പ്രളയം: കേന്ദ്രസംഘം തിങ്കളാഴ്ച എത്തും
2,100 കോടിയുടെ നഷ്ടക്കണക്കുമായി കേരളം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രണ്ടാംപ്രളയം വിലയിരുത്താനെത്തുന്ന കേന്ദ്ര സംഘത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ 2,100 കോടിയുടെ നഷ്ടക്കണക്കുമായി കേരളം. അടുത്ത തിങ്കളാഴ്ചയാണ് പ്രളയവും ഉരുള്‍പൊട്ടലും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. കേന്ദ്ര ദുരന്തനിവാരണ മാനദണ്ഡപ്രകാരമാണ് നഷ്ടക്കണക്ക് തയാറാക്കിയിരിക്കുന്നത്.
ആള്‍ നാശം, വീടുകളുടെ തകര്‍ച്ച, കൃഷിനാശം, പൊതുമരാമത്ത്, ജലസേചനം, വൈദ്യുതി, ക്ഷീരം, മൃഗസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലെ നഷ്ടം കണക്കാക്കിയാണ് പട്ടിക തയാറാക്കിയത്. ഇതിനായി എല്ലാ വകുപ്പ് മേധാവികളും നഷ്ടപരിഹാരത്തിന്റെ കണക്ക് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. രണ്ടാംപ്രളയത്തില്‍ നഷ്ടം 2,100 കോടിയില്‍ കൂടുതല്‍ ആയിട്ടുണ്ടെങ്കിലും കേന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള പട്ടിക തയാറാക്കിയാലേ അതിനനുസരിച്ചുള്ള സഹായം ലഭിയ്ക്കൂ. അടുത്ത തിങ്കളാഴ്ച കൊച്ചിയില്‍ എത്തുന്ന സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. വേണു എന്നിവര്‍ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് കേന്ദ്രസംഘത്തിന് സമര്‍പ്പിക്കും.
20 അംഗ കേന്ദ്ര സംഘമാണ് പ്രളയം വിലയിരുത്താന്‍ എത്തുന്നത്. രണ്ടായി തിരിഞ്ഞാകും സംഘത്തിന്റെ സന്ദര്‍ശനം. ശ്രീപ്രകാശിന്റെ നേതൃത്വത്തില്‍ ഒരു സംഘം 17ന് രാവിലെ കൊച്ചിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ശേഷം അവിടെ നിന്നും മലപ്പുറം ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്കു പോകും. കവളപ്പാറ ഉള്‍പ്പെടെ അവര്‍ സന്ദര്‍ശിക്കുന്നുണ്ട്. വൈകിട്ട് വയനാട്ടിലേക്കു പോകും. 18ന് രാവിലെ വയനാട് കലക്ടറുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് പുത്തുമല അടക്കമുള്ള ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. 19ന് കണ്ണൂര്‍ ജില്ലയിലേക്കു പോകും. ശ്രീപ്രകാശിനെ കൂടാതെ കൃഷി മന്ത്രാലയത്തിലെ ഡയരക്ടര്‍ ഡോ. കെ. മനോഹരന്‍, ധനമന്ത്രാലയത്തിലെ ജോയിന്റ് ഡയരക്ടര്‍ എസ്.സി മീണ, ഊര്‍ജ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ഒ.പി സുമന്‍ എന്നിവരാണ് ഈ സംഘത്തിലുള്ളത്.
ജലവിഭവ മന്ത്രാലയത്തിലെ സീനിയര്‍ എന്‍ജിനീയര്‍ വി. മോഹന്‍ മുരളിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘം 17ന് ആലപ്പുഴ, കുട്ടനാട് പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. 18ന് എറണാകുളം, തൃശൂര്‍ ജില്ലകളാണ് സന്ദര്‍ശിക്കുക. 19ന് തിരുവനന്തപുരത്തെത്തും. ഗ്രാമവികസന മന്ത്രാലയം ഡയരക്ടര്‍ അനിത ബാഗല്‍, ഉപരിതല ഗതാഗത മന്ത്രാലയം റീജ്യനല്‍ ഓഫിസര്‍ വി.വി ശാസ്ത്രി എന്നിവരാണ് ഈ സംഘത്തിലുള്ളത്. രണ്ടു സംഘങ്ങളും 20ന് തലസ്ഥാനത്തെത്തും. തുടര്‍ന്നു മന്ത്രിമാരും ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വൈകിട്ടു നാലിന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."