ദേശീയ പൗരത്വ രജിസ്റ്റര്‍: ഗൂര്‍ഖാ സമുദായം പ്രക്ഷോഭത്തില്‍
ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 60,000നും ഒരു ലക്ഷത്തിനും ഇടയില്‍ ഗൂര്‍ഖ വിഭാഗക്കാര്‍ പുറത്ത് പോയത് അസമിലുള്‍പ്പടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗൂര്‍ഖാ സമുദായക്കാരുടെ ശക്തമായ പ്രക്ഷോഭത്തിന് ഇടയാക്കുന്നു.
പശ്ചിമ നേപ്പാളിലെ പുരാതന സാമ്രാജ്യത്തിലുണ്ടായിരുന്ന സമുദായമാണ് ഗൂര്‍ഖകള്‍. ഇവരെ തൊഴിലിനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നത് ബ്രിട്ടീഷ് അധിനിവേശക്കാലത്തായിരുന്നു.
ഇവരില്‍ പലരും ബ്രിട്ടീഷ് സൈന്യത്തിലും ജോലി നോക്കി. ഇന്ത്യയിലുണ്ടായിരുന്ന ഇവരുടെ പിന്നീടുള്ള തലമുറയെ വിദേശികളായി കണക്കാക്കാനാകില്ല. അതുകൊണ്ടുതന്നെ പൗരത്വം തെളിയിക്കാന്‍ അസമിലുള്ള വിദേശ ട്രൈബ്യൂണലുകളെ ആശ്രയിക്കില്ലെന്ന് ഭാരതീയ ഗൂര്‍ഖാ പരിസംഘ്(ബി.ജി.പി) അധ്യക്ഷന്‍ സുഖ്മാന്‍ മൊക്താന് പറഞ്ഞു.
ഗൂര്‍ഖാ സമുദായക്കാരെമാത്രമല്ല ഇന്ത്യക്കാരെ എല്ലാവരേയും അവഹേളിക്കാനാണ് അസം-കേന്ദ്ര സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.
ഇതുവരെ, ഗൂര്‍ഖകളെ ഒഴിവാക്കുന്നതിനുള്ള തീരുമാനം ഇനിയും എടുത്തിട്ടില്ലെന്ന് പറയുമ്പോഴും തങ്ങളുടെ ആവശ്യത്തെ നിരാകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഉപാധികളില്ലാതെ ഗൂര്‍ഖകളെ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി ഗൂര്‍ഖ ഗ്രൂപ്പുകള്‍ പ്രതിഷേധം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."