ക്ഷേത്രപ്രവേശന വിളംബരം: 82-ാം വാര്‍ഷികാഘോഷം 10 മുതല്‍ 12വരെ
തൃശൂര്‍ : ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷം നവംബര്‍ 10 മുതല്‍ 12വരെ വിവിധ പരിപാടികളോടെ കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ നടക്കും. 'തമസോമ ജ്യോതിര്‍ഗമയ - ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്' എന്ന ശീര്‍ഷകത്തില്‍ പ്രഭാഷണം, ചരിത്ര-ചിത്രപ്രദര്‍ശനം, സെമിനാര്‍, ഡോക്യൂമെന്ററി പ്രദര്‍ശനം, കലാപരിപാടികള്‍, വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം 10ന് വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാവും. ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ചരിത്ര-ചിത്രപ്രദര്‍ശനം പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എം.പിമാരായ സി.എന്‍ ജയദേവന്‍, ഡോ. പി.കെ ബിജു, ഇന്നസെന്റ്, എം.എല്‍.എമാരായ ബി.ഡി ദേവസി, കെ.വി അബ്ദുല്‍ ഖാദര്‍, മുരളി പെരുനെല്ലി, ഗീതഗോപി, അഡ്വ. കെ രാജന്‍, പ്രൊഫ. കെ.യു അരുണന്‍, ഇ.ടി ടൈസണ്‍മാസ്റ്റര്‍, അനില്‍ അക്കര, അഡ്വ. വി.ആര്‍ സുനില്‍കുമാര്‍, യു.ആര്‍ പ്രദീപ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ്, ജില്ലാകലക്ടര്‍ ടി.വി അനുപമ, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ നാരായണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. മേയര്‍ അജിത ജയരാജന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.ആര്‍ സന്തോഷ് നന്ദിയും പറയും. 4.30ന് 'ആചാരകേരളത്തില്‍ നിന്ന് ആധുനിക കേരളത്തിലേക്ക്' എന്ന വിഷയത്തില്‍ സര്‍വവിജ്ഞാനകോശം മുന്‍ അസി. എഡിറ്റര്‍ ജെ. രഘു മുഖ്യപ്രഭാഷണം നടത്തും. കേരള സര്‍വകലാശാല അസി. പ്രൊഫ. ഡോ. എം.സിദ്ദീഖ് പങ്കെടുക്കും. തുടര്‍ന്ന് 6.30 ന് തൃശൂര്‍ ജനനയനയുടെ നാടന്‍ കലാപരിപാടി അരങ്ങേറും. 11 ന് വൈകീട്ട് 4.30 ന് നവോത്ഥാനം മനസ്സിലാക്കപ്പെടേണ്ട വിധങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കും. മേരിതോമസ് അധ്യക്ഷത വഹിക്കും. സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തും. കെ.ഇ.എന്‍ പങ്കെടുക്കും. സാഹിത്യഅക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തും. 6.30 ന് കാവ്യാലാപന സംഘത്തിന്റെ പുരോഗമന കവിതകളുടെ ചൊല്‍ക്കാഴ്ച അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."