കാലാവസ്ഥ: ആഗോള സമരം പ്രതീക്ഷാനിര്‍ഭരം
കാലാവസ്ഥ വ്യതിയാനമെന്ന പ്രതിസന്ധി ദിനംപ്രതി രൂക്ഷമായിട്ടും ഇതിനെ തടയിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ലോക രാജ്യങ്ങള്‍ കാര്യക്ഷമമായ രീതിയില്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇതില്‍ മനംമടുത്ത് കഴിഞ്ഞ വെള്ളിയാഴ്ച 163 രാജ്യങ്ങളില്‍ നടന്ന പ്രതിഷേധ സമരം പുതിയൊരു വീണ്ടെടുപ്പിന്റെ പ്രതീക്ഷകളാണ് നല്‍കുന്നത്. ഇന്നലെ ആരംഭിച്ച യു.എന്‍ കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കാലാവസ്ഥ വ്യതിയാനങ്ങളില്‍ ലോകരാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാടിനെതിരേ പ്രതിഷേധമുണ്ടായത്. സ്വീഡിഷ് വിദ്യാര്‍ഥിനിയായ 16 കാരി ഗ്രേറ്റതന്‍ബര്‍ഗ് തുടക്കമിട്ട പ്രക്ഷോഭത്തിനു രാജ്യാന്തരശ്രദ്ധ ലഭിക്കുകയായിരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കു പുറമെ മുതിര്‍ന്നവരും സമരം ഏറ്റെടുത്തു. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഗോള പോരാട്ടത്തിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ഒന്‍പതാം ക്ലാസുകാരിയായ ഗ്രേറ്റതന്‍ബര്‍ഗ്.
'ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍' എന്ന മുദ്രാവാക്യവുമായി സ്‌കൂള്‍ കുട്ടികളെ സംഘടിപ്പിച്ച് എല്ലാ വെള്ളിയാഴ്ചകളിലും നടത്തിപ്പോന്ന സമരത്തിനു കഴിഞ്ഞ വര്‍ഷമാണ് ഗ്രേറ്റ തുടക്കമിട്ടത്. കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കുന്നതിനു ഭരണകൂടത്തെ നിര്‍ബന്ധിക്കുക എന്നതായിരുന്നു സമരത്തിന്റെ ലക്ഷ്യം. പ്രവചനാതീതമായ കാലാവസ്ഥ പ്രതിസന്ധിയേയാണ് ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും ചൂടേറിയ അഞ്ചു വര്‍ഷമാണ് കടന്നുപോവുന്നത്. 2015നും 2019നുമിടക്ക് അന്തരീക്ഷ താപനില മുന്‍ വര്‍ഷങ്ങളെയെല്ലാം മറികടക്കുന്നതായിരുന്നു. വ്യാവസായിക കാലഘട്ടത്തിനു മുന്‍പുള്ള (1850 - 1900) വര്‍ഷങ്ങളെക്കാള്‍ 1.1 ഡിഗ്രിയും 2011 - 2015 കാലത്തേക്കാള്‍ 0.2 ഡിഗ്രിയും ചൂട് കൂടിയിട്ടുണ്ടെന്നാണ് ഐക്യരാഷട്രസംഘടനയുടെ കാലാവസ്ഥ വ്യതിയാന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉത്തരധ്രുവത്തിലെ മഞ്ഞുരുകുന്നതു തന്നെയാണ് കാലാവസ്ഥ വ്യതിയാനങ്ങളുടെ അടിസ്ഥാന കാരണം. ഇതാകട്ടെ വികസിത രാജ്യങ്ങള്‍ അനിയന്ത്രിതമായി വ്യവസായ ശാലകളില്‍ നിന്നും ഹരിതഗൃഹവാതകങ്ങള്‍ പുറത്തു വിടുന്നതിനാലുമാണ്. ഇന്നലെ ആരംഭിച്ച യു.എന്‍ കാലാവസ്ഥ ഉച്ചകോടിക്കു മുന്നോടിയായാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്. ഈയൊരു പശ്ചാതലത്തില്‍ കാലാവസ്ഥ വ്യതിയാനത്തിനെതിരേ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഉദാസീനത പുലര്‍ത്തുന്ന ലോകരാഷ്ട്രങ്ങള്‍ ഭൂമിയുടെ നിലനില്‍പിനെയാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്.
ഭരണാധികാരികളുടെ ശ്രദ്ധ ഗുരുതരമായ ഈ വിഷയത്തിലേക്ക് കൊണ്ടുവരുന്നതിന് ആഗോള അടിസ്ഥാനത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് കാരണമായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച ന്യൂഡല്‍ഹിയിലെ ലോധിഗാര്‍ഡനില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ കുറച്ചു പേരാണ് ആദ്യത്തില്‍ പങ്കെടുത്തതെങ്കിലും പിന്നീടത് വന്‍ റാലിയായി മാറുകയായിരുന്നു. ഫിലിപ്പൈന്‍സിലെ വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ലണ്ടനിലെ പ്രതിഷേധ സമരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ആസ്‌ത്രേലിയയിലെ 110 നരഗങ്ങളിലാണ് മാര്‍ച്ച് നടന്നത്. ഇവിടെ മൂന്ന് ലക്ഷത്തിലധികം സ്‌കൂള്‍ കുട്ടികള്‍ സമരത്തിന്റെ ഭാഗമായി. കൂടാതെ രക്ഷിതാക്കളും ആക്ടിവിസ്റ്റുകളും ഇവര്‍ക്കൊപ്പം കൂടി. കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാന്‍ സര്‍ക്കാരുകളുടെ നടപടികള്‍ ആവശ്യപ്പെട്ട് ലോകത്താകെനാല്‍പത് ലക്ഷം ജനങ്ങള്‍ തെരുവിലിറങ്ങി. ഇതില്‍നിന്നു തന്നെ ജനങ്ങള്‍ കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് ബോധവാന്‍മാരായിരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഇതൊരു തുടക്കം മാത്രമാണെന്നും സമരം ഇനിയും ശക്തിപ്പെടുത്തുമെന്നാണ് സമരത്തിന്റെ മുഖമായി മാറിയ ഗ്രേറ്റതെന്‍ബര്‍ഗ് പറയുന്നത്.
രണ്ട് വര്‍ഷമായി കേരളത്തിലുണ്ടായ പ്രളയവും ഉരുള്‍പൊട്ടലുകളും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണ്. ഭൂമിയെ ചൂഷണം ചെയ്തതിലൂടെയാണ് ഇതു സംഭവിച്ചത്. പ്രകൃതിക്കു അതിന്റേതായ ചിട്ടകളുണ്ട്. അതിനെ തകര്‍ത്ത് മനുഷ്യ സൗകര്യത്തിനായി പ്രകൃതിയെ മാറ്റിപ്പണിയുന്നതിലൂടെയാണ് കാലാവസ്ഥ വ്യതിയാനങ്ങളും തുടര്‍ന്നുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും സംഭവിക്കുന്നത്. നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനിടയില്‍ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് മനുഷ്യര്‍. തുടര്‍ച്ചയായ കൊടുങ്കാറ്റുകളും പേമാരിയും ഉണ്ടാവുക, തണുപ്പുകാലത്ത് തണുപ്പ് അനുഭവപ്പെടാതിരിക്കുക, പക്ഷികളും സസ്യലതാധികളും അപ്രത്യക്ഷമാവുക തുടങ്ങിയവ അരുതായ്മകളെ തുടര്‍ന്നുള്ള പരിണിത ഫലങ്ങളാണ്.
ഹരിതഗൃഹവാതകങ്ങളുടെ അളവിലുണ്ടായ മാറ്റമാണ് ഇന്നു കാണുന്ന കാലാവസ്ഥ വ്യതിയാന പ്രതിഭാസത്തിന്റെ മുഖ്യ കാരണം. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കാലാവസ്ഥ വ്യതിയാനങ്ങള്‍ കൊണ്ടുണ്ടാവുന്ന നാശനഷ്ടങ്ങള്‍ രൂക്ഷമാവുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെയും(ഡബ്ല്യൂ.എം.ഒ) സംയുക്ത സംരംഭമായ ഐ.പി.സി.സിയുടെ വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രകൃതി ദുരന്തങ്ങളുടെ ആഗോളവല്‍ക്കരണം സമാഗതമായി എന്ന തിരിച്ചറിവില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരേ നടപടി എടുക്കുവാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കുന്ന സമരത്തിനിറങ്ങിയത് പ്രതീക്ഷാനിര്‍ഭരമാണ്. ലോകം ഇന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആഗോള ജനകീയ പ്രതിഷേധ സമരത്തിന് അതിന്റേതായ ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."