വേണം, പ്രളയ കമ്മിഷന്‍
വെടിവയ്പുണ്ടായാലും ലാത്തിച്ചാര്‍ജുണ്ടായാലുമെല്ലാം ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കണമെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തിറങ്ങാറുണ്ട്. എന്നാല്‍, ഇവിടെ അതിഭീകരമായൊരു പ്രളയം സംഭവിച്ചിട്ട് ജുഡിഷ്യല്‍ കമ്മിഷന്‍ ആവശ്യവുമായി ആരും മുന്നോട്ടുവന്നില്ല. ഒരുപക്ഷേ, പ്രളയക്കമ്മിഷന്‍ നിലവില്‍ വന്നാല്‍ ഇതുവരെ കേരളം മാറിമാറി ഭരിച്ചവരെല്ലാം പ്രതികളാക്കപ്പെടുമെന്ന ഭയമായിരിക്കാം അതിനു കാരണം.
എങ്കിലും സാമാന്യമനുഷ്യരെന്ന നിലയില്‍ നമുക്ക് ആവശ്യപ്പെടാം, കേരളത്തിലെ പ്രളയത്തിന്റെ കാര്യകാരണങ്ങള്‍ അന്വേഷിക്കാന്‍ ഒരു പ്രളയക്കമ്മിഷന്‍ ഉണ്ടാകേണ്ടതുണ്ട്. കാരണം, രണ്ടുവര്‍ഷം തുടര്‍ച്ചയായി കേരളം അതിഭീകരമായ പ്രളയത്തിനു സാക്ഷിയായിക്കഴിഞ്ഞു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. അപ്പോള്‍ സംഭവം ഗൗരവമുള്ളതാണ്. ഇതുവരെ പറ്റിയ തെറ്റ് ആവര്‍ത്തിക്കാതിരിക്കപ്പെടേണ്ടതുണ്ട്.
അതിന് അതിവിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം പ്രളയത്തിന്റെ കാരണങ്ങളും പരിഹാരവും അന്വേഷിച്ചു കണ്ടെത്തണം. സംഭവിച്ച പ്രളയത്തിനു കാരണം നമ്മുടെ വികസന നയത്തിലെ വീഴ്ചകളാണെന്നു വ്യാപകമായ ആക്ഷേപമുയര്‍ന്ന സ്ഥിതിക്ക് പ്രളയ കമ്മിഷന്‍ രൂപീകരണത്തിന് ഏറെ പ്രസക്തിയുണ്ട്.
എന്താണു സംഭവിക്കുന്നത്
മഴ അധികം പെയ്തതുകൊണ്ടാണോ, അതല്ല പെയ്തിറങ്ങിയ അനുഗ്രഹത്തെ ഒഴുകിപ്പരക്കാന്‍ തടസമുണ്ടാക്കിയ വികസന നയം കൊണ്ടാണോ പുഴകള്‍ ദിശമാറിയൊഴുകാന്‍ കാരണം എന്ന ചോദ്യം പ്രസക്തമാണ്. പുഴ സഞ്ചാരസ്വാതന്ത്ര്യം പ്രഖ്യാപിച്ചു വഴി മാറിയൊഴുകിയതല്ലെന്നു വ്യക്തം. മലകള്‍ സ്വേച്ഛയാ ഇടിഞ്ഞു ദുരന്തങ്ങള്‍ വിതച്ചതല്ലെന്നും വ്യക്തം. മലകളുടെയും പുഴകളുടെയും നെഞ്ചുകീറി കൊല്ലാക്കൊല ചെയ്ത മനുഷ്യന്‍ തന്നെയാണ് ഈ ദുരന്തങ്ങള്‍ക്ക് ഉത്തരവാദി. മനുഷ്യന്‍ ഈ കൂട്ടക്കൊലയുടെ കുറ്റം ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഈ പ്രളയം ഉയര്‍ത്തുന്നത്.
ഒറ്റക്കെട്ടായി നാം നേരിടുന്നുണ്ടോ
'ഒറ്റക്കെട്ടായി നാം നേരിടും' എന്ന മുദ്രാവാക്യം പ്രളയദുരിതത്തെ തരണം ചെയ്യാനുള്ള പ്രായോഗിക സംഗീതമാകുന്നത് ആത്മപരിശോധന കൂടി ആത്മാര്‍ഥമായി നടക്കുമ്പോഴാണ്. ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണവും വസ്ത്രവും എത്തിക്കുകയും രക്ഷാപ്രവര്‍ത്തനത്തിനു കൈമെയ് മറന്നു കൈകോര്‍ക്കുകയും ചെയ്യുന്ന ജനശക്തി നാടിന്റെ നന്മയാണ്. കേരളത്തിനേ അതു കഴിഞ്ഞിട്ടുള്ളൂ. അതു കേരളീയന്റെ സംസ്‌കാരമാണ്.
പക്ഷേ, മലയാളിയുടെ ഈ ഉന്നതമനസ് ഭരണകൂടത്തിന്റെ മികവല്ല. ഒരിക്കല്‍ സംഭവിച്ച പ്രളയം വീണ്ടും സംഭവിക്കാതിരിക്കാനുള്ള ആസൂത്രിതമായ നടപടികളാണ് ഭരണകൂടത്തില്‍ നിന്നുണ്ടാകേണ്ടത്. മലകളെയും പുഴകളെയും വീണ്ടും വീണ്ടും തകര്‍ക്കുകയും തളര്‍ത്തുകയും ചെയ്യുന്ന നടപടികള്‍ അവസാനിപ്പിക്കാനുള്ള നടപടികളുണ്ടാകണം. ആ ലക്ഷ്യം സാധിതമാക്കാന്‍ ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള ആര്‍ജവമുണ്ടാകണം. അതിനു സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ആത്മാര്‍ഥമായ പുനഃപരിശോധനയുണ്ടാകണം.
കാലാവസ്ഥയല്ല കുറ്റവാളി
കാലാവസ്ഥ മാറ്റിമറിക്കാന്‍ നമുക്കാവില്ല, അതു പ്രകൃതിനിയമമാണ്. അതില്‍ നന്മയും വിപത്തുമുണ്ടാകാം. കാലദോഷം പ്രകൃതിനിയമങ്ങള്‍ക്കപ്പുറത്തു നില്‍ക്കുന്ന പ്രതിഭാസമാണ്. മനുഷ്യകരങ്ങളാണത് സൃഷ്ടിക്കുന്നത്. നമ്മള്‍ ചിലതു ചെയ്തു കൂട്ടുന്നു. എന്നിട്ടു കാലദോഷമെന്നു പേരിടുന്നു. പ്രകൃതി നിയമത്തെ വെല്ലുവിളിച്ചവന്‍ തന്നെ സ്വയം ഏറ്റെടുക്കേണ്ട വിപത്താണു കാലദോഷം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശ വിഭാഗത്തിലാണു കവളപ്പാറ. അവിടെ നിന്നു വരുന്ന വിവരങ്ങള്‍ കാലവര്‍ഷത്തെയല്ല കാലദോഷത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. റബര്‍ നടാന്‍ കുന്നിടിച്ചത്, ക്വാറികള്‍ അനുവദിച്ചത് തുടങ്ങിയ പ്രാഥമികാരോപണങ്ങള്‍ മാത്രം മുന്നില്‍ വച്ച് ഒരന്വേഷണം നടത്തിയാല്‍ കിട്ടുന്ന ഉത്തരമുണ്ട്. ആ ഉത്തരം ' ഒറ്റക്കെട്ടായി നാം നേരിടും' എന്ന മുദ്രാവാക്യം കൂടിയാകണം. ദുരന്തം മാത്രമല്ല, ദുരന്തത്തിനു നിമിത്തമായ പ്രവണതയും 'ഒറ്റക്കെട്ടായി' നേരിടാനാകണം.
ഗാഡ്ഗില്‍ കമ്മിഷന്‍ രേഖയെന്ന വേദം
ഭാവിയിലും താങ്ങാനാകാത്ത പ്രളയദുരന്തമാണ് നമ്മെ കാത്തിരിക്കുന്നതെങ്കില്‍ 'ഒറ്റക്കെട്ടായി നാം അതിജീവിക്കേണ്ട' പല കാര്യങ്ങളുമുണ്ട്. നീരൊഴുക്കു ശാസ്ത്രീയമാക്കിയാല്‍ വെള്ളപ്പൊക്കമെന്ന വലിയ കടമ്പ കടക്കാനാകും. അതുകൊണ്ടു മാത്രം കാര്യമില്ല. നീരൊഴുക്ക് തടയപ്പെടുന്നതിനേക്കാള്‍ ഉരുള്‍പൊട്ടലാണ് ദുരന്തം വിതയ്ക്കുന്നത്. ആളപായമുണ്ടാകുന്നത് മലകളിലാണ്. അതിനാണു പരിഹാരമുണ്ടാകേണ്ടത്.
ആഗോളതാപനവും കാലാവസ്ഥാ മാറ്റവും നമ്മള്‍ ചെവികൊടുക്കാത്ത വിഷയങ്ങളാണ്. അതങ്ങനെ തള്ളിക്കളയേണ്ട കാര്യമല്ല. മഴ ക്രമം തെറ്റിയാല്‍ ചൂടിന്റെയും ശൈത്യത്തിന്റെയും അളവിലും സ്വഭാവത്തിലും വ്യത്യാസം വരാം. ഭൂമിയുടെ ഉപയോഗം, കെട്ടിടനിര്‍മാണം, കാര്‍ഷികരീതികള്‍, വനപരിപാലനം, നഗരവികസനം, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കല്‍, പരിസ്ഥിതിബോധം എന്നിവയിലെല്ലാം കാലാവസ്ഥാസാക്ഷരതയുടെ കാര്‍ക്കശ്യം പരിപാലിക്കപ്പെടണം.
മാറുന്ന കാലാവസ്ഥയെ അതിജീവിക്കുന്ന കൃഷിരീതികള്‍, പ്രളയത്തെ അതിജീവിക്കുന്ന നിര്‍മാണപ്രവര്‍ത്തങ്ങള്‍, എന്നിവ അതിജീവന പോളിസിയായി നമ്മുടെ മുന്നിലുണ്ട്. പ്രകൃതിയുടെ മേലുള്ള വിവേചനരഹിതമായ മനുഷ്യരുടെ ഇടപെടലുകള്‍ പ്രളയത്തിന്റെ ആഘാതം പലമടങ്ങ് കൂട്ടുകയാണെന്ന് ഇപ്പോഴത്തെ സംഭവങ്ങളില്‍നിന്നു വ്യക്തമാണ്.
കേരളത്തെ താങ്ങിനിര്‍ത്തുന്ന, കേരളത്തിന്റെ പ്രകൃതിഭംഗിക്കു മാറ്റുകൂട്ടുന്ന പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സമഗ്രമായി മുന്നോട്ടുവച്ച ഗാഡ്ഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവാദങ്ങളുയര്‍ത്തി മടക്കിവച്ചവരാണു നാം. പശ്ചിമഘട്ടത്തെ സംരക്ഷിച്ചില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍നാശം സംഭവിക്കുമെന്നു മാധവ് ഗാഡ്ഗില്‍ 2013ല്‍ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.
പശ്ചിമഘട്ടത്തില്‍ വരുന്ന 44 ജില്ലകളിലെ 142 താലൂക്കുകളില്‍നിന്നു 134 പരിസ്ഥിതിലോല മേഖലകളാണു സമിതി തിരിച്ചറിഞ്ഞത്. കേരളത്തിലെ 75 താലൂക്കുകളില്‍നിന്ന് 25 എണ്ണമാണു പരിസ്ഥിതി ലോലമായി തിരിച്ചറിഞ്ഞത്. ഇവയില്‍ 15 എണ്ണം മേഖല ഒന്നിലും രണ്ടെണ്ണം മേഖല രണ്ടിലും എട്ടെണ്ണം മേഖല മൂന്നിലും പെടുന്നു.
ഗാഡ്ഗില്‍ സമിതി പരിഗണിച്ച കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ മണ്ടക്കല്‍, പനത്തടി, പൈതല്‍മല, ബ്രഹ്മഗിരി, തിരുനെല്ലി, പരിസ്ഥിതി പ്രാധാന്യമുള്ള വയനാടിന്റെ ഭാഗങ്ങള്‍, കുറുവാ ദ്വീപ്, കുറ്റ്യാടി, പെരിയ, കല്‍പ്പറ്റ, നിലമ്പൂര്‍, മേപ്പാടി, സൈലന്റ് വാലി, മണ്ണാര്‍ക്കാട്, ശിരുവാണി, മുത്തുക്കുളം, നെല്ലിയാമ്പതി, പറമ്പിക്കുളം, പീച്ചി, വാഴാനി, പൂയ്യംകുട്ടി, തട്ടേക്കാട്, ഇടമലയാര്‍, മൂന്നാര്‍, ഇരവിക്കുളം, ചിന്നാര്‍, ഏലമലക്കാടുകള്‍, പെരിയാര്‍, റാന്നികോന്നി, ഗൂഡ്രീക്കല്‍, കുളന്തുപ്പുഴ, തെന്മല തുടങ്ങിയവയാണ്.
നിലമ്പൂരും വയനാടുമെല്ലാം വലിയ താക്കീതാണു നല്‍കിയിരിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ മേഖലകളില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഗാഡ്ഗില്‍ സമിതി നിര്‍ദേശിച്ചത് സര്‍ക്കാര്‍ പുനര്‍വായനക്ക് വിധേയമാക്കണം.
മേഖല ഒന്നിലും രണ്ടിലും പുതിയ ഖന നം അനുവദിക്കരുതെന്ന സമിതി നിര്‍ദേശം പാലിക്കപ്പെട്ടില്ല. 2016 ഓടെ മേഖല ഒന്നിലെ ഖന നം നിര്‍ത്തണമായിരുന്നു. നിയന്ത്രണവിധേയമായി മാത്രമേ മേഖല രണ്ടില്‍ ഇപ്പോഴുള്ള ഖന നം തുടരാവൂവെന്നും സമിതി അനുശാസിച്ചിരുന്നു. റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കു ശേഷമേ ആകാവൂവെന്നു സമിതി പറഞ്ഞിരുന്നു.
ഇവയില്‍ പരിസ്ഥതിനാശത്തിന്റെ മൂല്യം കണക്കാക്കണമെന്നും സമിതി കല്‍പ്പിച്ചതാണ്. പരിസ്ഥതിക്കു കോട്ടം പറ്റാത്ത രീതിയിലാകണം കെട്ടിടനിര്‍മാണമെന്നു സമിതി കര്‍ശനമായി ഉപദേശിച്ചതാണ്. സിമന്റ്, കമ്പി, മണല്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പറഞ്ഞിരുന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ പാടില്ല, പ്ലാസ്റ്റിക് ഉപയോഗം മൂന്നു വര്‍ഷം കൊണ്ട് നിര്‍ത്തണം, മേഖല ഒന്നില്‍ അഞ്ചുവര്‍ഷം കൊണ്ടും മേഖല രണ്ടില്‍ എട്ടു വര്‍ഷം കൊണ്ടും മേഖല മൂന്നില്‍ പത്തു വര്‍ഷംകൊണ്ടും ജൈവകൃഷിയിലേക്ക് മാറണം, പ്രത്യേക സാമ്പത്തിക മേഖലയോ പുതിയ ഹില്‍സ്റ്റേഷനോ പാടില്ല, പൊതുഭൂമി സ്വകാര്യവത്കരിക്കരുത്, പുഴകളുടെ തിരിച്ചുവിടല്‍ അനുവദിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവച്ചിരുന്നു.
വനാവകാശനിയമം കണക്കിലെടുത്തു കമ്യൂണിറ്റി ഫോറസ്റ്റ് റിസര്‍വ് സംവിധാനം നടപ്പാക്കല്‍, മേഖല ഒന്നില്‍ മണല്‍വാരലിനും പാറപ്പൊട്ടിക്കലിനും പുതിയ അനുമതി നല്‍കാതിരിക്കല്‍, മേഖല ഒന്നിലും രണ്ടിലും പരിസ്ഥിതി മലിനമാക്കുന്ന റെഡ് ഓറഞ്ച് കാറ്റഗറി വ്യവസായങ്ങള്‍ പുതുതായി അനുവദിക്കാതിരിക്കല്‍, മേഖല ഒന്നില്‍ 10 മെഗാവാട്ടില്‍ കുറഞ്ഞുള്ള ജലവൈദ്യുതി പദ്ധതികള്‍ മാത്രം അനുവദിക്കല്‍, വലിയ കാറ്റാടി പദ്ധതികള്‍ പാടില്ല, കാലാവധി കഴിഞ്ഞ ജലവൈദ്യുത പദ്ധതികള്‍ 30 മുതല്‍ 50 വര്‍ഷം കൊണ്ടു ഡിക്കമ്മിഷന്‍ ചെയ്യല്‍ തുടങ്ങിയ കമ്മിഷന്റെ നിര്‍ദേങ്ങള്‍ പാലിക്കപ്പെട്ടോയെന്നു പരിശോധിക്കേണ്ടതുണ്ട്.
കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡിന്റെ 2016 ലെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 65 ശതമാനം കുഴല്‍ക്കിണറുകളും ഭൂഗര്‍ഭ ജലശോഷണത്തിന്റെ പ്രതിസന്ധിയിലാണ്. മഴവെള്ളക്കൊയ്ത്തിനും ഭൂഗര്‍ഭജല പുനരുജ്ജീവിനത്തിനുമുള്ള പദ്ധതികളൊന്നും കാര്യമായ വിജയം കണ്ടെത്തിയിട്ടില്ല. കേരളത്തില്‍ 26 ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ അതിയന്നൂര്‍, കൊടുങ്ങല്ലൂര്‍, ചിറ്റൂര്‍, കാസര്‍കോട്, കോഴിക്കോട് എന്നീ ബ്ലോക്കുകളിലാണ് ഇതേറ്റവും രൂക്ഷം.
തീരപ്രദേശങ്ങളില്‍ സമുദ്ര ജലനിരപ്പുയരുന്നതിനാല്‍ ഉപ്പുവെള്ളം കയറുന്നതും പഠനം വ്യക്തമാക്കി. ഭൂഗര്‍ഭ ജലനിരപ്പ് ഒരു ഭാഗത്ത് താഴുകയാണെന്ന് പറയുകയും മറുഭാഗത്ത് ജലം ഉള്‍കൊള്ളാനാകാത്ത വിധം ഭൂഗര്‍ഭ ജലസംഭരണ പാളികള്‍ ഉരുള്‍പൊട്ടലായി നിര്‍ഗമിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ കൈകാര്യകര്‍തൃത്വത്തിലെ പിടിപ്പുകേടാണു വ്യക്തമാകുന്നത്. ഇതു കണ്ടെത്തി ജാഗ്രത പാലിക്കാത്തിടത്തോളം പ്രകൃതിയെ പഴിച്ചിട്ടു കാര്യമില്ല.
ഐക്യരാഷ്ട്രസഭ വികസന പദ്ധതിയുടെ (യു.എന്‍.ഡി.പി) ദുരന്താനന്തര ആവശ്യകത വിലയിരുത്തല്‍ (പി.ഡി.എന്‍.എ) സംസ്ഥാനത്തിന്റെ പ്രളയാനന്തര നഷ്ടം 31,000 കോടി രൂപയാണെന്ന് കണക്കാക്കുന്നു. പുതിയ നഷ്ടം കൂടി ഇതിനോടു ചേര്‍ത്തുവയ്ക്കാനുണ്ട്. പ്രളയത്തിന്റെ മുറിവുണക്കാനുള്ള പരിശ്രമത്തേക്കാള്‍ ശ്രദ്ധിക്കേണ്ടത്, പ്രളയം ആവര്‍ത്തിക്കാതിരിക്കാനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."