കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി
അന്തിക്കാട്: വിനോദ യാത്ര പോകാനെന്ന് പറഞ്ഞ് പുറപ്പെട്ട് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ കണ്ടെത്തി. എടത്തിരുത്തി സ്വദേശി മധുരംന്പിള്ളി കിഴക്കിവീട്ടില്‍ സാജന് മേനോന് മകന് നിര്മ്മല്മേനോന് (17) പെരിങ്ങോട്ടുകര സ്വദേശി കണാറ ദിനേഷ് മകന് ദിവീഷ് (17) എന്നിവരെയാണ് കണ്ടെത്തിയത്. കഴിഞ്ഞ മെയ് 31 നാണ് ഇവര്‍ വീട് വിട്ടിറങ്ങിയത്. കഴിഞ്ഞ ഏട്ട് ദിവസമായി ഇവരെ കാണാതായതിനെ തുടര്‍ന്ന് പൊലിസും ഇവരുടെ വീട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണം ഫലമില്ലാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ ഫോട്ടോ പ്രസിദ്ധപ്പെടുത്തി പൊലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ പെരിങ്ങോട്ടുകരയിലെത്തിയ ഇരുവരേയും പൊലിസ് പിടികൂടി. പൊലിസ് പറയുന്നത് ഇങ്ങനെ. നിര്‍മ്മല്‍ മേനോനും ദിവീഷും സഹപാഠികളാണ്. ഇവരുടെ മറ്റൊരു സഹപാഠിയായ മതിലകം സ്വദേശി ഷിവിനുമായി ചേര്‍ന്നാണ് ടൂര്‍ പോകാന്‍ തീരുമാനിച്ചത്. ബാംഗ്ലൂരിലുള്ള ഷിവിന്റെ ബന്ധുവീട്ടിലെത്തിയ ഇവരോട് ബന്ധു മുഖം തിരിക്കുകയും നാട്ടിലേക്ക് പോകാനുംപറഞ്ഞു. ഇതോടെ ഷിവിന്‍ തിരിച്ച് നാട്ടിലെത്തി. നിര്മ്മല്കുമാറിന്റെ ബാംഗ്ലൂരിലെ ബന്ധുവായ പെണ്കുട്ടിയേയുംഅവരുടെ കൂട്ടുകാരിയേയും കൂട്ടി നാട് വിടാന്‍ തീരുമാനിച്ചു.പിന്നീട് കഴിഞ്ഞ ഒന്‍പത് ദിവസമായി പല പല ട്രയിനുകളില്‍ ലക്ഷ്യബോധ്യമില്ലാതെ യാത്ര തുടരുകയായിരുന്നു. പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ഇവരുടെ വീട്ടുകാര്‍ ആണ്‍കുട്ടികള്‍ക്കെതിരെ ബാംഗ്ലൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ കുട്ടികളുടെ കയ്യിലിരുന്ന പണവും മൈബൈല്ഫോണുകളും അക്രമികള്‍ കവര്‍ന്നതായും പറയുന്നു. ടിക്കറ്റില്ലാതെ ട്രെയിനുകളില്‍ കയറിയിരുന്ന കുട്ടികളെ ടി.ടി.ഇമാര്‍ പിടിക്കുമ്പോള്‍ മറ്റ് ട്രെയിനുകളില്‍ കയറുകയാണ് ചെയ്തിരുന്നതെന്നും പറയുന്നു. ഭക്ഷണത്തിന് പോലും പണമില്ലാതായതോടെ നാട്ടിലേക്ക് തിരിച്ചുവരാന്‍ നാലുപേരും തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഇവര്‍ രാത്രിയോടെ പെരിങ്ങോട്ടുകര ആളൊഴിഞ്ഞ വീടിന്റെ മുകള്‍നിലയില്‍ തങ്ങി. പുലര്‍ച്ചെ റോഡിലൂടെ നടന്നു നീങ്ങിയെ ഇവരെ അയല്‍വാസിയായ യുവാവ് കണ്ടെത്തുകയും ദിവീഷിന്റെ വീട്ടില്‍ എത്തിക്കുകയും ആയിരുന്നു. നിര്‍മ്മല്‍ മേനോനെയും ദിവീഷിനേയും കോടതിയില്‍ ഹാജരാക്കുകയും പെണ് കുട്ടികളെ ബാംഗ്ലൂര്‍ പൊലിസിന് കൈമാറുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."