മന്ത്രിയുടെ ഭീഷണിക്ക് പുല്ലുവില; ബാബുല്‍ സുപ്രിയോയുടെ ഭീഷണിയും തെറിയും മറ്റൊരു വാര്‍ത്തയാക്കി ടെലിഗ്രാഫ്
ന്യൂഡല്‍ഹി: തന്നെക്കുറിച്ച് നല്‍കിയ വാര്‍ത്ത പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടുള്ള കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയുടെ ഭീഷണി കാറ്റില്‍ പറത്തി ടെലിഗ്രാഫ്. ഭീഷണിക്ക് വഴങ്ങിയില്ലെന്നു മാത്രമല്ല മന്ത്രിയുടെ തെറിവിളി മറ്റൊരു വാര്‍ത്തയാക്കുകയും ചെയ്തു.
ടെലിഗ്രാഫിന്റെ മലയാളി എഡിറ്റര്‍ രാജഗോപാലിനെയാണ് മന്ത്രി ഭീഷണിപ്പെടുത്തിയത്.
പശ്ചിമബംഗാളിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളുമായുള്ള സംഘര്‍ഷത്തിനിടയ്ക്ക് വിദ്യാര്‍ഥിയുടെ കഴുത്തിന് പിടിച്ച ചിത്രം മുന്‍പേജില്‍ കൊടുത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. തന്നെക്കുറിച്ച് തെറ്റായി നല്‍കിയ വാര്‍ത്ത പിന്‍വലിക്കാനും ക്ഷമാപണം നടത്താനുമായിരുന്നു മന്ത്രിയുടെ ആവശ്യം. എന്നാല്‍ വാര്‍ത്ത നല്‍കിയിട്ടില്ലെന്നും ചിത്രം മാത്രമാണ് നല്‍കിയതെന്നും മാപ്പു പറയില്ലെ ന്നും രാജഗോപാല്‍ മറുപടി പറഞ്ഞു.
ഇത് കേട്ട സുപ്രിയോ താന്‍ കേന്ദ്രമന്ത്രിയാണെന്ന കാര്യം താന്‍ ഓര്‍ക്കണമെന്ന് രാജഗോപാലിനെ ഭീഷണിപ്പെടുത്തി. താങ്കള്‍ കേന്ദ്രമന്ത്രിയാണെങ്കില്‍ ഞാന്‍ ഇന്ത്യന്‍ പൗരനാണ്- രാജഗോപാല്‍ തിരിച്ചടിച്ചു. പിന്നീട് വളരെ മോശമായ തെറിയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതോടെ രാജഗോപാല്‍ ഫോണ്‍ കട്ട് ചെയ്തു.
ഒരു സര്‍ക്കാര്‍ പ്രതിനിധി തന്റെ അധികാരം ഉപയോഗിക്കുന്നത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതെന്നും ടെലിഗ്രാഫ് വിശദമാക്കുന്നുണ്ട്.
ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബാബുല്‍ സുപ്രിയോയെ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി ഉണ്ടായ തര്‍ക്കം കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."