ഭക്ഷണത്തിലെ ഫാസിസ്റ്റ് പൊള്ളത്തരങ്ങള്‍
2001 ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയുടെ ആസൂത്രണങ്ങളുടെ ഭാഗമായാണ് സവര്‍ണഹിന്ദുത്വം മാംസവിരുദ്ധരാഷ്ട്രീയം പരസ്യപ്രചാരണായുധമാക്കുന്നത്. പര്‍വീസ് ഫജാണ്ടിയുടെ 'പ്രോഗ്രാം ഇന്‍ ഗുജറാത്ത്, ഹിന്ദു നാഷനലിസം ആന്റ് ആന്റി മുസ്‌ലിം വൈലന്‍സ് ഇന്‍ ഇന്ത്യ' എന്ന പഠനത്തില്‍ അക്കാലത്ത് ഹിന്ദുത്വവാദികള്‍ നടത്തിയ സസ്യാഹാരപ്രചാരണം, മാംസഭോജനവിരുദ്ധ പ്രചാരണം, അവയുടെ അനന്തരഫലം എന്നിവ വിശദീകരിച്ചിട്ടുണ്ട്.
'അനധികൃത അറവുശാല,' 'മുസ്‌ലിം അറവുശാല' തുടങ്ങിയ പദപ്രയോഗങ്ങള്‍ ഗുജറാത്ത് കലാപനാളുകളില്‍ ഫാസിസ്റ്റ് മീഡിയ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. അഹമ്മദാബാദിലെ വലിയൊരു ശതമാനം മുസ്‌ലിം ഹോട്ടലുകള്‍ മാംസാഹാരപാചകം നിര്‍ത്തലാക്കി സസ്യാഹാരശാലകളാക്കിയത് അക്കാലത്ത് അവിടെ നിലനിന്ന മാംസവിരുദ്ധ രാഷ്ട്രീയത്തിന്റെ തീവ്രതസൂചിപ്പിക്കുന്നു.
പുല്ലു തിന്നുന്ന പശുവിന്റെ പേരില്‍ അന്നം തിന്നുന്ന മനുഷ്യരെ വിഭജിക്കുന്ന സംഘ്പരിവാര്‍ നീക്കം ഫണം വിടര്‍ത്തിയ നാളുകളില്‍ ഗുജറാത്തിലെ മുഖ്യമന്ത്രി നരേന്ദ്രമോദിയായിരുന്നു. അന്ന് അദ്ദേഹം മൗനത്തിലായിരുന്നു. ഫാസിസ്റ്റ് ശക്തികള്‍ ഗുജറാത്തില്‍ സാധിപ്പിച്ചെടുത്ത രാഷ്ട്രീയനേട്ടം ദേശീയതലത്തില്‍ ഉറപ്പിച്ചെടുക്കാന്‍ പശുവിനെ വീണ്ടും കളത്തിലിറക്കിയിരിക്കുകയാണ്. ആശ്ചര്യമെന്നു പറയട്ടെ പ്രധാനമന്ത്രിക്കസേരയിലിരിക്കുന്ന മോദി ഇന്നും മൗനംകൊണ്ടു മറകെട്ടിയിരിക്കുകയാണ്.
1980-കളില്‍ ഉത്തരേന്ത്യയില്‍ നടന്ന സവര്‍ണഫാസിസ്റ്റ് താണ്ഡവകാലത്തും മാംസത്തിന്റെ സാമുദായികധ്രുവീകരണ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. ഒര്‍നിക്ക് ശാന്തിയുടെ 'കമ്മ്യൂണലിസം, കാസ്റ്റ് ആന്റ് ഹിന്ദു നാഷനലിസം: ദ് വൈലന്‍സ് ഇന്‍ ഗുജറാത്ത് 'എന്ന പഠനത്തിലെ കണ്ടെത്തലനുസരിച്ച് 'മാംസഭുക്കുകളായ മുസ്‌ലിംകള്‍' എന്ന സംജ്ഞകൊണ്ട് മുസ്‌ലിംകള്‍ക്കെതിരേ ഹൈന്ദവബോധം ഏകീകരിക്കുന്നതില്‍ ഫാസിസ്റ്റുകള്‍ വിജയിച്ചിരുന്നു.
ഹിന്ദുത്വരാഷ്ട്രീയത്തോട് അകന്നുകഴിഞ്ഞിരുന്ന ഉത്തരേന്ത്യയിലെ 'വാല്‍മീറ്റി'പോലുള്ള ദലിത് സമൂഹങ്ങളും 'ജാതല' പോലുള്ള അധഃസ്ഥിതവിഭാഗക്കാരും സ്വന്തം കീഴാളത്തം വെടിഞ്ഞ് സവര്‍ണസാംസ്‌കാരികവൃത്തത്തിലേയ്ക്കു കടന്നുകൂടാനുള്ള ശ്രമമെന്ന നിലയില്‍ ആദ്യം ചെയ്തതു മാംസം ഉപേക്ഷിക്കലായിരുന്നു. ഗോമാംസവര്‍ജനം ആചാരമായും പൂര്‍ണമാംസവര്‍ജനം ആദര്‍ശമായും കൊണ്ടുനടന്ന സവര്‍ണഫാസിസ്റ്റ് രാഷ്ട്രീയത്തിലേക്ക് അധഃസ്ഥിതവിഭാഗക്കാര്‍ക്കു പ്രവേശനം നല്‍കലുമുണ്ടായി. ഇങ്ങനെ പ്രവേശനം കിട്ടിയ അവര്‍ണര്‍ പിന്നീട് ബി.ജെ.പിയുടെ 'വക്താക്കളും സംരക്ഷകരു'മായി മാറി.
'വിശുദ്ധമൃഗ'ത്തെ ആയുധമാക്കി സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിജയകരമായി പലപ്രാവശ്യം പലതരത്തില്‍ തമ്മിലടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. പൊതുവേ യുക്തിരഹിതമായ രാഷ്ട്രീയപ്രചാരണങ്ങള്‍ നിലംതൊടാത്ത കേരളത്തില്‍പോലും 'പോത്തിറച്ചി'യില്‍ തടഞ്ഞു നട്ടംതിരിയുകയാണ് രാഷ്ട്രീയവും നവമാധ്യമചര്‍ച്ചകളും. ആശയപരമായ തിരിച്ചടിയും മറിച്ചടിയും രൂപപ്പെടേണ്ട കലാലയങ്ങള്‍പോലും ഇറച്ചിയുടെ സാമുദായികരാഷ്ട്രീയത്താല്‍ മലിനമായിരിക്കുന്നു.
ഗോവന്ദനവും ഗോവധവും ഇസ്‌ലാമുമായി ബന്ധപ്പെട്ടവയല്ല. എന്നിട്ടും പതിവുപോലെ ഈ വിഷയവും ഇസ്‌ലാംവിമര്‍ശനത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. മാംസഭോജനവും മൃഗബലിയും സാമുദായികഭേദമില്ലാത്ത കാര്യമാണെങ്കിലും, ഇസ്‌ലാമിലെ മൃഗബലി, മുസ്‌ലിംകളുടെ ഇറച്ചിപ്രേമം തുടങ്ങിയവ ഉപ്പുംമുളകും ചേര്‍ത്ത ചര്‍ച്ചയായി.
ഇതുമായി ബന്ധപ്പെട്ട് സംഘ്പരിവാറിലെ 'യുക്തി'വാദികള്‍ നിരത്തിയ പ്രധാനവാദങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1, മനുഷ്യസ്വഭാവത്തെ അവര്‍ കഴിക്കുന്ന ഭക്ഷണം സ്വാധീനിക്കുമെന്നതിനാല്‍ മാംസാഹാരികള്‍ കഠിനഹൃദയരും ക്രൂരന്മാരുമായിരിക്കും. മുസ്‌ലിംകളില്‍ ഭീകരര്‍ വര്‍ധിക്കുന്നതിനു കാരണമിതാണ്.
2, ആരോഗ്യശാസ്ത്രപരമായി മാംസഭോജനം പി.എം.എസ് സിന്‍ഡ്രോമിനു കാരണമാകും.
3, ആത്മീയപരമായും മാംസം മാനവികമഹത്വം ക്ഷയിപ്പിക്കും. മനുഷ്യന്റെ ആന്തരികഗുണങ്ങളായ രജസിക്, തമസിക്, ശാര്‍ത്രിക് എന്നിവയില്‍ മാംസം മൃഗീയതൃഷ്ണയുണര്‍ത്തും. കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും അതുമൂലം വര്‍ധിക്കും.
സവര്‍ണഫാസിസ്റ്റുകള്‍ നിയന്ത്രിക്കുന്ന ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലുമെല്ലാം ഇത്തരം വാദങ്ങള്‍ സജീവമാണ്.
മതം, ഭൂമിശാസ്ത്രം, അഭിരുചി, ശാരീരികാരോഗ്യം, ശാസ്ത്രീയമാനങ്ങള്‍, പരിസ്ഥിതി, സാമ്പത്തികം എന്നിവ മനുഷ്യന്റെ ഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മറ്റെല്ലാറ്റിലുമെന്നപോലെ ഭക്ഷണത്തിലും മനുഷ്യര്‍ പരസ്പരം വിഭിന്നരാണ്. ഇസ്‌ലാമികവിശ്വാസ പ്രകാരം ഏറ്റവും കാരുണ്യവാനും സര്‍വജ്ഞനുമായ ആരോഗ്യശാസ്ത്രജ്ഞന്‍ അല്ലാഹുവാണ്. താന്‍ സൃഷ്ടിച്ച മനുഷ്യരുടെ പ്രകൃതം സ്രഷ്ടാവ് പറയുന്നു: 'സത്യവിശ്വാസികളേ... നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക. (പിന്നീട്) നിങ്ങള്‍ക്കു വിവരിച്ചു തരുന്നവയൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു'(ഖുര്‍ആന്‍ 5:1).
'കാലികളെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും(കമ്പിളി) മറ്റു പ്രയോജനങ്ങളും ഉണ്ട്. അവയില്‍നിന്നുതന്നെ നിങ്ങള്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു'(ഖുര്‍ആന്‍ 16:5).
'തീര്‍ച്ചയായും നിങ്ങള്‍ക്കു കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്. അവയുടെ ഉദരത്തില്‍നിന്നു നിങ്ങള്‍ക്കു ഞാന്‍ കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍നിന്നു നിങ്ങള്‍(മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.' (23:21)
ഈ വചനങ്ങളില്‍നിന്നു കന്നുകാലികളുടെ പ്രയോജനം പാല്, വെണ്ണ, മാംസം, തുകല്‍, കമ്പിളി തുടങ്ങി പലതുമുണ്ടെന്നു ബോധ്യമാകും.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."