കശുവണ്ടി മേഖലയ്ക്ക് കൈത്താങ്ങായി താലൂക്ക് ലൈബ്രറി കൗണ്‍സില്‍
കരുനാഗപ്പള്ളി: ജില്ലയിലെ ഏറ്റവും വലിയ പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് കൈത്താങ്ങായി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വേറിട്ട പദ്ധതി. 'കശുമാവ്പൂക്കും കാലം' എന്ന പേരില്‍ കശുവണ്ടി വികസന കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി. താലൂക്കിലെ ഗ്രന്ഥശാലകളെ കോര്‍ത്തിണക്കി പതിനായിരത്തോളം കശുമാവിന്‍ തൈകള്‍ വച്ചുപിടിപ്പിച്ച് വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രന്ഥശാലകളില്‍ രൂപീകരിക്കുന്ന കാര്‍ഷിക സബ് കമ്മിറ്റികളും പഞ്ചായത്ത് താലൂക്ക് സമിതികളും പദ്ധതിയുടെ മേല്‍നോട്ടം വഹിക്കും. കശുമാവ് കൃഷിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ജനകീയ ബോധവല്‍ക്കരണ പ്രവര്‍ത്തനമായി ഇതിനെ മാറ്റാന്‍ കഴിയും. പദ്ധതിയുടെ ഉദ്ഘാടനം 18ന് പടനായര്‍കുളങ്ങര വടക്ക് അഹമ്മദ് കുട്ടി ലൈബ്രറിയില്‍ നടക്കും.
സംസ്ഥാന വനിതാ കമ്മീഷനുമായി സഹകരിച്ച് സ്ത്രീ അതിജീവനം പ്രതിരോധം എന്ന വിഷയത്തില്‍ 15 ന് രാവിലെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. കെ സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന അക്ഷര കൂട്ടായ്മ ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പുരസ്‌കാര ജേതാക്കളെ എന്‍ വിജയന്‍ പിള്ള എം.എല്‍.എ അനുമോദിക്കും. ഗ്രാന്റുകളുടെ വിതരണം ഡി സുകേശന്‍ നിര്‍വ്വഹിക്കും.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഇത്തവണ ഏര്‍പ്പെടുത്തിയ മികച്ച ഗ്രന്ഥശാലയ്ക്കുള്ള അവാര്‍ഡ് പനയന്നാര്‍കാവ് കമ്പളത്തു ശങ്കപ്പിള്ള ഗ്രന്ഥശാലയ്ക്കും മികച്ച ലൈബ്രേറിയനായി ഇവിടുത്തെ ആര്‍ ആദര്‍ശും മികച്ച സെക്രട്ടറിയായി ചങ്ങന്‍കുളങ്ങര ഐക്യകേരള ഗ്രന്ഥശാലയിലെ എം രാമചന്ദ്രന്‍ പിള്ളയേയും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."