സഊദിയില്‍ മന്ത്രാലയത്തിന് കീഴില്‍ ലേബര്‍ കോടതികള്‍ പ്രവര്‍ത്തനമാരംഭിച്ചു
റിയാദ്: ലേബര്‍ കേസുകള്‍ക്ക് കൂടുതല്‍ നീതി പകരുന്നതിനായി ലേബര്‍ കോടതികള്‍ നീതിന്യായ മന്ത്രാലയത്തിന് പ്രവര്‍ത്തനം തുടങ്ങി. നേരത്തെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ലേബര്‍ ഓഫീസുകളോട് ചേര്‍ന്നുള്ള ലേബര്‍ കോടതികളെ പോലെ പ്രവര്‍ത്തിച്ചിരുന്ന തൊഴില്‍ തര്‍ക്ക പരിഹാര സമിതികളാണ് ലേബര്‍ കോടതികളായി രൂപാന്തരപ്പെടുത്തിയത്. രാജ്യത്തെ നീതിന്യായ സംവിധാനങ്ങളുടെ പരിഷ്‌കരണത്തില്‍ പുതിയ അധ്യായം തുറന്ന തീരുമാനം മേഖലയിലെ നീതിന്യായ വ്യവസ്ഥയില്‍ കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ്. മൂന്നു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നീതിന്യായ സംവിധാനത്തിനു കീഴില്‍ ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
എന്നാല്‍,ലേബര്‍ കോടതികള്‍ തീര്‍പ്പ് കല്‍പിക്കുന്ന ചില കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് സാധിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് നീതിന്യായ മന്ത്രി പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്. ഇരുപതിനായിരം റിയാലില്‍ കൂടാത്ത തുക ആവശ്യപ്പെട്ടുള്ള പരാതികള്‍, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള കേസുകള്‍, തൊഴിലുടമ കൈവശം വെച്ച തൊഴിലാളിയുടെ രേഖകള്‍ ആവശ്യപ്പെട്ടുള്ള കേസുകള്‍, ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പ് കല്‍പിക്കുന്ന പ്രത്യേക കമ്മിറ്റുകളുടെ വിധികള്‍, ഇരുപതിനായിരം റിയാലില്‍ കൂടാത്ത തുകയുമായി ബന്ധപ്പെട്ട് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലെ ബന്ധപ്പെട്ട വകുപ്പ് പ്രഖ്യാപിക്കുന്ന വിധികള്‍ എന്നിവയിലാണ് അപ്പീല്‍ സ്വീകരിക്കാതിരിക്കുക.
ആദ്യ ഘട്ടത്തില്‍ റിയാദ്, മക്ക, ജിദ്ദ, അബഹ, ദമാം, ബുറൈദ, മദീന എന്നിവിടങ്ങളിലാണ് ലേബര്‍ കോടതികള്‍ ആരംഭിച്ചിരിക്കുന്നത്. ഇവക്കു പുറമെ മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും ജനറല്‍ കോടതികളില്‍ തൊഴില്‍ കേസുകള്‍ക്ക് 27 ബെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. ആറു അപ്പീല്‍ കോടതികളില്‍ തൊഴില്‍ കേസുകള്‍ക്ക് ഒമ്പത് മൂന്നംഗ ബെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. തൊഴില്‍ കേസ് വിചാരണ വേഗത്തിലാക്കുന്നതിനും കക്ഷികള്‍ക്ക് സാധ്യമായത്ര വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ലേബര്‍ കോടതികള്‍ നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗസില്‍ പ്രസിഡന്റുമായ ശൈഖ് ഡോ.വലീദ് അല്‍സ്വംആനി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തൊഴില്‍ കേസുകളില്‍ വിചാരണ വേഗത്തിലാക്കുന്നതിനും കക്ഷികള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിനും ലേബര്‍ കോടതികള്‍ നീതിന്യായ സംവിധാനത്തിനു കീഴിലേക്ക് മാറ്റിയതിലൂടെ സാധിക്കുമെന്നു മന്ത്രി പറഞ്ഞു. നിലവില്‍ എതിര്‍കക്ഷികള്‍ കരുതിക്കൂട്ടി ഹാജരാകാത്തതു മൂലം ചില തൊഴില്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് വര്‍ഷങ്ങളെടുക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പുതിയ കോടതികള്‍ അന്ത്യം കുറിക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."