വടകര-മാഹി കനാല്‍ പദ്ധതി പാതിവഴിയില്‍
എടച്ചേരി: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കളിയാംവെള്ളി-മാഹി കനാല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. നാലു വര്‍ഷം മുന്‍പ് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്നത്. 18 മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന കളിയാംവെള്ളി പുഴയാണ് 35 മീറ്റര്‍ വീതിയാക്കി മാറ്റിയത്. ഇരുകരകളിലുമുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയും അതിലുള്ള തെങ്ങുകളും ഈ ആവശ്യത്തിനായി നഷ്ടപ്പെട്ടിരുന്നു. കനാല്‍ കുഴിച്ച ഉപ്പ് കലര്‍ന്ന ചെളി മണ്ണ് ഇരുകരകളിലും ഇട്ടത് കാരണം അവശേഷിച്ച നിരവധി തെങ്ങുകള്‍ ഉണങ്ങിപ്പോവുകയും ചെയ്തു. വലിയൊരു വികസനം സ്വപ്നം കണ്ട നാട്ടുകാര്‍ തങ്ങളുടെ വിലപ്പെട്ട ഭൂമി ഇരുകരകളിലും റോഡ് നിര്‍മാണത്തിനു വേണ്ടിയും വിട്ടു നല്‍കി. കളിയാംവെള്ളി പാലം മുതല്‍ തുരുത്തി മുക്ക് വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് കനാലാക്കി മാറ്റുന്നത്. ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നാണ് ഉത്തരവാദപ്പെട്ടവര്‍ തുടക്കത്തില്‍ അറിയിച്ചത്. ജോലി തുടരവെ മഴ വന്ന് കനാലില്‍ വെള്ളം നിറഞ്ഞതോടെയാണ് ജോലി നിര്‍ത്തിവച്ചത്. എന്നാല്‍ മഴക്കാലം കഴിഞ്ഞിട്ടും കനാല്‍ ജോലി പുനരാരംഭിച്ചില്ല. കെ.പി ഉണ്ണികൃഷ്ണന്‍ വടകര എം.പി ആയിരുന്ന കാലത്ത് തന്നെ ഈ കനാല്‍ വികസനത്തെ കുറിച്ച് ആലോചിച്ചിരുന്നു. സാങ്കേതിക തടസങ്ങളാല്‍ നീണ്ടുപോയ പദ്ധതി ഒടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര മന്ത്രിയായിരിക്കെയാണ് വീണ്ടും നടപ്പിലാക്കാന്‍ ഉദ്ദേശിച്ചത്. ഇപ്പോള്‍ വടകര എം.പി മുല്ലപ്പള്ളിയുടെ വിഷന്‍-2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം തുടങ്ങിയത്.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള ഈ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 14 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. കണ്ണൂര്‍ ജില്ലയിലെ കെ.കെ ബില്‍ഡേഴ്‌സാണ് ഇതിന്റെ കരാര്‍ ഏറ്റെടുത്തത്. കളിയാംവെള്ളി പാലം മുതല്‍ ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇരുകരകളിലും കെട്ടി ഉയര്‍ത്തിയിട്ടുണ്ട്. ബാക്കി ജോലി തുടങ്ങുന്നതിനെ കുറിച്ച് അധികൃതരില്‍ നിന്നു വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം കനാല്‍ പണി പൂര്‍ത്തിയാക്കാത്ത പക്ഷം ഉപ്പുവെള്ളം കെട്ടിക്കിടന്ന് തങ്ങളുടെ വിളകള്‍ക്ക് വീണ്ടും നഷ്ടമുണ്ടാകുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു. നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കില്‍ കനാലിന്റെ ജോലി അടുത്ത കാലത്തൊന്നും പൂര്‍ത്തിയാകില്ല.
കന്നിനട മുതല്‍ തുരുത്തി മുക്ക് വരെയും അവിടെ നിന്ന് മാഹിപ്പുഴയിലേക്കും കണ്ടെയ്‌നര്‍ ഉള്‍പ്പെടെയുളള ജലവാഹനങ്ങള്‍ ഇതുവഴി ആരംഭിക്കുന്നതാണ് പദ്ധതി. അതോടെ ഇവിടം വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറും. വടകര- തൊട്ടില്‍പ്പാലം സംസ്ഥാനപാതയിലെ കളിയാംവെള്ളി പാലം ഈ ആവശ്യത്തിനായി 12 മീറ്ററോളം ഉയരം കൂട്ടി പുതുക്കിപ്പണിയേണ്ടതുമുണ്ട്. ഇത്രയും ബൃഹത്തായ ഒരു പദ്ധതി അനാവശ്യമായ കാലതാമസം വരുത്താതെ എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം കൈനാട്ടി മുതല്‍ നാദാപുരം വരെയുള്ള റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. റോഡ് വികസന എസ്റ്റിമേറ്റില്‍ വടകര-മാഹി കനാലിന് കുറുകെയുള്ള കളിയാംവെള്ളി പാലത്തിന്റെ ജോലി വരുന്നില്ല. പാലം ഉയര്‍ത്തി മാറ്റിപ്പണിയേണ്ടത് കനാല്‍ വികസനത്തിന്റെ ഭാഗമായിട്ടാണ്. കനാല്‍ വികസന ജോലി എത്രയും പെട്ടെന്ന് പുനരാരംഭിക്കുന്നില്ലെങ്കില്‍ 12 മീറ്ററില്‍ റോഡ് വികസനം പൂര്‍ത്തിയായാലും പാലം പഴയ പടിയില്‍ തന്നെ തുടരാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."