'ജീവന്‍ വേണമെങ്കില്‍ സംഘ് ശക്തികളുടെ നാട്ടില്‍ മൗനികളാവുക'- കവിത ലങ്കേഷ്
ബംഗളൂരു: 'അവളെ അവര്‍ക്ക് കൊന്നുകളയാനേ ആവൂ. അവളുടെ ശബ്ദം ഇവിടെത്തന്നെയുണ്ടാവും. അവള്‍ പകര്‍ന്നു വെച്ച ആശയങ്ങളും. ഒന്നും ആര്‍ക്കും മായ്ച്ചു കളയാനാവില്ല'- ഹിന്ദു ഭീകരര്‍ കൊന്നു കളഞ്ഞ ഗൗരിലങ്കേഷിന്റെ ഓര്‍മകള്‍ പങ്കുവെച്ച് സഹോദരി കവിത ലങ്കേഷ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ തന്റെ ഓര്‍മകള്‍ പങ്കുവെച്ചത്.
യാതൊരു മുന്‍വൈരാഗ്യവുമില്ലാതെ, ഹിന്ദുത്വത്തിന്റെ പേരും പറഞ്ഞ് ഒരാളെ കൊല്ലുക. ഞെട്ടിക്കുന്നതാണത്. അതാണിവിടെ സംഭവിച്ചത്. ഗൗരിയെ കൊലപ്പെടുത്തിയവര്‍ക്ക് അവളൊരു മാധ്യമപ്രവര്‍ത്തകയാണെന്നു പോലും അറിയില്ലായിരുന്നു. ഗൗരിയുടെ പ്രസംഗത്തിന്റെ ക്ലിപ്പ് അവര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. അതില്‍ അവള്‍ മുസ്‌ലിം ദലിത് ഐക്യത്തെ കുറിച്ചാണ് സംസാരിച്ചിരുന്നത്. ഇതവര്‍ക്ക് ദഹിച്ചില്ല. അത്രമേല്‍ വിഷം അതിന് മുമ്പ് അവരുടെ ഉള്ളില്‍ കുത്തി നിറച്ചിരുന്നു- കവിത ലങ്കേഷ് പറഞ്ഞു.
സനാതന്‍ സമസ്ത , ജനജാഗ്രത സമിതി തുടങ്ങിയ പേരുകളൊന്നും ഇതിന് മുമ്പ് കേട്ടിട്ടു പോലുമില്ല. ഇതിലുള്ളവരൊക്കെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ്. ഈ കൊലപാതകങ്ങളൊക്കെ ദേശസ്‌നേഹമാണെന്നാണ് അവരെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ അവര്‍ ഹിന്ദുക്കളെ രക്ഷിക്കുകയാണെന്നും അവരെ ധരിപ്പിച്ചിരുന്നു-അവര്‍ ചൂണ്ടിക്കാട്ടി.
വര്‍ഗീയവാദികളുടെ ഭീഷണിയെ കുറിച്ച് ഗൗരി ബോധവതിയായിരുന്നുവെന്ന് അവര്‍ ഓര്‍ത്തെടുക്കുന്നു. അവളെപ്പോഴും രാഷ്ട്രീയം പറയും. മിണ്ടാതിരിക്കാന്‍ ഞങ്ങളും(ചിരിക്കുന്നു). എന്നാല്‍ അതിത്രത്തോളം അപകടകാരിയാണെന്ന് ഞങ്ങല്‍ക്ക് അറിയുമായിരുന്നില്ല. അവളൊരു മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്നു. എന്തിനാണെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ ലങ്കേഷിന്റെ മക്കളാണ്. തന്റെ തൂലികകള്‍ ചലിപ്പിച്ച് ഒരു ഭരണകൂടത്തെ താഴെയിറക്കിയ ആളാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന് ശത്രുക്കള്‍ ഉണ്ടായിരുന്നില്ല. ഭീഷണികളും. എന്നാല്‍ ഇപ്പോള്‍ എന്റെ മക്കളും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയകളില്‍ ഒന്നിനെ കുറിച്ചും പ്രതികരിക്കരുതെന്ന് എന്നോട് പറയും. ആരെങ്കിലും സംഘ്ശക്തികള്‍ക്കെതിരെ ശബ്ദിച്ചാല്‍ അവര്‍ ദേശദ്രോഹികളാവും. അതേസമയം ചിലര്‍ വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും യാതൊരു ഭയപ്പാടുമില്ലാതെ നടത്തുന്നു. പ്രഗ്യാസിങ്ങിനെ പോലുള്ളവര്‍ക്ക് എന്താണ് ഇതുവരെ സംഭവിച്ചത്- അവര്‍ ചോദിച്ചു.
നക്‌സലുകളോട് മുഖ്യധാരയില്‍ വന്നു നിന്ന് ആയുധമില്ലാതെ പോരാടാന്‍ അവള്‍ പറയാറുണ്ടായിരുന്നു. ആളുകള്‍ കരുതുന്നത് നക്‌സലിസം ഭീകരവാദമാണെന്നാണ്. അവളെ അവര്‍ നക്‌സലുകളെ പിന്തുണക്കുന്നവളെന്ന് പറഞ്ഞു. എന്താണ് നക്‌സലിസം. അവരുടെ അവകാശങ്ങള്‍ക്ക്, സമത്വത്തിനും വേണ്ടിയാണ് അവര്‍ യഥാര്‍ത്ഥത്തില്‍ പോരാടുന്നത്- കവിത ചൂണ്ടിക്കാട്ടി.
ഹിന്ദു ഭീകരതയാണ് ഗൗരിയെ കൊന്നത്. രാഷ്ട്രീയക്കാര്‍ ഈ വെറുപ്പിനെ നമ്മുടെ ജീവിതത്തില്‍ കൊണ്ടു വന്നു. കൊലപാതകികളോട് ദേഷ്യമുണ്ട്. അതോടൊപ്പം സഹതാപവും. അവര്‍ തെറ്റായ വഴിയില്‍ നയിക്കപ്പെടുകയാണ്- കവിത കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."