രാജ്യദ്രോഹക്കേസില്‍ ഷെഹ്‌ല റാഷിദിനെ അറസ്റ്റ് ചെയ്യുന്ന നടപടി കോടതി തടഞ്ഞു
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവും ജെ.എന്‍.യുവിലെ തീപ്പൊരി നേതാവുമായിരുന്ന ഷെഹ്‌ല റാഷിദിനെ രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡിഷനല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിനിന്റെ നടപടി. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്‌ലയോട് കോടതി ആവശ്യപ്പെട്ടു. നവംബര്‍ അഞ്ചിനാവും ഇനി കേസ് പരിഗണിക്കുക. അതുവരെയാണ് ഷെഹ്‌ലക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണമുള്ളത്.
രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലിസാണ് ഷെഹ്‌ല റാഷിദിനെതിരെ കേസെടുത്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് ഷെഹ്‌ല റാഷിദ് ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. കശ്മീരില്‍ സൈന്യം ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്‌ല ആരോപിക്കുകയുണ്ടായി. ആഗസ്റ്റ് 17ന് പോസ്റ്റ് ചെയ്ത ഈ ട്വീറ്റുകളാണ് ഷെഹ്‌ല റാഷിദിനെതിരായ രാജ്യദ്രോഹക്കേസുകള്‍ക്ക് ആധാരം. 124എ, 153എ, 153, 504, 505 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഷെഹ്‌ലക്കെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."