാളിച്ചകളിലേക്കാണ്. വിഘടനവാദവും സ്വയംഭരാവകാശവുമല്ല ഇവിടത്തുകാര്‍ക്ക് വേണ്ടതെന്നും ഇവര്‍ പറയുന്നു.
പ്രാദേശിക പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന കാര്യങ്ങളെല്ലാം ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്രസക്തമായിട്ടുണ്ടെന്നും കശ്മിരികള്‍ ചൂണ്ടിക്കാട്ടുന്നു. അക്രമവും ഭീകര പ്രവര്‍ത്തനവും ഒരു ഭാഗത്ത് നടന്നപ്പോള്‍ ഇതിനെല്ലാം ചുക്കാന്‍ പിടിച്ചിരുന്ന വിഘടന വാദികളും അവരുടെ കുടുംബങ്ങളും അല്ലലില്ലാതെ ജീവിച്ചുവെന്നാണ് വലിയൊരു വിഭാഗം ജനങ്ങളും പറയുന്നത്.
കശ്മിരിന്റെ പുതിയ രീതിയോട് യോജിക്കാനും വിയോജിക്കാനും ശ്രമം തുടങ്ങിയത് നാഷ്‌നല്‍ കോണ്‍ഫറന്‍സില്‍ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിട്ടുണ്ട്. ഫറൂക്ക് അബ്ദുല്ല പോലുള്ള പഴയ നേതാക്കള്‍ കശ്മിരിന് പ്രത്യേക അധികാരം നല്‍കിയത് എടുത്തുകളഞ്ഞതിനോട് ഒരു തരത്തിലും യോജിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ഒമര്‍ അബ്ദുല്ല പുതിയ രീതിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുണ്ട്. പി.ഡി.പിയുടെ അവസ്ഥയും ഇവിടെ പരുങ്ങലിലാണ്. അവരുടെ പല നയങ്ങളോടും പലരും വിയോജിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."