വാഴയൂര്‍ പുതുക്കോട് ആക്രമണം; പ്രതികളെന്ന് സംശയിക്കുന്നവരുടെ വീട്ടില്‍ പരിശോധന
കൊണ്ടോട്ടി: വാഴയൂര്‍ പഞ്ചായത്തിലെ പുതുക്കോട് സി.പി.എം. ബ്രാഞ്ച് ഓഫിസിനും വീടുകള്‍ക്കും നേരെയുമുണ്ടായ അക്രമത്തിലെ പ്രതികളെ പിടികൂടാന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പൊലിസ് ഒന്നിലേറെ തവണ പരിശോധന നടത്തി. ആരെയും പിടികൂടാനായില്ല.
ചൊവ്വാഴ്ച രാത്രി സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് തീയിടുകയും മൂന്ന് വീടുകള്‍ക്ക് നേരെ അക്രമണമുണ്ടാവുകയും ചെയ്തു. രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. പാര്‍ട്ടി ഓഫിസിന് തീയിട്ടതും രണ്ടുവീടുകള്‍ അക്രമിച്ചതുമുള്‍പ്പെടെ മൂന്ന് കേസുകളാണ് വാഴക്കാട് പൊലിസ് എടുത്തത്. പതിനഞ്ചോളം പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തത്. പരാതിയില്‍ പരാമര്‍ശിച്ചവരും സംശയമുള്ളവരുമെല്ലാം നാട്ടില്‍ നിന്ന് മുങ്ങിയതായാണ് സൂചന.
പ്രദേശത്ത് കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രുതകര്‍മസേന, എം.എസ്.പി, എ.ആര്‍ ക്യാംപ് എന്നിവിടങ്ങളില്‍ നിന്നുള്ള 70 പൊലിസുകാരെ സ്ഥലത്ത് വിന്യസിച്ചതായി സി.ഐ. എം. മുഹമ്മദ് ഹനീഫ പറഞ്ഞു.
കാരാട് അടക്കം അഞ്ചിടങ്ങളില്‍ പിക്കറ്റ് ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. സംശയം തോന്നുന്ന ആളുകളെയും വാഹനങ്ങളെയും പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.അക്രമത്തിനു പിന്നിലെ പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പോലീസ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."