പ്രതീക്ഷ തെറ്റി; അതിര്‍ത്തി കാത്ത ഭടന്‍ മുഹമ്മദ് സനാഉല്ലയും പട്ടികയിലില്ല
ഗുവാഹത്തി: മൂന്നുപതിറ്റാണ്ടോളം രാജ്യാതിര്‍ത്തിയില്‍ കാണിച്ച ജാഗ്രതയും അസമിലെ മുഹമ്മദ് സനാഉല്ലയ്ക്ക് തുണയായില്ല. അന്തിമ പട്ടികയില്‍ തന്റെ പേരുണ്ടാവുമെന്നു കരുതിയെങ്കിലും പ്രതീക്ഷ തെറ്റി. പട്ടികയില്‍ പേരു വരാതിരുന്നതോടെ ഇനി താന്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ് സനാഉല്ലയ്ക്ക്. സനാഉല്ലയുടെ ഭാര്യ നഫീസയുടെ പേര് പട്ടികയിലുണ്ടെങ്കിലും മക്കളായ ഷഹ്നാസ്, ഹില്‍മിന, മകന്‍ സയീദ് എന്നിവരുടെ പേരുകളും പുറത്തായി. തനിക്ക് നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്ന് സനാഉല്ല പറഞ്ഞു.
പൗരത്വ പട്ടികയ്ക്ക് പുറത്താണെന്നു വിധിച്ച ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെതിരെ ഗുവാഹത്തി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇനിയുള്ള തന്റെ പ്രതീക്ഷയെന്ന് സനാഉല്ല വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ചായ്ഗണിലെ എന്‍.ആര്‍.സി കേന്ദ്രയിലേക്ക് തന്നെ വിളിപ്പിച്ചിരുന്നു. ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ ഉത്തരവും തടവുകേന്ദ്രത്തില്‍ നിന്ന് ജാമ്യം ലഭിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറാന്‍ ആവശ്യപ്പെട്ടു. അതിനാല്‍ അവസാന നിമിഷം ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അങ്ങിനെ സംഭവിച്ചില്ല- സനാഉല്ല പറഞ്ഞു.
52 കാരനായ മുഹമ്മദ് സനാഉല്ല സൈന്യത്തില്‍ സുബേദാര്‍ പദവിയില്‍ സേവനമനുഷ്ടിച്ച് വിരമിച്ച ശേഷം അസം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റ് രണ്ടുമാസം മുന്‍പ് സനാഉല്ലയെ ജയിലിലടച്ചിരുന്നു. വിദേശിയെന്നു മുദ്രകുത്തി ജയിലിലടച്ചതിന് പിന്നാലെ സനാഉല്ലയ്ക്ക് അസം പൊലിസിലെ സബ് ഇന്‍സ്‌പെക്ടര്‍ ജോലി നഷ്ടമായിരുന്നു.
ഔദ്യോഗിക യൂനിഫോം തിരിച്ചെടുക്കുകയും പൊലിസ് ഇന്‍സ്‌പെക്ടര്‍ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ സൗകര്യങ്ങളും എടുത്തുകളയുകയും ചെയ്തു. ഒരാഴ്ചയിലേറെ ജയിലില്‍ കിടന്ന അദ്ദേഹത്തിന് പിന്നീട് ജാമ്യം ലഭിച്ചു.സൈന്യത്തില്‍ നിന്ന് 2017ല്‍ ആണ് സനാഉല്ല വിരമിച്ചത്.
സൈന്യത്തിലിരിക്കെ കാര്‍ഗില്‍ യുദ്ധത്തിലും കശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കെതിരെ നടന്ന സൈനികനടപടിയിലും പങ്കെടുത്തയാളാണ് സനാഉല്ല. 2014ല്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച സനാഉല്ലയെ, ഓണററി ലെഫ്റ്റനന്റായും സൈന്യം ആദരിച്ചിരുന്നു. എന്നാല്‍, ദേശീയ പൗരത്വ പട്ടികയുടെ രൂപത്തില്‍ ജീവിതസായാഹ്നത്തില്‍ അദ്ദേഹത്തിന് 'വിദേശി' ബ്രാന്‍ഡ് വരികയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കാവല്‍ നിന്ന തനിക്ക് ഈ അവസ്ഥവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സനാഉല്ല പറഞ്ഞിരുന്നു.
സനാഉല്ലയെ കൂടാതെ പ്രതിപക്ഷകക്ഷിയായ എ.ഐ.യു.ഡി.എഫ് എം.എല്‍.എ അനന്തകുമാര്‍ മാലുവിന്റെ പേരും പട്ടികയിലില്ല. സൗത്ത് അഭയപുരിയില്‍ നിന്നുള്ള എം.എല്‍.എയായ കുമാറിന് പുറമെ അദ്ദേഹത്തിന്റെ മകന്റെ പേരും എന്‍.ആര്‍.സിയില്‍ നിന്ന് പുറത്തായി.
എ.ഐ.യു.ഡി.എഫിന്റെ നേതാവും മുന്‍ എം.എല്‍.എയുമായ ആദുര്‍റഹ്മാന്‍ മജ്ഹര്‍ ബുയിയുടെ പേരും പട്ടികയിലില്ല. അദ്ദേഹത്തിന്റെ മകനും മകളും പുറത്താണ്. നേരത്തെ ലിസ്റ്റില്‍ തങ്ങളുടെ പേരുണ്ടായിരുന്നുവെന്ന്, ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് മാറിയ ആദുര്‍റഹ്മാന്‍ പറഞ്ഞു. അതിനിടെ, പൗരത്വ പട്ടികയുടെ പേരില്‍ വെള്ളിയാഴ്ച അസമില്‍ ഒരു ആത്മഹത്യ റിപ്പോര്‍ട്ട്‌ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."