12 ഇന്ത്യന്‍ താരങ്ങള്‍ എന്‍.ബി.എ എലൈറ്റ് ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
നാഗ്പൂര്‍: അമേരിക്കയിലെ പ്രൊഫഷന് ബാസ്കറ്റ്ബോള്‍ ലീഗായ നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന് (എന്‍.ബി.എ) നടത്തുന്ന എലൈറ്റ് പരിശീലന ക്യാംപിലേക്ക് 12 ഇന്ത്യന്‍ താരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. നാളെ മുതല്‍ ഈ മാസം 21 വരെ ചൈനയിലെ ഹാങ്ഷുവിലാണ് പരിശീലന ക്യാംപ് നടക്കുന്നത്.
ജഗ്ഷന്ബിര് സിങ്, എം ഷണ്മുഗം, മനോജ് സിസോദിയ, പാര്‍ത് ശര്‍മ, പ്രശാന്ത് റാവത്, പ്രഷിത് പവാര്‍, റിയാന്‍ഷു നെഗി, റോബിന് ബാനര്‍ജി, സെജിന്‍ മാത്യു, സൂരജ് പതക്, വിവേക് ചൗഹാന്, പ്രിന്സെപല് സിങ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യ, ചൈന, ആസ്ത്രേലിയ, കൊറിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 73 സ്കൂള്‍ വിദ്യാര്‍ഥികളേയാണ് ക്യാംപിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. എന്‍.ബി.എയിലെ പ്രമുഖ താരങ്ങളും പരിശീലകരുമാണ് ക്യാംപ് നയിക്കുന്നത്. ഇന്ത്യയിലെ എന്‍.ബി.എ അക്കാദമിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 21 പേരില്‍ നിന്നാണ് 12 പേര്‍ക്ക് ചൈനയിലെ ക്യാംപിലേക്ക് സെലക്ഷന് ലഭിച്ചത്.
പ്രകടനം മെച്ചപ്പെടുത്തുക, മൈതാനത്തെ ചലനങ്ങള്‍, ആരോഗ്യം, ആശയ വിനിമയം, നേതൃത്വം തുടങ്ങി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ക്യാംപിന്റെ ഭാഗമായി നടക്കും. നിലവില്‍ എന്‍.ബി.എയില്‍ കളിക്കുന്ന ഗെരത് ടെംപിള്‍, മാലിക് ബിയെസ്ലി, ആന്‍ഡ്രു നിക്കോളന്‍ എന്നീ താരങ്ങളും എന്‍.ബി.എ സഹ പരിശീലകരായ റ്യാന്‍ ബോവെന്‍, ചാള്‍സ് ക്ലാസ്ക്, ബോബ് ത്രോന്ടന് എന്നിവരാണ് ക്യാംപില്‍ താരങ്ങള്‍ക്ക് ക്ലാസുകളെടുക്കുന്നതും പരിശീലനം നല്‍കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."