ജി.എസ്.ടി ബില്‍ ഇന്നു രാജ്യസഭയില്‍
ന്യൂഡല്‍ഹി: ഏറെചര്‍ച്ചകള്‍ക്കും രാഷ്ട്രീയനീക്കങ്ങള്‍ക്കുമൊടുവില്‍ ഏകീകൃത ചരക്കു സേവന നികുതി (ജി.എസ്.ടി) ബില്ല് ഇന്നു രാജ്യസഭയില്‍ വയ്ക്കും. നേരത്തെ ലോക്‌സഭയില്‍ ബില്‍ പാസായിരുന്നു. ബില്‍ രാജ്യസഭയില്‍ വയ്ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ അംഗങ്ങളും സഭയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും എം.പിമാര്‍ക്ക് പാര്‍ട്ടികള്‍ വിപ്പ് നല്‍കിയിട്ടുണ്ട്.
എന്‍.ഡി.എയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിച്ച് ബില്ലില്‍ മൂന്നു പ്രധാന ഭേദഗതികള്‍ വരുത്തിയതിനു ശേഷമാണ് ബില്‍ അവതരിപ്പിക്കുന്നത്. ഇന്നത്തെ രാജ്യസഭാ നടപടികളില്‍ ബില്ല് ചര്‍ച്ചയ്ക്കു വയ്ക്കുമെന്നും അത് പാസാക്കാനായി എല്ലാകക്ഷികളും സഹകരിക്കണമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.
സര്‍ക്കാരിനു മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ ലോക്‌സഭയില്‍ പെട്ടെന്നു പാസായ ബില്ല് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാലാണ് പസാക്കാന്‍ കഴിയാതിരുന്നത്. ഇക്കാരണത്താല്‍ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ ബില്ലിനോടുള്ള നിലപാടില്‍ പ്രതിപക്ഷവും അയഞ്ഞു. തുടര്‍ന്ന് 18 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നത് ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള അവശ്യങ്ങള്‍ കോണ്‍ഗ്രസും ഉപേക്ഷിച്ചു.
കോണ്‍ഗ്രസിന്റെ പിന്തുണയ്ക്കു പുറമെ വിവിധ സംസ്ഥാനങ്ങളുടെയും രാജ്യസഭയില്‍ പ്രാതിനിധ്യമുള്ള വിവിധ കക്ഷികളുടെയും പിന്തുണയും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന അന്തര്‍സംസ്ഥാന സമിതി യോഗത്തില്‍ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രി നരേന്ദ്രമോദി ബില്ലിന് പിന്തുണ തേടിയിരുന്നു.
തിങ്കളാഴ്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദുമായും ആനന്ദ് ശര്‍മയുമായും ചര്‍ച്ച നടത്തിയിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ജയ്റ്റ്‌ലി കണ്ടു. ഇടതു കക്ഷികളുടെയും സമാജ് വാദി പാര്‍ട്ടിയുടെയും പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, അണ്ണാ ഡി.എം.കെ പോലുള്ള കോണ്‍ഗ്രസ്- ബി.ജെ.പി വിരുദ്ധ കക്ഷികളും ബില്ലിനു പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ബില്ലിന്റെ കരട് ഇന്നലെ സഭയില്‍ വിതരണംചെയ്തു. എന്നാല്‍ ഇതിനോട് കോണ്‍ഗ്രസ് പ്രതികരിച്ചില്ല. ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ കടമ്പകള്‍ ഏറെയുണ്ട്.
മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം പാസ്സാകാന്‍. ഇന്ന് രാജ്യസഭയില്‍ എല്ലാ അംഗങ്ങളും ഹാജരായാല്‍ 245 അംഗ സഭയില്‍ ബില്ല് പാസാകാന്‍ 164 പേരുടെ പിന്തുണവേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."